Click to learn more 👇

തൃശ്ശൂരില്‍ കാട്ടാനയെ റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചുമൂടിയ സംഭവത്തിൽ കാട്ടാനയുടെ ജഡത്തില്‍ കൊമ്ബില്ല; മുറിച്ചെടുത്തതെന്ന് വെറ്ററിനറി സര്‍ജന്‍ ; വീഡിയോ


 ചേലക്കരയില്‍ കുഴിച്ചിട്ട കാട്ടാനയുടെ ജഡത്തില്‍ ഒരു കൊമ്ബ് കാണാനില്ലെന്ന് വെറ്ററിനറി സര്‍ജൻ. മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്ത ആനയുടെ അസ്ഥികൂടത്തില്‍ ഒരു കൊമ്ബ് മാത്രമാണ് കിട്ടിയത്.

ഒരു കൊമ്ബ് മുറിച്ചെടുത്തതാണെന്നും കുഴിച്ചിട്ടാലും ദ്രവിക്കാത്തതാണ് ആനക്കൊമ്ബെന്നും വെറ്ററിനറി സര്‍ജൻ വ്യക്തമാക്കി. ജഡം കണ്ടെത്തിയ റബ്ബര്‍ എസ്റ്റേറ്റിന്റെ ഉടമ മണിയഞ്ചിറ റോയ് ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങി.

വനം വന്യജീവി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആനയുടെ ജഡം കുഴിച്ചുമൂടിയെന്നായിരുന്നു വിവരം. സ്ഥലത്ത് ജെസിബി എത്തിച്ച്‌ മണ്ണ് മാന്തി നടത്തിയ പരിശോധനയില്‍ ആനയുടെ അസ്ഥികൂടമാണ് ലഭിച്ചത്.

തുടക്കത്തില്‍ രണ്ടര മാസത്തെ പഴക്കം ആനയുടെ ജഡത്തിനുണ്ടെന്നായിരുന്നു കരുതിയത്. എന്നാല്‍ വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 20 ദിവസം മാത്രം പഴക്കമുള്ളതാണ് അസ്ഥികൂടമെന്ന് വ്യക്തമായി. 

ഏകദേശം 15 വയസ് പ്രായമുള്ള കൊമ്ബനാനയുടെ ജഡമാണ് കണ്ടെത്തിയത്. ആനയ്ക്ക് വെടിയേറ്റതാണോയെന്നായിരുന്നു സംശയം. പ്രാഥമിക പരിശോധനയില്‍ വെടിയേറ്റിട്ടില്ലെന്നാണ് കണ്ടെത്തിയത്. ആനയുടെ ജഡം വേഗത്തില്‍ അഴുകുന്നതിന് എന്തെങ്കിലും രാസപദാര്‍ത്ഥം ഒഴിച്ചിരുന്നോയെന്ന് പരിശോധിക്കുന്നുണ്ട്.

ആനയെ വേട്ടയാടി കൊലപ്പെടുത്തിയതാണോ ഷോക്കേറ്റ് കൊല്ലപ്പെട്ടതാണോയെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടക്കേണ്ടതുണ്ട്. ആന ചരിഞ്ഞാല്‍ വനം വകുപ്പിനെ അറിയിച്ചിരുന്നില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. 

 ആനയെ കൊലപ്പെടുത്തിയതാണെങ്കില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.