Click to learn more 👇

പ്രായം കുറയ്ക്കുന്ന മരുന്ന് കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍, മനുഷ്യവംശത്തിന്റെ വമ്പൻ ചുവടുവെപ്പെന്നും അവകാശവാദം


 മസാചുസെറ്റ്സ്: പ്രായം കുറക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍.

പ്രായം കുറക്കാനുള്ള മരുന്ന് തയ്യാറാക്കുന്നതിനാവശ്യമായ ആറുമരുന്നുകളുടെ മിശ്രിതമാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ജൂലൈ12ന് പുറത്തിറങ്ങിയ ഏജിങ് ജേര്‍ണലിലാണ് ഇതുസംബന്ധിച്ച്‌ ലേഖനം പ്രസിദ്ധീകരിച്ചത്.

എലിയിലും കുരങ്ങിലും മരുന്ന് പരീക്ഷണം വജയിച്ചു. അടുത്ത വര്‍ഷം അവസാനത്തോടെ മനുഷ്യരിലും പരീക്ഷിക്കും. മൂന്ന് വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് ഗവേഷണ സംഘത്തിലെ പ്രധാനി ഡേവിഡ് സിൻക്ലയര്‍ ട്വീറ്റ് ചെയ്തു. മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഘടകങ്ങളാണ് ഓരോ മരുന്നിലുമടങ്ങിയിരിക്കുന്നത്.

മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടെ വാര്‍ധക്യമാകുന്ന പ്രക്രിയ കുറച്ചുകൊണ്ടുവരാമെന്നാണ് നിഗമനം.

ചര്‍മ്മകോശങ്ങളിലെ വാര്‍ധക്യ പ്രക്രിയയെ തടയാൻ കഴിവുള്ള ആറ് രാസ സംയോജനങ്ങള്‍ സംഘം തിരിച്ചറിഞ്ഞെന്നും കണ്ടെത്തല്‍ മനുഷ്യ വംശത്തിന്റെ ചുവടുവെപ്പാണെന്നും ഡോ. സിൻക്ലയര്‍ പറഞ്ഞു. കോടീശ്വരൻ എലോണ്‍ മസ്‌കടക്കമുള്ളവര്‍ വാര്‍ത്തയോട് പ്രതീക്ഷയോടെ പ്രതികരിച്ചു. എലികളിലും മനുഷ്യ കുരങ്ങുകളിലും മരുന്നുകള്‍ പരീക്ഷിച്ചപ്പോള്‍ വാര്‍ധക്യം കുറയുമെന്ന് ഫലങ്ങള്‍ സൂചിപ്പിച്ചു. ഒറ്റ മരുന്നു കൊണ്ട് വാര്‍ധക്യം മാറ്റാനുള്ള കഴിവ് പ്രതീക്ഷിക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നത് മുതല്‍ വാര്‍ധക്യസഹജമായ രോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാൻ വരെയാകുമെന്നും ഡോ. സിൻക്ലെയര്‍ പറഞ്ഞു.

അതേസമയം, കണ്ടെത്തലില്‍ ശാസ്ത്ര ലോകത്ത് സംശയങ്ങളുമുയര്‍ത്തി. ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ബയോജറന്റോളജിസ്റ്റായ മാറ്റ് കെബര്‍ലിൻ മുന്നറിയിപ്പ് നല്‍കി. മെറ്റബോളിസം ഗവേഷകനായ ഡോ. ചാള്‍സ് ബ്രെന്നര്‍ പഠനത്തിലെ മൂന്ന് സംയുക്തങ്ങളെക്കുറിച്ച്‌ ആശങ്ക ഉന്നയിച്ചു. ചില സംയുക്തങ്ങള്‍ കരളിനെ ബാധിക്കുമെന്നും അപകട സാധ്യതകളെക്കുറിച്ച്‌ പഠനം പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കണ്ടെത്തലിനെ പ്രതീക്ഷയോടെയാണ് ശാസ്ത്ര ലോകം നോക്കിക്കാണുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.