ഈരാറ്റുപേട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ വൃദ്ധനെതിരെ പോക്സോ കേസ് ചുമത്തി.
അറുപത്തിരണ്ടുകാരനായ ടി എ ഇബ്രാഹിമാണ് അറസ്റ്റിലായത്. കോട്ടയം ഈരാറ്റുപേട്ടയിലാണ് ദുരൂഹ സാഹചര്യത്തില്‍ വൃദ്ധനെ പിടികൂടിയത്. ആളൊഴിഞ്ഞ സ്ഥലത്തെ കലുങ്കിനടിയില്‍ പെണ്‍കുട്ടിയെ എത്തിച്ചത് ലൈംഗിക അതിക്രമത്തതിനായാണെന്ന് പോലീസ് കണ്ടെത്തി.
ശനിയാഴ്ചയാണ് ഇബ്രാഹിമിനെ തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയില്‍ നിന്ന് നാട്ടുകാര്‍ പിടികൂടിയത്. ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്.
ഇന്നലെ ഇവിടെയെത്തി മടങ്ങുമ്ബോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഇബ്രാഹിമിനെ ഈരാറ്റുപേട്ട പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ആണ് ഇബ്രാഹിം സ്കൂട്ടറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, താൻ കുളിക്കാൻ ആണ് കുളിക്കടവില്‍ എത്തിയതെന്നാണ് ഇബ്രാഹിം നാട്ടുകാരോട് പറഞ്ഞത്.