രണ്ട് ദിനം മഴ കളിച്ച ഐപിഎല്‍ 2023 ഫൈനലില്‍ ഒടുവില്‍ എം എസ് ധോണിയും ചെന്നൈ സൂപ്പർ കിംഗ്സും അഞ്ചാം കിരീടമുയർത്തി.
മഴ കാരണം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്കെ ഇന്നിംഗ്സിലെ അവസാന പന്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു.
Sai sudharsan brilliant knocks #CSKvGT #IPL2023Final #MSDhoni𓃵 #CSKvGT #IPL2023 #IPL2023Finals pic.twitter.com/KpAaP2uTjE
— Malayali speaks (@malayalispeaks1) May 30, 2023
സിഎസ്കെയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ എത്തിയ കനത്ത മഴയും കാറ്റും മത്സരം തടസപ്പെടുത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഹമ്മദ് ഷമിയുടെ മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്.
ഈസമയം നാല് റണ്‍സുമായി റുതുരാജ് ഗെയ്‌ക്‌വാദും അക്കൗണ്ട് തുറക്കാതെ ദേവോണ്‍ കോണ്‍വേയുമായിരുന്നു ക്രീസില്‍. ഔട്ട്ഫീൽഡ് പലയിടവും മഴയില്‍ മുങ്ങിയതിനാല്‍ മത്സരം പുനരാരംഭിക്കാന്‍ വൈകി. ഇതോടെ ഏറെ നേരം നഷ്ടമായതിനാല്‍ മത്സരം 15 ഓവറായി ചുരുക്കി. വിജയലക്ഷ്യം 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ടു.
കളി വീണ്ടും തുടങ്ങിയപ്പോള്‍ 87 പന്തില്‍ 167 റണ്‍സാണ് സിഎസ്കെയ്ക്ക് വേണ്ടിയിരുന്നത്. റുതുരാജും കോണ്‍വേയും തകർത്തടിച്ചതോടെ ചെന്നൈ നാലോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52ലെത്തി. ആറ് ഓവറില്‍ സ്കോർ- 72. തൊട്ടടുത്ത ഓവറില്‍ ഇരട്ട വിക്കറ്റുമായി സ്പിന്നർ നൂർ അഹമ്മദ് ട്വിസ്റ്റൊരുക്കി. 16 പന്തില്‍ 26 നേടിയ റുതുരാജിനെ റാഷിദ് ഖാന്‍റെയും 25 ബോളില്‍ 47 നേടിയ കോണ്‍വേയെ മോഹിത് ശർമ്മയുടെ കൈകളില്‍ എത്തിച്ചു. 10-ാം ഓവറിലെ ആദ്യ പന്തില്‍ സിഎസ്കെ 100 തൊട്ടപ്പോള്‍ മികച്ച ഷോട്ടുകളുമായി മുന്നേറവേ അജിങ്ക്യ രഹാനെയ്ക്ക്(13 പന്തില്‍ 27) 11-ാം ഓവറില്‍ മോഹിത് ശർമ്മ മടക്ക ടിക്കറ്റ് കൊടുത്തു. അവസാന മൂന്ന് ഓവറിലെ 38 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മോഹിത് ശർമ്മയെ തൂക്കിയടിച്ച് അമ്പാട്ടി റായുഡു സിഎസ്കെയെ മോഹിപ്പിച്ചു.
എന്നാല്‍ വീണ്ടും ആഞ്ഞടിക്കവേ അമ്പാട്ടി റായുഡു(8 പന്തില്‍ 19) മോഹിത്തിന് മുന്നില്‍ മടങ്ങി. തൊട്ടടുത്ത പന്തില്‍ എം എസ് ധോണി ഗോള്‍ഡന്‍ ഡക്കായി. തന്‍റെ 250-ാം ഐപിഎല്‍ മത്സരവും 2023 ഫൈനലും ബാറ്റിംഗില്‍ അങ്ങനെ ധോണിക്ക് സമ്പൂർണ നിരാശയായി. മോഹിത് ശർമ്മ വീണ്ടും പന്തെടുത്തപ്പോള്‍ അവസാന ഓവറില്‍ ദുബെയും രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കേ സിഎസ്കെയ്ക്ക് 13 റണ്‍സാണ് വേണ്ടിയിരുന്നത്. അവസാന പന്തില്‍ ഫോറോടെ ജഡേജ സിഎസ്കെയ്‍ക്ക് അഞ്ചാം കിരീടം സമ്മാനിച്ചു.
Last over thriller #CSKvsGT #IPL2023Final #RavindraJadeja #IPL2023 #IPL2023Final #RavindraJadeja #IPL2023Finals #MSDhoni #MSDhoni𓃵 pic.twitter.com/tLQN5QtJHB
— Malayali speaks (@malayalispeaks1) May 30, 2023