മൂന്ന് കുടുംബങ്ങളടക്കം 35ഓളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. പല ആളുകളും ബോട്ടിന്റെ പല ഭാഗത്തേക്കും നടന്നിരുന്നു. ഇതോടെയാണ് ബാലന്‍സ് തെറ്റിയത്. ആദ്യം ഒരു വശത്തേക്കാണ് ബോട്ട് മറിഞ്ഞത്. തുടര്‍ന്ന് വെള്ളത്തിലേക്ക് മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്നവര്‍ പലരും ലൈഫ് ജാക്കറ്റ് ഇട്ടിരുന്നില്ലെന്നും രക്ഷപ്പെട്ടയാള്‍ വ്യക്തമാക്കി.
അല്‍പസമയം മുമ്പായിരുന്നു താനൂർ ഒട്ടുംപുറം ബീച്ചില്‍ വിനോദ യാത്രാ ബോട്ട് മുങ്ങി അപകടമുണ്ടായത്. ആറ് കുട്ടികള്‍ ഉള്‍പ്പടെ 15 പേരാണ് ഇതുവരെ മരിച്ചത്. ഏഴുപേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.പരുക്കേറ്റവരെ പരപ്പനങ്ങാടി, താനൂര്‍, തിരൂർ ആശുപത്രികളിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.