തലശ്ശേരി: സ്പീക്കര്‍ എ.എൻ. ഷംസീറിനെതിരെ യുവമോര്‍ച്ച നേതാവ് നടത്തിയ ഭീഷണിയില്‍ പ്രകോപന പ്രസംഗവുമായി സി.പി.എം.നേതാവ് പി. ജയരാജൻ.
ഷംസീറിന് നേരെ കൈയോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി.ജയരാജൻ പറഞ്ഞു. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും ഇതിനെതിരെ ശക്തമായി യുവജനയുടെ ചെറുത്തുനില്‍പ്പുണ്ടാകുമെന്നും പി. ജയരാജൻ പറഞ്ഞു.
'ഷംസീറിന് നേരെ കൈയോങ്ങിക്കഴിഞ്ഞാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും. ഷംസീറിനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് വ്യാമോഹിക്കണ്ട', പി. ജയരാജൻ പറഞ്ഞു. തലശ്ശേരിയില്‍ മണിപ്പുര്‍ ഐക്യദാര്‍ഢ്യപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പി. ജയരാജൻ
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു എന്നാരോപിച്ച് എ.എൻ. ഷംസീറിന്റെ ഓഫീസിനു നേരെ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ. ഗണേശന്റെ ഭീഷണി പരാമര്‍ശം. 'ജോസഫ് മാഷുടെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്. പക്ഷേ, എല്ലാകാലത്തും ഹിന്ദുസമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഷംസീര്‍ ഒരിക്കലും കരുതരുത്. ഭരണഘടനാപദവിയിലിരിക്കുന്ന സി.പി.എം. നേതാവായി അദ്ദേഹം അധപ്പതിച്ചു', എന്നായിരുന്നു ഗണേശിൻ്റെ പരാമര്‍ശം.