കണ്ണൂര്‍: ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന്റെ ബോഗിയില്‍ തീ പടരാൻ ഇന്ധനമൊഴിച്ചത് കോച്ചിന്റെ ജനല്‍ച്ചില്ല് തകര്‍ത്താണെന്ന് സംശയം.
കത്തിനശിച്ച ബോഗിയുടെ ടോയ്‌ലറ്റിനോട് ചേര്‍ന്നുള്ള ജനല്‍ ചില്ല് പൊട്ടിയ നിലയിലാണ്. ഇതുവഴിയാകാം കോച്ചിനുള്ളിലേക്ക് ഇന്ധനമൊഴിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ പൊലീസോ റെയില്‍വേയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആദ്യം ബാത്ത്റൂമിന്റെ സൈഡിലാണ് തീ കണ്ടതെന്നും പൊടുന്നനെ ബോഗി കത്തിയമരുകയായിരുന്നു എന്നുമാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.
അതിനിടെ തീ പിടിച്ച ബോഗി പൊലീസ് സീല്‍ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കൈയില്‍ പിടിച്ച ക്യാനുമായി ഒരാള്‍ ബോഗിയിലേക്ക് നടന്നുവരുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കിലും ഇത് വ്യക്തമല്ല. ഇത് പാെലീസിനെ കുഴയ്ക്കുന്നുണ്ട്. എല്ലാം പൊലീസ് തെളിയിക്കട്ടെ എന്നാണ്
അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പറയുന്നത്.
ഭയചകിതമായ അവസ്ഥ എന്നാണ് സ്ഥലം സന്ദര്‍ശിച്ച എം എല്‍ എ കടന്നപ്പള്ളി രാമചന്ദ്രൻ പറയുന്നത്. സംഭവം സംശയാസ്‌പദമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് എലത്തൂരില്‍ ഷാരൂഖ് സെയ്‌ഫി തീവച്ച അതേ ട്രെയിനില്‍ ഇന്ന് പുലര്‍ച്ചെയാണ് വീണ്ടും തീപിടിത്തം ഉണ്ടായത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മൂന്നാം പ്ലാറ്റ് ഫോമിന് സമീപത്തായി ഏട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് തീ പടര്‍ന്നത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. രാത്രി പതിനൊന്നേ മുക്കാലിന് യാത്ര അവസാനിപ്പിച്ചശേഷം
നിറുത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ.
ഏറ്റവും പിറകിലെ മൂന്നാമത്തെ ജനറല്‍ കോച്ചിലാണ് അഗ്നിബാധ ഉണ്ടായത്. ബോഗി പൂര്‍ണമായും കത്തിനശിച്ചു. സമീപ ബോഗികള്‍ക്ക് കേടുപാട് ഉണ്ടായിട്ടില്ല. മൂന്ന് യൂണിറ്റ് അഗ്നിശമന സേന ഏറെ നേരം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിശമന സേനയുടെ വാഹനത്തിന് സ്ഥലത്ത് എത്തിച്ചേരാനാകാത്തത് പ്രതിസന്ധിക്കിടയാക്കി.