ആനറാഞ്ചി പക്ഷികളെക്കുറിച്ച് മുത്തശ്ശിക്കഥകളിലെങ്കിലും നമ്മള്‍ കേട്ടിട്ടുണ്ടാകും. വീട്ടുമുറ്റത്തെ കോഴിക്കുഞ്ഞിനെ റാഞ്ചുന്ന പരുന്തുകളെയും നമ്മള്‍ കണ്ടിട്ടുണ്ടാകും.
എന്നാല്‍, കുറുക്കനെയും പൊക്കിയെടുത്ത് പറക്കുന്ന പരുന്തിനെ കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചെറിയൊരു വ്യത്യാസമുണ്ട്. വീഡിയോയില്‍ ഉള്ള കുറുക്കന് ജീവനില്ല. ചത്ത കുറുക്കനാണെന്ന് മാത്രം.
ഇവിയെങ്ങുമല്ല, അങ്ങ് വടക്കേ അമേരിക്കയിലാണ് സംഭവം. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഏറ്റവും വലുതും വേഗതയേറിയതുമായ പക്ഷികളിൽ ഒന്നാണ് ഗോൾഡൻ ഈഗിൾസ്. ഇവയുടെ ചിറകുകൾക്ക് സാധാരണയായി ആറ് അടിക്ക് മേലെ നീളമുണ്ട്. @TerrifyingNatur ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. രണ്ട് വലിയ മലകളില്‍ ഒന്നിന്‍റെ മുകളില്‍ ഇരിക്കുന്ന ഒരു പരുന്തില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അതിശക്തമായ കാറ്റ് വീശിയടിക്കുന്ന സ്ഥലമാണെന്ന് വീഡിയോയില്‍ നിന്നും വ്യക്തം.
കാറ്റിനെതിരെ തന്‍റെ ശക്തവും വലിതുമായ ചിറകുകള്‍ വീശി മറുപുറമുള്ള മലയിലേക്ക് പരുന്ത് പറന്നുയരുമ്പോള്‍ അതിന്‍റെ കാലുകളില്‍ ഒരു കുറുക്കന്‍റെ ശവശരീരം കാണാം. കുറുക്കന്‍റെ ശരീരവുമായി പരുന്ത് ഉയരങ്ങളിലേക്ക് പറന്നു പോകുന്നു. വീഡിയോ ഇതിനകം 34 ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ കുറിപ്പുമായെത്തി. 'പ്രകൃതിക്ക് ക്ഷമിക്കാനും ഭയപ്പെടുത്താനും കഴിയും. മൃഗങ്ങൾ ഭക്ഷണത്തിനായി മത്സരിക്കുകയും ആവശ്യപ്പെടുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും വേണം.' ഒരു കാഴ്ചക്കാരന്‍ കുറിച്ചു.
Nature is brutal 😲 pic.twitter.com/2qDjt15KaC
സ്വര്‍ണ്ണപരുന്തുകള്‍ പൊതുവേ കുടുംബ സ്നേഹമുള്ളവരാണ്. കൂട് സംരക്ഷിക്കുന്നതിലും മുട്ടകള്‍ അടയിരുന്ന് വിരിയിക്കുന്നതിലും ഇര തേടുന്നതിലും കുട്ടികളെ വളര്‍ത്തുന്നതിലും അച്ഛനും അമ്മയും ഒരു പോലെ ഇടപെടുന്നു. ലോകത്തിലെ ഏറ്റവും വലിയ കൂടുകള്‍ നിര്‍മ്മിക്കുന്നത് പേരുകേട്ട പരുന്തുകളാണ് സ്വര്‍ണ്ണപരുന്തുകള്‍. ഇത്തരം കൂടുകള്‍ക്ക് 5 മുതല്‍ 6 അടിവരെ വീതിയും 2 അടി ഉയരവും കുറഞ്ഞത് ഉണ്ടായിരിക്കും.
അതേ സമയം 20 അടി ഉയരവും 8.5 അടി വീതിയുമുള്ള പഴക്കം ചെന്ന കൂടുകളും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് മണിക്കൂറില്‍ 120 മൈല്‍ (193 കിലോമീറ്റര്‍) വേഗതയില്‍ പറക്കാന്‍ കഴിയും. ഇവയുടെ കാഴ്ച ശക്തിയും ഏറെ പ്രശസ്തമാണ്. എത്ര ദൂരെ നിന്ന് പോലും ഭൂമിയിലെ ഇരയുടെ ചലനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇവയ്ക്ക് കഴിയുന്നു.