തിരുവനന്തപുരം: ശുചിമുറിയില്‍ തെന്നിവീണതിന്റെ അരിശം തീര്‍ക്കാൻ ടോയിലറ്റ് അടിച്ചു തകര്‍ത്ത തിരുവനന്തപുരം സ്വദേശി പൊലീസ് പിടിയില്‍.
ഭരതന്നൂര്‍ സ്വദേശി റാം എന്ന് വിളിക്കുന്ന ചന്ദ്രൻ (55) ആണ് മദ്യലഹരിയില്‍ അതിക്രമം കാണിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം.
ഭരതന്നൂര്‍ മാര്‍ക്കറ്റിനകത്തെ, ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നിര്‍മിച്ച ടോയിലെറ്റിലെത്തിയ ചന്ദ്രൻ അകത്തേക്ക് കയറിയപ്പോള്‍ തറയില്‍ തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ ചന്ദ്രന്‍റെ കൈയ്യിലെ വിരലിലും നെറ്റിയിലും പരുക്ക് പറ്റി. തുടര്‍ന്ന് ആശുപത്രിയിലെത്തി മരുന്ന് വെച്ച ശേഷം തിരിച്ചെത്തിയ ഇയാള്‍ തെന്നി വീണതിന്‍റെ രോഷത്തില്‍ ചുറ്റിക ഉപയോഗിച്ച് ശുചിമുറി അടിച്ചു തകര്‍ക്കുകയായിരുന്നു.
ശുചിമുറിയും അതിന്‍റെ ടൈലും ചന്ദ്രന്‍ അടിച്ചു തകര്‍ത്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിന് തുടര്‍ന്ന് പാങ്ങോട് പൊലീസ് സ്ഥലത്തെത്തി ചന്ദ്രനെ കസ്റ്റഡിയില്‍ എടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിന് ചന്ദ്രന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.
കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി പത്തുലക്ഷംരൂപ ചെലവഴിച്ച് നിര്‍മിച്ചതാണ് ഭരതന്നൂരിലെ പൊതുടോയിലറ്റ്