ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'മോഖ' ചുഴലിക്കാറ്റ് കരതൊട്ടു. ഇതിന്റെ ഫലമായി ബംഗ്ലാദേശിലും മ്യന്മറിലും കനത്ത മഴയാണ് പെയ്യുന്നത്.
ചുഴലിക്കാറ്റ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗം വരെ ശക്തി പ്രാപിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ബംഗ്ലാദേശിലെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് വെള്ളത്തിനടിയിലാകുമെന്നും റിപ്പോര്‍ട്ടുണ്ട്. മ്യാന്‍മറിലും ബംഗ്ലാദേശിലുമായി ആയിരക്കണക്കിന് പേരെയാണ് ഒഴിപ്പിച്ചത്. ബംഗ്ലാദേശില്‍ മാത്രം അഞ്ച് ലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് അധികൃതര്‍ കരുതുന്നത്. നാലായിരത്തിലധികം സുരക്ഷാ ക്യാമ്ബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂര്‍, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ എട്ട് സംഘങ്ങള്‍ പശ്ചിമബംഗാളിലെ ദിഘയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ക്യാംപ് സ്ഥിതി ചെയ്യുന്ന കോക്സ് ബസാര്‍ ജില്ലയിലടക്കം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
Communication tower collapsed at #sittwe #myanmar #Cyclone #Mocha #Mocha_cyclone #CycloneAlert pic.twitter.com/62l8NS7UJM
അതേസമയം, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.