ആലപ്പുഴ: സിപിഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. പാര്‍ട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നല്‍കിയത്.
എന്നാല്‍ പരാതി സ്വീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കാനാണ് പരാതിക്കാരി തീരുമാനിച്ചിരിക്കുന്നത്.
വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉള്‍പ്പെട്ട തീരദേശത്തെ ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. 'വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാമെന്ന് ' പറഞ്ഞതായി പരാതിയില്‍ സ്ത്രീ ആരോപിക്കുന്നു. ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാമെന്ന് പറഞ്ഞതായും ആരോപണമുണ്ട്.
പരാതി പറഞ്ഞപ്പോള്‍ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതി നല്‍കാൻ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചെന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് മടക്കി അയച്ചുവെന്നുമാണ് പരാതി. ആലപ്പുഴയിലെ 2 ഏരിയാ കമ്മിറ്റികള്‍ പിരിച്ചു വിട്ടശേഷം അഡ്ഹോക് കമ്മിറ്റിയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ലൈംഗിക അധിക്ഷേപ പരാതി കൂടി പാര്‍ട്ടിയില്‍ വീണ്ടും പുകയുന്നത്.
നിയമപ്രകാരം പൊലീസിന് പരാതി കൈമാറാൻ പരാതിക്കാരി തയ്യാറായിട്ടില്ല. പരാതി പാര്‍ട്ടിക്കകത്ത് പരിഹരിക്കാനാണ് ശ്രമം.