Click to learn more 👇

മൂത്ത കുട്ടിക്ക് ഡിഎംഡി, ഇളയ കുഞ്ഞിനും ലക്ഷണങ്ങള്‍ വന്നതോടെ തകര്‍ന്നു: കൂട്ട ആത്മഹത്യയ്ക്ക് പിന്നില്‍ മാരകരോഗമെന്ന് സൂചന


 മലപ്പുറം: ഇന്നലെ അര്‍ധരാത്രിയിലാണ് മലപ്പുറത്ത് വടകവീട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ ബാബുവിന്റെ മകൻ സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവര്‍ധൻ (രണ്ടര) എന്നിവരാണ് മരിച്ചത്.

ഇപ്പോഴിതാ സംഭവത്തിലെ 'വില്ലൻ' മാരക രോഗമായ ഡുഷേൻ മസ്കുലര്‍ ഡിസ്ട്രോഫിയെക്കുറിച്ചുള്ള വിഷമമെന്നു സംശയം. മൂത്ത കുട്ടിക്ക് ഈ അസുഖമാണെന്ന് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ മാതാപിതാക്കളുടെയും ഇളയ കുട്ടിയുടെയും പരിശോധന നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതായി ബന്ധുകള്‍ പറയുന്നു. ഇളയ കുഞ്ഞിനും ലക്ഷണങ്ങള്‍ ഉള്ളതായി സംശയം തോന്നിയതോടെ മാതാപിതാക്കള്‍ തകര്‍ന്നു.

പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്നതാണ് ഡിഎംഡി എന്ന ഈ അസുഖം. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളെക്കുറിച്ചുള്ള മനോവിഷമം മൂലം ജീവനൊടുക്കിയതാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. 2 ധനകാര്യ സ്ഥാപനങ്ങളിലെ മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്ന ദമ്ബതികള്‍ക്ക് സാമ്ബത്തികമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

കണ്ണൂരില്‍ ബാങ്ക് മാനേജരായി കഴിഞ്ഞ ശനിയാഴ്ച ചുമതലയേറ്റ ഷീന ഇന്ന് മലപ്പുറം മുണ്ടുപറമ്ബിലെ വീട്ടുസാധനങ്ങളെല്ലാം മാറ്റാനായി ഒരുക്കം പൂര്‍ത്തിയാക്കിയതിനിടെയാണ് 4 പേരുടെയും മരണ വാര്‍ത്തയെത്തിയത്. വീട് മാറ്റത്തിനായി അവധിയെടുത്ത് ഞായറാഴ്ചയാണ് തിരിച്ച്‌ മലപ്പുറത്തെത്തിയത്. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന മൂത്ത മകൻ ഹരിഗോവിന്ദിന്റെ സ്കൂള്‍ മാറ്റത്തിനുള്ള രേഖകളും ശരിയാക്കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഇന്ന് കണ്ണൂരിലേക്കു തിരിക്കുമെന്ന് ഷീനയും ഭര്‍ത്താവ് സബീഷും അവരവരുടെ വീടുകളില്‍ ഇന്നലെ വൈകിട്ട് 4 മണിയോടെ അറിയിച്ചിരുന്നു. എന്നാല്‍ 8 മണിയോടെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഇരുവരെയും കിട്ടിയില്ല. പിന്നീടാണ് ബന്ധുക്കള്‍ മലപ്പുറം പൊലീസില്‍ വിവരമറിയിച്ചത്.

അര്‍ധരാത്രിയോടെ പൊലീസ് എത്തിയാണ് വീട് തുറന്ന് അകത്തു കടന്നതും 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതും.

4 പേരുടെയും മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഉച്ചയ്ക്ക് 2.30ന് വിട്ടുകിട്ടിയ മൃതദേഹങ്ങളുമായി ബന്ധുക്കള്‍ കണ്ണൂര്‍ തളിപ്പറമ്ബിലേക്ക് തിരിച്ചു. മുയ്യത്തെ ഷീനയുടെ വീട്ടില്‍ ആദ്യം പൊതുദര്‍ശനം. തുടര്‍ന്ന് രാത്രി തന്നെ സബീഷിന്റെ കോഴിക്കോട് കുറ്റിക്കാട്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. ഇന്ന് രാവിലെ 9ന് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് സംസ്കാരം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.