തേനി: കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് പോയ കാറില്‍ മനുഷ്യന്റേതെന്ന് കരുതുന്ന ശരീരഭാഗങ്ങള്‍ ആടിന്റേതെന്ന് പരിശോധനയില്‍ തെളിഞ്ഞു.
ദുര്‍മന്ത്രവാദ കേസില്‍ മൂന്ന് പേരെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദി ചമഞ്ഞ പുളിക്കീഴ് സ്വദേശി ജെയിംസ് അടക്കമുള്ളവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കാറിലുണ്ടായിരുന്ന രണ്ട് പേരേയും പിടികൂടിയിരുന്നു.
കേരളത്തില്‍നിന്ന് പോയ കാറില്‍ നിന്ന് ദുര്‍മന്ത്രവാദം ചെയ്ത് പാത്രത്തില്‍ അടച്ചിട്ട നാവ്, കരള്‍, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മനുഷ്യന്റേതെന്ന് കരുതിയെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ ഇവ ആടിന്റേതാണെന്ന് തെളിഞ്ഞു. ജെയിംസ് സ്വാമി എന്ന ജെയിംസ്(55), ബാബാ ഫക്രുദ്ദീൻ ( 38), പാണ്ടി (30) എന്നിവരെയാണ് ഉത്തമപാളയം പൊലീസ് അറസ്റ്റ് ചെയ്തത്.
ദുര്‍മന്ത്രവാദത്തിലൂടെ പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മധുര സ്വദേശിയ കബളിപ്പിച്ച് രണ്ടര ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു. സംഘത്തിനൊപ്പമുണ്ടായിരുന്ന പരുമല നാക്കട കാട്ടില്‍പറമ്ബില്‍ ചെല്ലപ്പനേയും (57) ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ഉത്തമപാളയത്ത് വാഹനപരിശോധനയില്‍ ഒരു പെട്ടിയില്‍ ഹൃദയം, നാവ്, കരള്‍ എന്നിവ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിങ്, മുരുകൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. കേരളത്തില്‍ നിന്നും പൂജയ്ക്കു ശേഷമെത്തിച്ച മനുഷ്യന്റെ അവയവങ്ങളാണിതെന്നും ഇത് വീട്ടില്‍ സൂക്ഷിച്ചാല്‍ സമ്ബത്ത് കൈവരുമെന്നും ജെയിംസ് സ്വാമി പറഞ്ഞതായാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്.
പരുമല സ്വദേശി ചെല്ലപ്പനാണ് പെട്ടി നല്‍കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കേരള പൊലീസിന്റെ സഹായത്തോടെ ചെല്ലപ്പനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. അതേസമയം, അറസ്റ്റിലായ ജെയിംസ് സ്വാമി നേരത്തേ കള്ളനോട്ട് കേസിലും പ്രതിയാണെന്ന് കണ്ടെത്തി. 'ചുട്ടകോഴിയെ പറപ്പിക്കുന്ന കേരള മന്ത്രവാദി'എന്നാണ് മന്ത്രവാദം ചെയ്യാനതെത്തിയവര്‍ ഇയാളെ പരിചയപ്പെടുത്തിയത്.