ഗാസിയാബാദ്: അപകടകരമായ രീതിയില്‍ ബൈക്കില്‍ യുവാവും യുവതിയും യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നടപടിയുമായി പൊലീസ്.
ദേശീയപാത 9ല്‍ ബൈക്കില്‍ സഞ്ചരിച്ച കമിതാക്കളുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്ദിരാപുരത്ത് ആണ് സംഭവം. വീഡിയോ വൈറലായതോടെ ഇരുവര്‍ക്കും ഗാസിയാബാദ് ട്രാഫിക് പൊലീസ് പിഴ ചുമത്തി.
അമിത വേഗതയില്‍ ബൈക്ക് ഓടിക്കുന്ന യുവാവിനെ കെട്ടിപ്പിടിച്ച് ഒരു യുവതി പിന്തിരിഞ്ഞ് ഇരിക്കുന്നതാണ് വിഡിയോയിലുള്ളത്. ബൈക്കിന്‍റെ പിറകിലെ സീറ്റില്‍ ഇരിക്കുന്നതിനു പകരം ഇന്ധന ടാങ്കിനു താഴെയിരുന്ന് യുവാവിനെ കെട്ടിപ്പിടിച്ചുള്ള യാത്ര സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമിത വേഗതയില്‍ പോകുന്ന ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെയാണ് ഇരുവരും ഉണ്ടായിരുന്നത്. ബൈക്കിനു പിന്നാലെയെത്തിയ കാറിലെ യാത്രക്കാരാണ് ഈ അപകട യാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ട്വിറ്ററില്‍ പ്രചരിച്ച ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഗാസിയാബാദ് ട്രാഫിക് പൊലീസ് വ്യക്തമാക്കി.
അപകട യാത്രയുടെ വീഡിയോ പരിശോധിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാൻ ഗാസിയാബാദ് ഡപ്യൂട്ടി കമ്മിഷണര്‍ ഇന്ദിരാപുരം പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. റോഡ് സുരക്ഷാ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും ഇത്തരം അപകടകരമായ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്ത് വന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉള്‍പ്പെടെ ടാഗ് ചെയ്ത് നിരവധിപ്പേര്‍ യുവാവിനും യുവതിക്കുമെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
അടുത്തിടെ രാജസ്ഥാനിലും സമാനമായ സംഭവം നടന്നിരുന്നു. അമിത വേഗത്തില്‍ പായുന്ന ബൈക്കിലിരുന്ന് പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന കമിതാക്കളുടെ വീഡിയോയാണ് രാജസ്ഥാനില്‍ നിന്നും പുറത്ത് വന്നത്. വീഡിയോ വൈറലയാതിന് പിന്നാലെ പൊലീസ് നടപടിയെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാം റീലിനായും മറ്റ് സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ പോസ്റ്റുചെയ്യാനുമെല്ലാ ഇത്തരത്തില്‍ അപകടകരമായി ബൈക്ക് യാത്ര നടത്തുന്ന യുവതീയുവാക്കളുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണെമന്നുമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്ന ആവശ്യം.
#गाजियाबाद में आशिक मिजाज बाइक सवार की वीडियो हुई वायरल इंदिरापुरम के NH 9 का बताया जा रहा है ।
वो कहते है ना -
"हम तो मरेंगे सनम तुम्हे साथ लेके मरेंगे "
पर
नियम कानून ताक पर रख के ही सफर करेंगे ।@Gzbtrafficpol @uptrafficpolice @sacchayugnews pic.twitter.com/xPmSgzbfmO