◾മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലെ ശിക്ഷ റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം. സുപ്രീംകോടതി കേസില്‍ ഉടന്‍ ഇടപെടുന്നില്ലെങ്കില്‍ മാത്രമേ വയനാട് ലോക്സഭാ സീറ്റില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടാകൂ. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി സെഷന്‍സ് കോടതി പ്രഖ്യാപിച്ചതിനു പിറകേ, വയനാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു നടത്താന്‍ വോട്ടുയന്ത്രങ്ങള്‍ അടക്കമുള്ള സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയിരുന്നു.
◾മലപ്പുറം ജില്ലയില്‍ അടക്കം പലയിടത്തും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്കുപോലും പ്ലസ് വണ്‍ പ്രവേശനം നേടാനാകാത്ത സാഹചര്യത്തില്‍ അടുത്ത ദിവസം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് അവലോകന യോഗം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇത്തവണ പ്ലസ് വണ്‍കാര്‍ക്ക് 50 അധിക അധ്യയന ദിവസങ്ങള്‍ ലഭിക്കും. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകളിലേക്ക് 12 വരെ അപേക്ഷിക്കാവുന്നതാണ്. മന്ത്രി പറഞ്ഞു.
◾യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ഷെയ്ഖ് സായിദ് ചാരിറ്റി മാരത്തണിന്റെ 2023 പതിപ്പ് കേരളത്തില്‍ നടത്തും. യു എ ഇ, ഈജിപ്റ്റ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നടന്നിട്ടുള്ള മാരത്തണ്‍ ആദ്യമായാണ് ഇന്ത്യയില്‍ നടത്തുന്നത്.
◾ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക അതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എം പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ തെളിവുകളുണ്ടെന്നും 18 നു നേരിട്ടു ഹാജരാകണമെന്നും ഡല്‍ഹി റോസ് അവന്യു കോടതി.
◾കേരളത്തില്‍ മഴ തുടരും. മണ്‍സൂണ്‍ പാത്തി തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതും പശ്ചിമ ബംഗാള്‍ വടക്കന്‍ ഒഡിഷക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതുമാണ് മഴ ശക്തമായി തുടരാന്‍ കാരണം.
◾സംസ്ഥാനത്ത് പനി ബാധിച്ച് ഇന്നലെ ആറു മരണം. എലിപ്പനി ബാധിച്ചാണ് ഒരാള്‍ മരിച്ചത്. ഒരു മരണം എച്ച്1 എന്‍1 ബാധിച്ചാണെന്ന് സംശയിക്കുന്നു. നാലു പേരുടെ മരണം ഡെങ്കിപ്പനി മൂലമാണെന്ന് സംശയമുണ്ട്. ഇതുവരെ 127 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ 11,418 പേര്‍ പനിക്കു ചികിത്സ തേടി.
◾കാലവര്‍ഷക്കെടുതി കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പനിക്കണക്കുപോലും ആരോഗ്യവകുപ്പ് പുറത്തുവിടുന്നില്ല. കൊവിഡിന് ശേഷം സംസ്ഥാനത്ത് മരണങ്ങള്‍ ഇരട്ടിയായി. ആരോഗ്യവകുപ്പ് പഠനം നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുജറാത്തില്‍ നിന്നുള്ള വിധി കേട്ടപ്പോള്‍ യേശുദേവന്‍ പറഞ്ഞ ഒരു വാചകമാണ് ഓര്‍മ്മ വന്നത്. നസ്രത്തില്‍നിന്നും നന്മ പ്രതീക്ഷിക്കേണ്ടെന്നതാണ് അതെന്നും അദ്ദേഹം വിവരിച്ചു.
◾ഏകീകൃത സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസ് തന്നെ നേതൃത്വം നല്‍കണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അതില്‍ സിപിഎമ്മും ഒപ്പമുണ്ടാകണം. പാര്‍ലമെന്റിന് അകത്തും പുറത്തും ഈ വിഷയത്തില്‍ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി നിന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
◾മണിപ്പൂര്‍ കലാപം ഒരു വിഭാഗത്തെ ഇല്ലാതാക്കാന്‍ ആസൂത്രണം ചെയ്തതാണെന്ന് താമരശേരി ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍. തിരക്കഥ തയ്യാറാക്കിയാണ് ആക്രമണം നടത്തിയത്. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു. ഇന്ന് മണിപ്പൂരെങ്കില്‍ നാളെ കേരളം ആണ് എന്ന് ഭീതിയുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
◾ബിജെപി വിട്ട നടന്‍ ഭീമന്‍ രഘു സിപിഎമ്മിലെത്തി. എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു. സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
◾പിതാവിനെ കാണാനെത്തി ആശുപത്രിയിലായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ബംഗ്ലൂരുവിലേക്കു മടങ്ങിപ്പോയി. കോടതിയില്‍നിന്ന് പ്രത്യേക അനുമതി വാങ്ങി എത്തിയ അദ്ദേഹത്തിനു പിതാവിനെ കാണാനായില്ല. കൊച്ചിയില്‍ വിമാനമിറങ്ങിയതിനു പിറകേ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അന്‍വാര്‍ശേരിയിലേക്കു പോകാനായില്ല.
◾സ്‌കൂളിന്റെ മേല്‍ക്കൂരയിലെ ഓട് ഇളകി താഴെ വീണ് അധ്യാപികയ്ക്കും കുട്ടിക്കും പരിക്കേറ്റു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ ദേശബന്ധു എല്‍പി സ്‌കൂളിലാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ വിടുന്നതിനു തൊട്ടുമുന്‍പായിരുന്നു അപകടം സംഭവിച്ചത്.
◾പെരിങ്ങല്‍കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ നാലടി ഉയരത്തില്‍ തുറന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണു വെള്ളം തുറന്നുവിട്ടത്.
◾പാലക്കാട് പിലായിരി പഞ്ചായത്തില്‍ നടന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് സിപിഎമ്മിനെ പിന്തുണച്ച മൂന്നു പഞ്ചായത്ത് മെമ്പര്‍മാരെയും ബി ജെ പി പുറത്താക്കി.
◾കൂടത്തായ് റോയ് തോമസ് വധക്കേസില്‍ ഒന്നാം പ്രതി ജോളിക്കെതിരെ സഹോദരന്റെ മൊഴി. കൊലപാതകം നടത്തിയതു താനെന്നു ജോളി സമ്മതിച്ചിരുന്നതായി മൂത്ത സഹോദരന്‍ ജോര്‍ജ് വിചാരണ കോടതിയില്‍ മൊഴി നല്‍കി.
◾പാട്ടു പാടിച്ചു താരമാക്കാമെന്നു വാഗ്ദാനം ചെയ്ത് കാഴ്ച പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റിലായി. കോട്ടയം സ്വദേശി ജീമോനെയാണ് എറണാകുളം മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ചെറായിയിലെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചെന്നാണു കേസ്.
◾പാലക്കാട് തെങ്കര കൈതച്ചിറയില്‍ കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ കോഴിഫാമിലെ 300 കോഴികള്‍ ചത്തു. അപ്പക്കാട് ഇടശ്ശേരില്‍ റെജി സ്‌കറിയയുടെ ഫാമിലെ കോഴികളെയാണ് കാട്ടുപൂച്ച കൊന്നത്.
◾ബാലസോര്‍ ട്രെയിന്‍ അപകടത്തിന്റെ പേരില്‍ റെയില്‍വേയിലെ മൂന്നു പേരെ സിബിഐ അറസ്റ്റ് ചെയ്തു. റെയില്‍വെ സീനിയര്‍ സെകഷന്‍ എന്‍ജിനീയര്‍ അരുണ്‍ കുമാര്‍ മഹന്ത, സെകഷന്‍ എന്‍ജിനീയര്‍ മുഹമ്മദ് അമീര്‍ ഖാന്‍, ടെക്നീഷ്യന്‍ പപ്പുകുമാര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അപകടത്തിനു കാരണം സിഗ്നലിംഗ്, ഓപ്പറേഷന്‍സ് വിഭാഗങ്ങളുടെ വീഴ്ചയെന്നു കണ്ടെത്തിയിരുന്നു.
◾മദ്യനയക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സിസോദിയയുടെ ഉള്‍പ്പെടെ 52.24 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിസോദിയുടെ ഫ്ളാറ്റും സിസോദിയയുടെ ഭാര്യ സീമയുടെ 11 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് 128.78 കോടി രൂപയുടെ സ്വത്ത് ഇതുവരെ കണ്ടുകെട്ടി.
◾ത്രിപുര നിയമസഭയില്‍ കൈയാങ്കളി. ബിജെപി എംഎല്‍എ അശ്ലീല വീഡിയോ കണ്ടതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചോദ്യം ഉന്നയിച്ചതോടെയാണ് ബിജെപി - തിപ്ര മോത എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെത്തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു. സഭാ നടപടികള്‍ തടസപ്പെടുത്തിയ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
◾മോദി പരാമര്‍ശത്തിലെ മാനനഷ്ടക്കേസിലെ വിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധി അപ്രതീക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു. ഒരു സമുദായത്തിന് മാനഹാനി ഉണ്ടാക്കിയിട്ടില്ല. പരാതി നല്‍കിയവര്‍ക്ക് എങ്ങനെ മാനഹാനിയുണ്ടായെന്ന് വ്യക്തമല്ല. ജനങ്ങള്‍ക്കു മുന്‍പില്‍ ഇതെല്ലാം തുറന്നുകാട്ടും. അദ്ദേഹം പറഞ്ഞു.
◾ഉത്തരേന്ത്യയില്‍ പലയിടത്തും തക്കാളിക്കു വില ഇരുന്നൂറു രൂപയ്ക്കു മുകളിലെത്തി. ഉത്തരാഖണ്ഡിലെ ഗംഗോത്രോ ധാമില്‍ കിലോഗ്രാമിന് 250 രൂപയാണു വില.
◾മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജീല്ലയില്‍ ഇന്നലെയുണ്ടായ വെടിവയ്പില്‍ പതിനേഴുകാരന്‍ ഉള്‍പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ കുക്കി വിഭാഗക്കാരും ഒരാള്‍ മെയ്തെയ് വിഭാഗക്കാരനുമാണ്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനു രാജ്യദ്രോഹക്കുറ്റം ചുമത്തിയതു ബംഗളൂരു ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും വിമര്‍ശിക്കാം. എന്നാല്‍ അധിക്ഷേപിക്കുന്നതു ശരിയല്ല. വിമര്‍ശനം രാജ്യദ്രോഹമല്ല. പൗരത്വ നിയമം നടപ്പാക്കിയതിനെതിരേ വിദ്യാര്‍ത്ഥികളെക്കൊണ്ടു നാടകം അവതരിപ്പിച്ച ബിഡാറിലെ ഷബീന്‍ സ്‌കൂള്‍ മാനേജുമെന്റിനെതിരേ ഫയല്‍ ചെയ്ത കേസ് തള്ളിക്കൊണ്ടാണ് ഉത്തരവ്.
◾ആഷസ് മൂന്നാം ടെസ്റ്റ് ആവേശത്തിലേക്ക്. ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് സ്‌കോറായ 263 റണ്‍സിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട്, ഓസ്ട്രേലിയക്ക് 26 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ ലീഡ് നല്‍കി, 237 റണ്‍സിന് പുറത്തായി. 80 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് 200 കടക്കാന്‍ സഹായിച്ചത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 116 ന് 4 എന്ന നിലയിലാണ്.
◾കേരളത്തിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഓഹരി പങ്കാളിത്തം 2.36 ശതമാനം ഉയര്‍ത്തി ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത്‌കെയര്‍. മലയാളിയായ ഡോ.ആസാദ് മൂപ്പന്‍ നേതൃത്വം നല്‍കുന്ന ആശുപത്രി ശൃഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ഉപകമ്പനിയാണ് മിംമ്‌സ്. നിലവിലെ പ്രവര്‍ത്തനവും ലാഭക്ഷമതയും കണക്കിലെടുത്ത് 2.6% ഓഹരികള്‍ക്ക് 23.58 കോടി രൂപയാണ് വില നിശ്ചയിച്ചത്. മിംമ്‌സിന് ഏകദേശം 1,000 കോടി രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മിംമ്‌സിന്റെ വരുമാനം 907.79 കോടി രൂപയായിരുന്നു. ലാഭം 70.66 കോടി രൂപയും. ഏറ്റെടുക്കലോടെ മിംമ്‌സിലെ ആസ്റ്ററിന്റെ ഓഹരി പങ്കാളിത്തം 76.01 ശതമാനത്തില്‍ നിന്ന് 78.37 ശതമാനമായി ഉയര്‍ന്നു. കോഴിക്കോട്, കോട്ടയ്ക്കല്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് മിംമ്‌സ് ആശുപത്രികളുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 12,011 കോടി രൂപയാണ് ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത്‌കെയറിന്റെ സംയോജിത വരുമാനം. ലാഭം 475 കോടി രൂപയും. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന് പശ്ചിമേഷ്യയിലും ഇന്ത്യയിലുമായി 32 ആശുപത്രികള്‍, 127 ക്ലിനിക്കുകള്‍, 521 ഫാര്‍മസികള്‍, 16 ലബോറട്ടറികള്‍, 189 പേഷ്യന്‍ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ എന്നിവയുമുണ്ട്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ഗള്‍ഫ് ബിസിനസ് ഫജര്‍ ഗ്രൂപ്പ് വാങ്ങുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു.
◾നെല്‍സന്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ജയിലറിലെ ആദ്യ ഗാനം റിലീസായി. അതീവസുന്ദരിയായി തമന്ന എത്തുന്ന ഗാനം നിമിഷനേരം കൊണ്ട് വൈറലായി മാറി. അനിരുദ്ധിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന 'കാവാലാ' എന്ന ഗാനം പ്രേക്ഷകരും ഏറ്റെടുത്തു. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രജനികാന്തിനൊപ്പം പ്രത്യക്ഷപ്പെടുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. തമന്നയാണ് നായിക. സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്രാജ് കുമാര്‍, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
◾പ്രിയം, ഗോഡ്സ് ഓണ്‍ കണ്‍ട്രി, ഹയ തുടങ്ങിയ സിനിമകള്‍ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്ധകാരായുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപി, ദിലീപ്, ആസിഫ് അലി, സുരാജ് വെഞ്ഞറമ്മൂട് തുടങ്ങിയ പ്രമുഖ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് മോഷന്‍ പോസ്റ്റര്‍ റീലീസ് ചെയ്തത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് 'അന്ധകാരാ'. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. ഒരു ജനലില്‍ കൂടി ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാം നോക്കുന്ന തരത്തിലാണ് പോസ്റ്റര്‍. ചന്തുനാഥ്, ധീരജ് ഡെന്നി,വിനോദ് സാഗര്‍, മറീന മൈക്കല്‍, അജിഷ പ്രഭാകരന്‍, സുധീര്‍ കരമന, കെ ആര്‍ ഭരത് തുടങ്ങിയവരാണ് മറ്റുള്ള മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഏറെ വ്യത്യസ്തമായ ടൈറ്റിലും അതിന്റെ ഡിസൈനും സിനിമാ ലോകത്തു ഇതിനോടകം തന്നെ ചര്‍ച്ചായാക്കുകയാണ്. എ എല്‍ അര്‍ജുന്‍ ശങ്കറും പ്രശാന്ത് നടേശനും ചേര്‍ന്നു തിരക്കഥ ഒരുക്കുന്നു.
◾മാരുതി സുസുക്കി ജിംനി സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം ചെമ്പന്‍ വിനോദ്. ഇന്‍ഡസ് മോട്ടോഴ്സ് നെക്സയില്‍ നിന്നാണ് ചെമ്പന്‍ തന്റെ ജിംനി വാങ്ങിയത്. അഞ്ചു ഡോര്‍ ജിംനിയുടെ വില മാരുതി പ്രഖ്യാപിച്ചത് ജൂണ്‍ ആദ്യമാണ്. മൂന്നു വകഭേദങ്ങളിലായി മാനുവല്‍ ഓട്ടമാറ്റിക് വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന്റെ സീറ്റ മാനുവലിന് 12.74 ലക്ഷം രൂപയും ആല്‍ഫ മാനുവലിന് 13.69 ലക്ഷം രൂപയും ആല്‍ഫ മാനുവല്‍ ഡ്യുവല്‍ ടോണിന് 13.85 ലക്ഷം രൂപയുമാണ് വില. സീറ്റയുടെ ഓട്ടമാറ്റിക്ക് പതിപ്പിന് 13.94 ലക്ഷം രൂപയും ആല്‍ഫ ഓട്ടമാറ്റിക്കിന് 14.89 ലക്ഷം രൂപയും ആല്‍ഫ ഓട്ടമാറ്റിക്ക് ഡ്യുവല്‍ ടോണിന് 15.05 ലക്ഷം രൂപയുമാണ് വില. കെ 15 ബി പെട്രോള്‍ എന്‍ജിനാണ് ജിംനിയില്‍. 104.8 എച്ച്പി കരുത്തും 134.2 എന്‍ എം ടോര്‍ക്കും ഈ എന്‍ജിനുണ്ട്. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സ്. മാനുവല്‍ വകഭേദത്തിന് ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്ക് വകഭേദം 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഇത് കാഴ്ചവയ്ക്കാനായി സുസുക്കി ഓള്‍ഗ്രിപ്പ് പ്രോയാണ് ജിംനിയില്‍. ഫോര്‍വീല്‍ ഡ്രൈവ് ഹൈ, ഫോര്‍വീല്‍ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്.
◾ഉദ്ദേശം 1500 വര്‍ഷം മുമ്പ് സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട വിഷ്ണു ധര്‍മ്മോത്തരപുരാണം എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗമാണ് ചിത്രകലയെപ്പറ്റി വിവരിക്കുന്ന ചിത്രസൂത്രം. ഒന്‍പത് അദ്ധ്യായങ്ങളിലായി 287 ചെറിയ ശ്ലോകങ്ങളും രണ്ടാമദ്ധ്യായത്തില്‍ ഏതാനും ഗദ്യവുമാണ് ഇതിലടങ്ങിയിരിക്കുന്നത്. ചിത്രകലയെപ്പറ്റി ചിത്രസൂത്രത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ വിശദമായി പ്രതിപാദിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥമില്ല. ചിത്രകല എന്ത്, എന്തിന്, അതിന്റെ ഉദ്ദേശ്യം,ലക്ഷ്യം,ധര്‍മ്മം, ചിത്രകാരന്‍, ആസ്വാദകര്‍, മറ്റു കലകളുമായുള്ള ബന്ധം തുടങ്ങി നൂറുനൂറു ചോദ്യങ്ങള്‍ക്ക് ഈ പുസ്തകം ഉത്തരം നല്കുന്നു. യഥാര്‍ത്ഥ ഭാരതീയചിത്രകലയെ മനസ്സിലാക്കാന്‍ ചിത്രസൂത്രം പ്രയോജനപ്പെടും. 'ചിത്രസൂത്രം'. ആറാം പതിപ്പ്. കെ.കെ വാരിയര്‍. ഡിസി ബുക്സ്. വില 160 രൂപ.
◾കൊതുക് കടിക്കുമ്പോള്‍ അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്, ഇതിനോടൊപ്പം, കൊതുകുകടിയേറ്റ ഭാഗം വീര്‍ത്ത് വരുകയും ചെയ്യും. കൊതുകുകടിക്കുമ്പോഴുള്ള ബുദ്ധിമുട്ട് കുറയ്ക്കാന്‍ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്, ഈ മഴക്കാലത്ത് ഇത് ഉറപ്പായും പ്രയോജനപ്പെടും. കൊതുക് കടിച്ച ഭാഗം വീര്‍ത്തുവരുന്നത് കുറയ്ക്കാന്‍ ഐസ് ക്യൂബ് വയ്ക്കുന്നത് സഹായിക്കും. ഇത് ഒരു മരവിപ്പ് ഉണ്ടാക്കുകയും അസ്വസ്ഥത ഇല്ലാതാക്കുകയും ചെയ്യും. ഒരു തുണിയില്‍ കുറച്ച് ഐസ് പൊതിഞ്ഞ് കൊതുക് കടിച്ച ഭാഗത്ത് വയ്ക്കാം. പക്ഷെ, ദീര്‍ഘനേരം ഇങ്ങനെ വയ്ക്കുന്നത് ചര്‍മ്മത്തിന് നല്ലതല്ല. ചര്‍മ്മത്തിന് ഏറ്റവും ഫലപ്രദമായ മാറ്റങ്ങള്‍ സമ്മാനിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കൊതുകുകടി മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനും ഇത് ഉപയോഗിക്കാം. കറ്റാര്‍വാഴയുടെ ജെല്ലില്‍ അടങ്ങിയിട്ടുള്ള ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഇതിന് സഹായിക്കും. കറ്റാര്‍വാഴയുടെ ഒരു ചെറിയ തണ്ടെടുത്ത് ജെല്‍ വേര്‍തിരിച്ച ശേഷം ഇത് പുരട്ടാം. തേനും ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇതില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. കൊതുക് കടിച്ച ഭാഗത്ത് ഒരു തുള്ളി തേനെടുത്ത് തേക്കുന്നത് ആശ്വാസം നല്‍കും. തുളസിയില്ലാത്ത വീടുകളുണ്ടാകില്ല. കൊതുകു കടിച്ചാല്‍ തുളസിയുടെ ഇലകള്‍ അരച്ച് തേക്കുന്നത് നല്ലതാണ്. അതുമാത്രമല്ല, കുറച്ച് തുളസിയിലകള്‍ എടുത്ത് അല്‍പം വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിച്ച് ആ വെള്ളം ചര്‍മ്മത്തില്‍ പുരട്ടുന്നതും ഫലപ്രദമാണ്. എല്ലാ അടുക്കളകളിലും ഉറപ്പായും സവാള ഉണ്ടാകും. സവാളയുടെ ഒരു ചെറിയ കഷ്ണം എടുത്ത് കൊതുക് കടിച്ച ഭാഗത്ത് നേരിട്ട് പുരട്ടാം. കുറച്ചുസമയം കഴിഞ്ഞ് ഇത് കഴുകിക്കളയാം.