അമ്പലവയൽ ∙ മരക്കൊമ്പുകൾ നീക്കം ചെയ്യാൻ ജീപ്പിനു മുകളിൽ തോട്ടിയുമായി പോയ കെഎസ്ഇബിക്കും പണികൊടുത്ത് എഐ ക്യാമറ.
അമ്പലവയൽ കെഇഎസ്ബിയിലെ ജീപ്പിനാണ് മോട്ടർ വാഹനവകുപ്പ് 20,500 രൂപ പിഴയിട്ടത്. വൈദ്യുതി ലൈനിനോടു ചേർന്നു പോകുന്ന അപകടസാധ്യതയുള്ള മരക്കൊമ്പുകൾ നീക്കം ചെയ്യുന്ന തോട്ടിയുൾപ്പെടെയുള്ള സാധാനങ്ങളുമായി പോകുന്ന ജീപ്പാണ് അമ്പലവയല്‍ ടൗണിലെ എഐ ക്യാമറയിൽ കുടുങ്ങിയത്.
വാഹനത്തിനു മുകളിൽ തോട്ടി കയറ്റിയതിന് 20,000 രൂപയും വാഹനം ഓടിച്ചിരുന്ന ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാത്തതിന് 500 രൂപയുമാണു പിഴ ഇൗടാക്കിയത്.
കെഎസ്ഇബിക്കായി കരാർ അടിസ്ഥാനത്തിൽ ഒാടുന്ന വാഹനത്തിനാണ് പിഴ. പിന്നീട് കെഎസ്ഇബി മോട്ടർ വാഹനവകുപ്പ് അധികൃതരുമായി സംസാരിച്ച്, സാധനങ്ങൾ കൊണ്ടു പോയതിനുള്ള 20,000 രൂപ പിഴ ഒഴിവാക്കി. എന്നാൽ, സീറ്റ് ബെൽറ്റ് ഇടാത്തതിനുള്ള 500 രൂപ അടയ്ക്കണം.
വിവിധ ജോലികൾക്ക് ആവശ്യമായ വസ്തുക്കൾ ജീപ്പിൽ കൊണ്ടുപോകുമ്പോൾ ഇനിയും എഐ ക്യാമറകളുടെ ‘പണി’ കിട്ടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു. ജോലികൾക്കാവശ്യമായ ഉപകരണങ്ങൾ കൊണ്ടു പോകാൻ മറ്റു വഴികളുമില്ല. ഇനിയും ക്യാമറയിൽ കുടുങ്ങുകയാണെങ്കിൽ മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് ഈ പ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ് കെഎസ്ഇബി.