ഒരു കൂട്ടം ശത്രുക്കളുടെ മുന്നില്‍പ്പെട്ടു കഴിഞ്ഞാല്‍ ജീവന്‍ രക്ഷിക്കാനായി പോരാട്ടം തുടരുന്നതില്‍ അര്‍ത്ഥമില്ല. മറിച്ച് കിട്ടിയ സമയം നോക്കി സുരക്ഷിതമായി അവിടെ നിന്നും രക്ഷപ്പെടുക എന്നതാണ് ജീവന്‍ രക്ഷപ്പെടുത്താനുള്ള തന്ത്രം.
എന്നാല്‍, പലപ്പോഴും ഇരയാക്കപ്പെടുന്ന മൃഗങ്ങള്‍ക്ക് ഇതിന് കഴിയാറില്ലെന്നതാണ് വന്യജീവികളുടെ ആക്രമണ പ്രത്യാക്രമണ വീഡിയോകളില്‍ നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍, ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കില്‍ നിന്നും ചിത്രീകരിച്ച ഒരു വീഡിയോയില്‍ കൂട്ടം തെറ്റി ഒറ്റപ്പെട്ട ഒരു ആഫ്രിക്കന്‍ കാട്ടുപോത്ത് ഒരു കൂട്ടം സിംഹങ്ങളുടെ മുന്നില്‍ നിന്നും രക്ഷപ്പെടുന്നത് കാണിക്കുന്നു.
ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിന്‍റെ തെക്കൻ പ്രദേശത്തുള്ള സിംഹക്കൂട്ടങ്ങള്‍ വിഹരിക്കുന്ന പ്രദേശമാണ് വുർഹാമി. വുര്‍ഹാമി സിംഹങ്ങളുടെ മുന്നില്‍ നിന്നും രക്ഷപ്പെടുകയെന്നാല്‍ അത് അത്ര നിസാരമായ കാര്യമല്ല. ഒന്നും രണ്ടുമല്ല, ചിലപ്പോള്‍ പത്തോ പതിനഞ്ചോ സിംഹക്കൂട്ടങ്ങളാകും പെട്ടെന്ന് നിങ്ങളുടെ മുന്നിലേക്ക് കയറിവരിക. ഇത്രയും സിംഹങ്ങളെ പെട്ടെന്ന് ഒന്നിച്ച് കണ്ടാല്‍ തന്നെ ഇരയുടെ പാതി ജീവന്‍ അപ്പോള്‍ തന്നെ പോയിട്ടുണ്ടാകും. എന്നാല്‍, മനക്കരുത്തോടെ ജീവിക്കാനുള്ള ത്വരയോടെ അവയോട് ഏറ്റുമുട്ടി ജീവന്‍ തിരിച്ച് പിടിക്കുകയെന്നത് ഏറെ ഭാഗ്യം കൂടി അവശ്യമുള്ള ഒന്നാണെന്ന് ചുരുക്കം.
ഇത്തരത്തില്‍ പത്ത് പതിനഞ്ചോളം സിംഹങ്ങളുടെ മുന്നില്‍ നിന്നും ജീവനുമായി രക്ഷപ്പെടാന്‍ കഴിഞ്ഞ ഒരു ആഫ്രിക്കന്‍ കാട്ടുപോത്തിന്‍റെ വീഡിയോ പകര്‍ത്തിയത് എലിഫന്‍റ് വോക്ക് റിട്രീറ്റിന്‍റെ മാനേജർ ആന്‍റണി ബ്രിറ്റ്‌സാണ്. ഈ വീഡിയോ elephant_walk_retreat എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പങ്കുവച്ചത്. കൂട്ടം തെറ്റി നദീതീരത്ത് ഒറ്റപ്പെട്ട ഒരു കാട്ടുപോത്ത്, ഒരു കൂട്ടം സിംഹങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. സിംഹങ്ങളുടെ പുറകെ ഓടി അവയെ അകറ്റിയ ശേഷം കാട്ടുപോത്ത് നദിയിലേക്ക് ഇറങ്ങി നദി മുറിച്ച് ഇക്കരെയ്ക്ക് കടക്കുന്നു. ഇതിനിടെ ഒന്ന് രണ്ട് തവണ സിംഹങ്ങള്‍ തന്നെ പിന്തുടരുന്നുണ്ടോയെന്ന് കാട്ടുപോത്ത് ശ്രദ്ധിക്കുന്നുണ്ട്.
എന്നാല്‍, നദിയില്‍ നിന്നും വെള്ളം കുടിച്ച ശേഷം സിംഹക്കൂട്ടം തിരിച്ച് പോവുകയാണുണ്ടായത്. സിംഹങ്ങളില്‍ നിന്നും രക്ഷപ്പെടാനായി കാട്ടുപോത്ത് ഇറങ്ങിയ നദിയാകട്ടെ മുതലകള്‍ നിറഞ്ഞതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഒരു മുതല പോലും ഈ സമയം കാട്ടുപോത്തിനെ അക്രമിച്ചില്ലെന്നതും അതിശയകരമായി. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. പലരും ഗംഭീരമെന്ന് കുറിച്ചപ്പോള്‍ ചിലര്‍ തങ്ങള്‍ക്കും സ്ഥലം സന്ദര്‍ശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.