Click to learn more 👇

സ്കൂളില്‍ ക്രിസ്തീയ പ്രാര്‍ഥന ചൊല്ലിയെന്ന്; പ്രിന്‍സിപ്പലിനെ വളഞ്ഞിട്ട് തല്ലി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍; വീഡിയോ പുറത്ത്


 പുനെ: മഹാരാഷ്ട്രയിലെ തലേഗാവില്‍ സ്കൂള്‍ പ്രിൻസിപ്പലിന് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. വിദ്യാര്‍ഥികളോട് ക്രിസ്തീയ പ്രാര്‍ഥന ചൊല്ലാൻ പ്രിൻസിപ്പാള്‍ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മര്‍ദനം.

മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയരുകയാണ്.

തലേഗാവ് ദബാഡെയിലെ ഡി.വൈ പാട്ടീല്‍ സ്കൂള്‍ പ്രിൻസിപ്പല്‍ അലക്സാണ്ടറിനാണ് മര്‍ദനമേറ്റത്. ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്കൂളിനുള്ളില്‍ കടന്ന് മര്‍ദിക്കുകയായിരുന്നു.

ഏതാനും രക്ഷിതാക്കളുടെ പരാതിപ്രകാരമാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രിൻസിപ്പലിനെ മര്‍ദിച്ചത്. സംഭവത്തിന് പിന്നാലെ രക്ഷിതാക്കളുടെ പരാതിയില്‍ പ്രിൻസിപ്പല്‍ അലക്സാണ്ടറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികളോട് ക്രിസ്തീയ പ്രാര്‍ഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നും ഹൈന്ദവ ആഘോഷങ്ങള്‍ക്ക് അവധി നല്‍കുന്നില്ലെന്നും പെണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചെന്നും രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നു.

ക്രിസ്ത്യൻ വിശ്വാസം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് പ്രിൻസിപ്പല്‍ നടത്തുന്നതെന്ന് അക്രമികള്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ സ്കൂള്‍ മാനേജ്മെന്‍റ് നിഷേധിച്ചു.

പ്രിൻസിപ്പലിനെ പിരിച്ചുവിടാൻ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്കൂള്‍ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പ്രിൻസിപ്പല്‍ അവധിയില്‍ പ്രവേശിച്ചതായാണ് വിവരം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.