ബംഗളൂരു: മാട്രിമോണി സെെറ്റ് വഴി സൗഹൃദം സ്ഥാപിച്ച് യുവാവില്‍ നിന്ന് 1.1കോടി രൂപയോളം തട്ടിയ ബംഗളൂരു സ്വദേശിനിയ്ക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്.
യു കെയില്‍ ജോലിചെയ്യുന്ന കെ ആര്‍ പുരം സ്വദേശിയായ 41 കാരനാണ് തട്ടിപ്പിനിരയായത്. യുവാവുമായി നടത്തിയ വീഡിയോ കോളില്‍ സ്വയം വിവസ്‌ത്രയായ ശേഷം അത് റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തിയാണ് യുവതി പണം തട്ടിയത്. പരാതിയെ തുടര്‍ന്ന് യുവതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 84 ലക്ഷം രൂപ പൊലീസ് മരവിപ്പിച്ചു. പരിശീലന ആവശ്യത്തിനായി ഇയാള്‍ യു കെയില്‍ നിന്ന് ബംഗളൂരുവിലെത്തിയിരുന്നു. ഇതിനിടെ വിവാഹത്തിനായി ഇയാള്‍ ഒരു മാട്രിമോണിയല്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് വ്യാജ പ്രൊഫൈലുള്ള ഒരു സ്ത്രീ ഇയാളുമായി സൗഹൃദത്തിലായി. പിന്നെ ഇരുവരും മൊബൈല്‍ നമ്ബറുകള്‍ കൈമാറി. വിവാഹത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ച യുവതി, താൻ അമ്മയ്ക്കൊപ്പമാണ് കഴിയുന്നതെന്നും തന്റെ പിതാവ് ജീവിച്ചിരിപ്പില്ലെന്നും ഇയാളോട് പറഞ്ഞു. ജൂലായ് 2ന് ഇയാളെ ഫോണില്‍ വിളിച്ച് യുവതി മാതാവിന് സുഖമില്ലെന്ന് പറഞ്ഞ് 1,500 രൂപ കടംവാങ്ങി. ജൂലായ് 4ന് അര്‍ദ്ധരാത്രി 12 മണിയോടെ യുവതി ഇയാളെ വീഡിയോ കോള്‍ ചെയ്തു. സംസാരത്തിനിടെ യുവതി വസ്ത്രം ഊരി. എന്നിട്ട് ദൃശ്യങ്ങള്‍ രഹസ്യമായി റെക്കോഡ് ചെയ്യുകയും ചെയ്തു.
വീഡിയോ കോളിന് ശേഷം ഇതിന്റെ ദൃശ്യങ്ങള്‍ യുവതി ഇയാള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇയാളുടെ കുടുംബത്തിന് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഒടുവില്‍ യുവതി നല്‍കിയ നാല് മൊബൈല്‍ നമ്ബറുകളിലേക്കും രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കുമായി 1,14,00,000 ത്തിലേറെ രൂപ ഇയാള്‍ അയച്ചുകൊടുക്കുയായിരുന്നു.
തുടര്‍ന്ന് അക്കൗണ്ടിലേക്ക് പണം അയച്ചപ്പോഴാണ് യുവതിയുടെ യഥാര്‍ത്ഥ പേര് മനസിലായതെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ട് യുവതി തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നും അദ്ദേഹം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഐടി ആക്‌ട് പ്രകാരം കേസെടുത്ത പൊലീസ് യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.