തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി (30) താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച കേസില്‍ നാലു പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കോടതിയില്‍ പ്രാഥമിക പ്രതിപ്പട്ടിക സമര്‍പ്പിച്ചു.
മലപ്പുറം ഡിസ്ട്രിക്‌ട് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്‌ഷൻ ഫോഴ്സിന്റെ (ഡാൻസാഫ്) ഭാഗമായ വിവിധ സ്റ്റേഷനുകളിലെ പൊലീസുകാരാണ് പ്രതികള്‍. താനൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മലപ്പുറം പള്ളിക്കല്‍ അനുപമ നിവാസില്‍ ജിനീഷ് (37), പരപ്പനങ്ങാടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കൊല്ലം നീണ്ടകര ആലീസ് ഭവനില്‍ ആല്‍ബിൻ അഗസ്റ്റിൻ (36), കല്‍പകഞ്ചേരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മലപ്പുറം കേരളാധീശപുരം കരയകത്ത് വീട്ടില്‍ അഭിമന്യൂ (35), തിരൂരങ്ങാടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മലപ്പുറം വള്ളിക്കുന്ന് വിപഞ്ചികയില്‍ വിപിൻ (38) എന്നിവരാണ് പ്രതികള്‍. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
താനൂര്‍ സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടര്‍ ആര്‍.ഡി. കൃഷ്ണലാല്‍ ഉള്‍പ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് സൂചന. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റെജി എം.കുന്നിപ്പറമ്ബിലിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
കൊലപാതകം (302), അന്യായമായ തടങ്കല്‍ (342), മര്‍ദ്ദിച്ചു കുറ്റം സമ്മതിപ്പിക്കല്‍(330) , ദേഹോപദ്രവം (323), ആയുധം ഉപയോഗിച്ച് ഗുരുതര പരിക്ക് ഏല്‍പ്പിക്കല്‍(324) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
വഴിത്തിരിവായത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
മയക്കുമരുന്ന് കേസില്‍ മറ്റ് നാല് പേര്‍ക്കൊപ്പം പിടിയിലായ താമിര്‍ ജിഫ്രി അമിതലഹരി ഉപയോഗത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അക്രമാസക്തനായി കുഴഞ്ഞുവീണെന്നും ഉടനെ ആശുപത്രിയിലെത്തിച്ചെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. എന്നാല്‍, താനൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണം ശക്തിപ്പെട്ടിരുന്നു.
ശരീരത്തില്‍ 21 മുറിവുകളുണ്ടെന്നും ശ്വാസകോശത്തിലെ രക്തസ്രാവവും ദണ്ഡുപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ ആഴത്തിലേറ്റ മുറിവുകളും അമിതമായ ലഹരിയും മരണ കാരണങ്ങളായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
തുടകള്‍ക്ക് പിറകിലും ഇടതുകാലിന്റെ അടിഭാഗത്തും അടിയേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ട്. ഒമ്ബത് മുറിവുകള്‍ ആയുധം ഉപയോഗിച്ചുള്ള മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നും മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഫോറൻസിക് മേധാവി ഡോ.ടി.എസ്.ഹിതേഷ് ശങ്കറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഡോ.ഹിതേഷ് ശങ്കര്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയെന്ന് പൊലീസ് ആരോപിച്ചിരുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും താൻ നല്‍കിയത് സത്യസന്ധമായ റിപ്പോര്‍ട്ടാണെന്നും എസ്.പി കാണാൻ വന്നെന്നും ഡോ.ഹിതേഷ് ശങ്കര്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു.
താമിര്‍ ജിഫ്രിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം അന്വേഷണം സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടിട്ടുണ്ട്.