തിരുവനന്തപുരം: തലസ്ഥാനത്ത് ചോരയില്‍ കുളിച്ച നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.
മലയിൻകീഴ് ശങ്കരമംഗലം റോഡിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യയെ ഭര്‍ത്താവ് പ്രശാന്ത് കൊലപ്പെടുത്തിയതായാണ് പൊലീസ് അറിയിക്കുന്നത്.
സംഭവസമയത്ത് ഭര്‍ത്താവും മൂത്തമകനും വീട്ടിലുണ്ടായിരുന്നു. ടോയ്‌ലറ്റില്‍ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. പ്രശാന്തിന്റെ മൊഴിയില്‍ സംശയം തോന്നിയ മലയിൻകീഴ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി ചോദ്യം ചെയ്യലില്‍ കുറ്റമേറ്റതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു,
അതേസമയം പ്രശാന്ത് നേരത്തെയും മകളെ ആക്രമിച്ചിരുന്നതായും മരണത്തില്‍ ദുരൂഹതയുള്ളതായും വിദ്യയുടെ പിതാവ് പൊലീസിനെ അറിയിച്ചിരുന്നു. വിദ്യയെ ആക്രമിച്ചതിന് പ്രശാന്തിനെതിരെ കേസുകള്‍ നിലവിലുണ്ട്. ഇയാളെ ഇതിന് മുൻപ് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് താക്കീത് നല്‍കിയിരുന്നതായും വിദ്യയുടെ പിതാവ് അറിയിച്ചു.
ഇന്നലെ രാത്രിയാണ് വിദ്യയെ ടോയ്‌ലറ്റില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യയുടെ പിതാവ് തന്നെയാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്. വെെകുന്നേരം വീട്ടിലെത്തിയപ്പോള്‍ അമ്മ ക്ഷീണിതയായി മുറിയില്‍ കിടക്കുകയായിരുന്നു. പിന്നീട് ടിവി കാണാൻ പോയി. അതിനുശേഷം വെെകുന്നേരം അച്ഛൻ വീട്ടിലെത്തിയപ്പോള്‍ അമ്മയെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെന്നും സമീപത്ത് അച്ഛൻ ഇരിക്കുകയായിരുന്നുവെന്നും മകൻ പറഞ്ഞതായി വിദ്യയുടെ കുടുംബം പറഞ്ഞു. വിദ്യയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു.