കോട്ടയം നഗരിയില്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ പതിനായിരക്കണക്കിനാളുകളാണ് കാത്തുനില്‍ക്കുന്നത്. ഇന്നലെ രാവിലെ 7 മണിമുതല്‍ തുടങ്ങിയ വിലാപ യാത്ര ഇന്ന് രാവിലെ പത്തുമണിയോടെയാണ് കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചത്.
തിരുനക്കര മൈതാനിയില്‍ അന്തിമോപചാരം അര്‍പ്പിക്കാൻ ജനസാഗരം കാത്തുനില്‍ക്കുകയാണ്.
രണ്ടു ഘട്ടമായാണ് പൊതുദര്‍ശനം. വള്ളക്കാല്‍ വീട്ടിലേക്ക് ആദ്യം കൊണ്ടുപോകും. അതിനു ശേഷമായിരിക്കും രണ്ടാമത്തെ പൊതുദര്‍ശനം ഉണ്ടാവുക. തിരുനക്കരയില്‍ വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെയാണ് നിയമിച്ചിട്ടുള്ളത്. മൈതാനിയില്‍ ആളുകളെ തങ്ങി നില്‍ക്കാൻ അനുവദിക്കില്ല. പ്രത്യേകമായി വരി നിന്ന് ആദരമര്‍പ്പിച്ചു മടങ്ങാൻ ജനങ്ങള്‍ക്ക് ചിട്ടയായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയ കേരളം കരുതിയതിലും ഏറെ ആഴത്തില്‍ ഉമ്മൻചാണ്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നുവെന്ന് വ്യക്തമാകുന്നതാണ് വിലാപയാത്ര. കാരുണ്യത്തിന്റേയും മനുഷ്യസ്നേഹത്തിന്റേയും ആള്‍രൂപമായിരുന്നു ഉമ്മൻചാണ്ടിയെന്ന് സുഹൃത്തും സഹപാഠിയും സഹപ്രവര്‍ത്തകനുമായ കെസി ജോസഫ് കോളേജ് പഠനകാലം മുതലുള്ള സൗഹൃദം ഓര്‍ത്തെടുത്ത് പറഞ്ഞു. എൻഎസ്‌എസുമായുള്ള ഉമ്മൻചാണ്ടിയുടെ ബന്ധം ഏറെ ദൃഢമായിരുന്നുവെന്ന് പെരുന്നയില്‍ വച്ച് ജി സുകുമാരൻ നായര്‍ പറഞ്ഞു.