വിമാനയാത്രക്കിടെ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തതിന് ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ അറസ്റ്റ് ചെയ്തു.
2022 മെയില്‍ ഹവായിയില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാന യാത്രക്കിടെയാണ് ഡോക്ടറായ സുദീപ്ത മൊഹന്തി 14കാരിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തത്. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 90 ദിവസത്തെ തടവും തുടര്‍ന്ന് ഒരു വര്‍ഷത്തെ നല്ലനടപ്പ് ശിക്ഷയും ലഭിക്കും. 5,000 ഡോളര്‍ പിഴയുമൊടുക്കണം. മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലാണ് ഇയാള്‍ താമസിക്കുന്നത്. ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ച് എഫ്ബിഐ ബോസ്റ്റണ്‍ വിഭാഗം ട്വീറ്റ് ചെയ്തു. തന്റെ അരികിലിരുന്ന 14 വയസുകാരിക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയതിനാണ് ഡോക്ടര്‍ മൊഹന്തിയെ അറസ്റ്റ് ചെയ്തതെന്ന് ട്വീറ്റില്‍ പറയുന്നു.
വനിതാ സുഹൃത്തിനൊപ്പമാണ് 33കാരനായ ഡോക്ടര്‍ യാത്ര ചെയ്തിരുന്നത്. കഴുത്തുവരെ പുതപ്പുകൊണ്ട് മൂടിയിരുന്ന ഇയാളുടെ കാല്‍ മുകളിലേക്കും താഴേക്കും ചലിക്കുന്നത് കണ്ടാണ് പെണ്‍കുട്ടി ശ്രദ്ധിച്ചത്. പിന്നീട്, ബ്ലാങ്കറ്റ് തെന്നിവീണപ്പോള്‍ മൊഹന്തിയുടെ പാന്റിന്റെ സിപ്പ് അഴിച്ച് ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. ഈ സമയമൊക്കെ ഇയാളുടെ തോളില്‍ തലചായ്ച്ച് വനിതാ സുഹൃത്ത് ഉറങ്ങുകയായിരുന്നു. വെറുപ്പും അസ്വസ്ഥതയും ഉളവാക്കുന്ന ഇയാളുടെ പ്രവൃത്തികാരണം പെണ്‍കുട്ടിയെ ഉടൻ തന്നെ മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു.
സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ തനിക്ക് അതിനെക്കുറിച്ച് ഓര്‍മയില്ലെന്നാണ് മൊഹന്തി പറഞ്ഞത്. വിമാനത്തിലെ ലൈംഗികാതിക്രമം, ആക്രമണം, വിമാന ജീവനക്കാരെ തടസ്സപ്പെടുത്തല്‍, മോഷണം തുടങ്ങി എല്ലാ കാര്യങ്ങളും എഫ്ബിഐ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഓഫിസര്‍ ക്രിസ്റ്റഫര്‍ ഡിമെന്ന പറഞ്ഞു. സംഭവം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എഫ്ബിഐ അധികൃതര്‍ വ്യക്തമാക്കി.