കൊച്ചി:മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതനായ അദ്ധ്യാപകനെ ക്ളാസ് റൂമില്‍ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി.
കെഎസ്‌യു നേതാവ് ഫാസില്‍ അടക്കം ആറ് വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്തു. അദ്ധ്യാപകൻ ക്ളാസ് എടുക്കുന്നതിനിടയില്‍ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായ ഫാസില്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ അവഹേളിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തു വന്നിരുന്നു. പിന്നാലെയാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
ബി എ പൊളിറ്റിക്കല്‍ സയൻസ് അദ്ധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ ക്ളാസ് റൂമിനുള്ളില്‍ അപമാനിച്ചത്. അദ്ധ്യാപകൻ ക്ളാസിലുള്ളപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഫോണ്‍ നോക്കിയിരിക്കുന്നതും കസേര വലിച്ചുമാറ്റുന്നതും അടങ്ങുന്ന വീഡിയോയാണ് പുറത്തു വന്നത്. അദ്ധ്യാപകന്റെ പുറകില്‍ നിന്ന് കളിയാക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
ക്ളാസിലെ വിദ്യാര്‍ത്ഥികള്‍ തന്നെ ചിത്രീകരിച്ച വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ പുറത്തു വന്നതിന് പിന്നാലെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. കെഎസ്‌യു നേതാവ് അടക്കമുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് കോളേജ് നടപടി സ്വീകരിച്ചത്.
അതേസമയം വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ രംഗത്തെത്തിയിരുന്നു. അദ്ധ്യാപകനെ അവഹേളിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാരാജാസിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കാകെ അപമാനം വരുത്തിവെച്ച KSU നേതാവ് ഫാസിലിനെതിരെ KSU സംസ്ഥാന നേതൃത്വം നടപടിയെടുക്കുമെന്നും പ്രതീക്ഷിക്കുന്നതായി ആര്‍ഷോ പ്രതികരിച്ചു.