പത്തനംതിട്ട: പതിനാറുകാരന്റെ മൃതദേഹം കിണറിനുള്ളില്‍ നിന്ന് കണ്ടെത്തി. രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ അങ്ങാടി അലങ്കാരത്തില്‍ മുഹമ്മദ് ആഷികിനെയാണ് തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുതുശ്ശേരി മനയില്‍ ശനിയാഴ്ച് രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്.
വീട്ടില്‍ നിന്ന് പുറത്തുപോയ ആഷിക്കിനെ ഏറെ നേരമായും കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആഷിക് പെണ്‍സുഹൃത്തിനെ കാണാൻ പോയതാകാമെന്ന് ഇരട്ട സഹോദരനാണ് സംശയം പ്രകടിപ്പിച്ചത്. പിന്നാലെ ബന്ധുക്കള്‍ പുതുശ്ശേരി മനയിലെത്തുകയായിരുന്നു. ആഷികിന്റെ ബൈക്ക് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്ത് പരിശോധന നടത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടിന്റെ സമീപത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറിനുള്ളില്‍ നിന്ന് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
റാന്നിയിലെ സ്കൂളില്‍ പത്താം ക്ളാസിലെ സഹപാഠിയായ പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ടിട്ട് ലഭിക്കാതെ വന്നതോടെയാണ് ആഷിക് സംഭവസ്ഥലത്തെത്തിയത് എന്നാണ് വിവരം. വീടിന്റെ ജനാലയില്‍ തട്ടിവിളിച്ചതോടെ പെണ്‍കുട്ടിയുടെ മാതാവ് പുറത്തേയ്ക്ക് വന്നു. ഇതോടെ ആഷിക് അവിടെ നിന്നും ഓടുകയായിരുന്നു എന്നാണ് പൊലീസ് അറിയിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.