ബെംഗളൂരു: വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള കവര്‍ച്ചകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ബെംഗളൂരു- മൈസൂരു പാതയില്‍ പട്രോളിങ് ശക്തമാക്കാൻ പോലീസ്.
ഒട്ടേറെ കവര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാണ്ഡ്യയിലെ 55 കിലോമീറ്റര്‍ ഭാഗത്താണ് കൂടുതല്‍ പോലീസുകാരെ പട്രോളിങ്ങിന് നിയോഗിക്കുക.
മാണ്ഡ്യ എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് സംഘത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനവുമൊരുക്കും. നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കാനും തീരുമാനമുണ്ട്.
രണ്ടുമാസത്തിനുള്ളില്‍ മൂന്ന് വൻ കവര്‍ച്ചകളാണ് പാതയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂലായ്‌ഒന്നിന് കുടക് സ്വദേശിയുടെ വാഹനം തടഞ്ഞുനിര്‍ത്തി 3.5 ലക്ഷവും ജൂലായ് 19-ന് മൈസൂരു സ്വദേശികളുടെ രണ്ടുലക്ഷവും ഓഗസ്റ്റ് 13-ന് കോലാര്‍ സ്വദേശികളായ ദമ്ബതിമാരുടെ 1.7 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങളും കവര്‍ച്ചക്കാര്‍ തട്ടിയെടുത്തിരുന്നു.
ഇതിനുപുറമേ ഒട്ടേറെ ചെറുകവര്‍ച്ചകളുമുണ്ടായി. ഇതോടെ മതിയായ സുരക്ഷയൊരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി രൂക്ഷമായ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍നിന്ന് പോലീസിനെതിരേ ഉയര്‍ന്നത്.
അതേസമയം, പാതയുടെ ഇരുവശങ്ങളിലും സ്ഥാപിച്ച ഇരുമ്ബുവേലികള്‍ മോഷണം പോകുന്നതും പതിവായിരിക്കുകയാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ മദ്ദൂര്‍, ചന്നപട്ടണ എന്നിവിടങ്ങളിലാണ് ഇരുമ്ബുവേലികളുടെ മോഷണങ്ങളില്‍ ഭൂരിഭാഗവുമുണ്ടായത്