സ്നേഹ ബന്ധത്തിന് എതിര് നിന്ന അച്ഛനെ ആണ്‍സുഹൃത്തിൻ്റെ സഹായത്തോടെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പതിനാറുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പിതാവിനെ വെട്ടിയ ആണ്‍സുഹത്തുള്‍പ്പെടെ മൂന്ന് പേരെയും പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ തേനിയിലാണ് സംഭവം.
തേനിയില്‍ താമസിക്കുന്ന പെരിയകുളം സ്വദേശിയായ വേണുഗോപാലിനെയാണ് കൊലപ്പെടുത്താനായി മകളുടെ ആണ്‍സുഹൃത്തും ഇയാളുടെ കൂട്ടുകാരും ചേര്‍ന്ന് മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകളെയും സുഹൃത്ത് മുത്തു കാമാക്ഷി, കൂട്ടുകാരായ ശെല്‍വ കുമാര്‍, കണ്ണപ്പൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ വീട്ടില്‍ നിന്നാണ് വേണുഗോപാലിൻ്റെ മകള്‍ സ്ക്കൂളില്‍ പഠിച്ചിരുന്നത്. ഇതിനിടെ ഒ പന്നീര്‍ശെല്‍വത്തിൻ്റെ ബന്ധുലിൻ്റെ ഡ്രൈവറുമായി കുട്ടി ലോഹ്യത്തിലായി. സംഭവ മറിഞ്ഞ വേണുഗോപാല്‍ ബന്ധത്തെ എതിര്‍ത്തു.
മുത്തുകാമാക്ഷിയോട് ബന്ധത്തില്‍ നിന്ന് പിന്മാറണമെന്നും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് വാഹന ഉടമയോടും ആവശ്യപ്പെട്ടു. തയ്യാറാകാതെ വന്നതോടെ മുത്തു കാമാക്ഷിയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. വേണുഗോപാല്‍ മകളെ തേനിയില്‍ തനിക്കൊപ്പം നിര്‍ത്തി.
ഇതോടെ അച്ഛനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തണമെന്ന് മുത്തു കാമാക്ഷിയോട് പല തവണ ആവശ്യപ്പെട്ടു. മുത്തു ഇതിനായി പലരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. ഒടുവില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്താൻ മുത്തു കാമാക്ഷി തീരുമാനിച്ചു. വീട്ടിലേക്ക് വരുന്ന വഴിയില്‍ കൃത്യം നടത്താൻ പറ്റിയ ആളില്ലാത്ത സ്ഥലം പറഞ്ഞു കൊടുത്തതും പെണ്‍കുട്ടിയാണ്. സംഭവ ദിവസം രാത്രി വേണുഗോപാല്‍ ഇരുചക്രവാഹനത്തില്‍ വരുമ്ബോള്‍ മുത്തു കാമാക്ഷി സുഹൃത്തുക്കളായ ശെല്‍വകുമാര്‍, കണ്ണപ്പൻ എന്നിവരോടൊപ്പെം ബൈക്കില്‍ പിന്തുടര്‍ന്നെത്തി ചവിട്ടി വീഴ്ത്തി. പിന്നീട് മൂന്നു പേരും ചേര്‍ന്ന് തുരുതുരാ വെട്ടി. സംഭവ ശേഷം ഒന്നുമറിയാത്തപോലെ പെണ്‍കുട്ടി അച്ഛനൊപ്പം ആശുപത്രിയിലേക്ക് പോവുകയും ചെയ്തു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസ്സിലായത്. സംഭവ സമയത്ത് മുത്തു കാമാക്ഷിയുടെ മൊബൈല്‍ ലൊക്കേഷനും പൊലീസ് പരിശോധിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്. അറസ്റ്റിലായ നാല് പേരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. വേണുഗോപാല്‍ ഗുരുതരാവസ്ഥയില്‍ മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.