ബെംഗളൂരു: ഹണിട്രാപ്പില്‍ കുടുക്കി അറുപതുകാരനില്‍ നിന്നും 82 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.
റീന അന്നമ്മ(40), സ്നേഹ(30), സ്നേഹയുടെ ഭര്‍ത്താവ് ലോകേഷ്(26) എന്നിവരാണ് പിടിയിലായത്. ബെംഗളുരു സ്വദേശിയായ മുൻ സര്‍ക്കാര്‍ ജീവനക്കാരനെയാണ് മൂവര്‍ സംഘം ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയത്. കുടുതല്‍ പണം ആവശ്യപ്പെട്ട് സംഘം ഭീഷണി തുടര്‍ന്നതോടെയാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഒരു സുഹൃത്ത് മുഖേനയാണ് പരാതിക്കാരൻ റീന അന്നമ്മയെ പരിചയപ്പെടുന്നത്. അന്നമ്മയ്ക്ക് പണത്തിന് ആവശ്യമുണ്ടെന്നും സഹായിക്കണമെന്നും സുഹൃത്ത് അറിയിച്ചു. തുടര്‍ന്ന് റീന വന്നു കണ്ടു. അഞ്ചു വയസ്സുള്ള മകന് ക്യാൻസറാണെന്ന് പറഞ്ഞ് 5000 രൂപ വാങ്ങി. തുടര്‍ന്നും പല തവണ പണം വാങ്ങി. കഴിഞ്ഞ മേയില്‍ ഇലക്‌ട്രോണിക് സിറ്റിയിലെ ഒയോ ഹോട്ടലില്‍ എത്തിച്ച് റീന ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
പിന്നാലെ സ്‌നേഹയെ പരിചയപ്പെടുത്തി. സ്‌നേഹയും നിരവധി പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടാൻ തുടങ്ങി. ഇതിന് വിസമ്മതിച്ചതോടെ റീനയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. ചിത്രങ്ങള്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പണം നല്‍കാൻ തീരുമാനിച്ചത്. തുടര്‍ന്ന് 82 ലക്ഷം രൂപ അന്നമ്മയുടെയും സ്‌നേഹയുടെയും വ്യത്യസ്ത അക്കൗണ്ടുകളില്‍ അയച്ചുനല്‍കി. പണം നല്‍കിയ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ മകളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
എന്നാല്‍ 42 ലക്ഷം രൂപ കൂടി നല്‍കണമെന്നും ഇല്ലെങ്കില്‍ ചിത്രങ്ങള്‍ കുടുംബത്തിന് അയച്ചുകൊടുക്കുമെന്നും പറഞ്ഞതോടെ വയോധികൻ പരാതി നല്‍കി. പണം തട്ടല്‍, കബളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളുടെ അക്കൗണ്ടിലെ 25 ലക്ഷം രൂപ മരവിപ്പിച്ചെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. ലോകേഷ് എസ്റ്റേറ്ര് തൊഴിലാളിയാണ്. സ്‌നേഹയ്ക്ക് ഒരു വയസ്സുള്ള കുട്ടിയുണ്ട്.