കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടര്‍ന്ന സാഹചര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇടുക്കി ജില്ലയില്‍ രാത്രിയാത്രാ നിരോധം ഏര്‍പ്പെടുത്തി. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയാണ് നിരോധനം.
മഴക്കെടുതി നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് റവന്യു മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. മുന്നൊരുക്കങ്ങള്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും
ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും ചുമതല. മഴക്കെടുതി വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടാവസ്ഥയില്‍ ഉള്ള മരങ്ങള്‍ മുറിച്ചുനീക്കണം. എന്നാല്‍ ഇതിന് കലക്ടറുടെ നിര്‍ദേശത്തിന് കാത്തുനില്‍ക്കേണ്ടതില്ല. ക്യാമ്ബുകള്‍ തുറക്കാന്‍ സജ്ജമാണ്. കൂടുതല്‍ പേര്‍ ക്യാമ്ബുകളിലേക്ക് വരാന്‍ സാധ്യതയുണ്ട്. താലൂക് അടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും എമര്‍ജന്‍സി സെന്ററുകള്‍ തുറക്കും. പനി ബാധിതരെ പ്രത്യേകം പാര്‍പ്പിക്കണം. അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്നും മന്ത്രി പറഞ്ഞു.
പ്രാദേശിക മഴ കണക്ക് പ്രത്യേകം പരിശോധിക്കും. അപകടകരമായ തരത്തില്‍ വിനോദങ്ങളോ, യാത്രകളോ പാടില്ല. നാളെയും കൂടി മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് കുറയും. നിലവില്‍ ഡാമുകളിലെ നില സുരക്ഷിതമാണ്. എന്തും നേരിടാന്‍ സജ്ജമായിരിക്കുകയാണ്. കൂടുതല്‍ മഴ കിട്ടിയ പ്രദേശങ്ങളില്‍ ജാഗ്രത വേണം. കുതിര്‍ന്ന് കിടക്കുന്ന മണ്ണില്‍ ചെറിയ മഴ പെയ്താലും മണ്ണിടിച്ചില്‍ സാധ്യത കൂടുതലാണ്. 7 എന്‍ഡിആര്‍എഫ് സംഘങ്ങള്‍ നിലവില്‍ ഉണ്ടെന്നും കൂടുതല്‍ സംഘത്തെ ഇപ്പോള്‍ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.