കൊച്ചി: നെല്‍ കര്‍ഷകര്‍ക്ക് വില ലഭിക്കാത്തതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി നടന്‍ ജയസൂര്യ. കളമേേശ്ശരി കാര്‍ഷികോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി മന്ത്രി പി. പ്രസാദ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവരെ വേദിയിലിരുത്തിയായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. കര്‍ഷകര്‍ അവഗണന നേരിടുന്നുവെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാല്‍ തിരുവോണ ദിനത്തില്‍ പല കര്‍ഷകരും ഉപവാസ സമരത്തിലാണ് എന്ന് ജയസൂര്യ ചൂണ്ടിക്കാട്ടി. പുതു തലമുറ കൃഷിയിലേക്ക് വരുന്നില്ലെന്ന് പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതെന്ന് അറിയണമെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം കൃഷിക്കായി മന്ത്രി പി രാജീവ് കൊണ്ടുവന്ന പദ്ധതികളെ അഭിനന്ദിക്കാനും താരം മറന്നില്ല.
'കര്‍ഷകരുടെ സഹായം ഒരു ദിവസം മൂന്ന് നേരം വെച്ച് വേണം. അവരുടെ സഹായമില്ലാതെ നമുക്ക് ഒരു ദിവസം പോലും കടന്നുപോകാന്‍ കഴിയില്ല. നടനായ കൃഷ്ണപ്രസാദ് എന്റെ സുഹൃത്താണ്. കൃഷികൊണ്ട് ജീവിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അഞ്ചോ ആറോ മാസമായി അദ്ദേഹത്തിന് സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസ സമരമിരിക്കുകയാണ്,' ജയസൂര്യ പറഞ്ഞു.
നമ്മുടെ കര്‍ഷകര്‍ അവര്‍ക്കായി തിരുവോണ ദിവസം പട്ടിണിയിരിക്കുന്നത് ഒന്നാലോചിച്ചു നോക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഉപവാസമെടുക്കുന്നത് കാര്യം നടത്തി തരുന്നതിന് വേണ്ടി മാത്രമല്ല അധികാരികളുടെ കണ്ണിലേക്ക് ഇതെത്തിക്കാന്‍ കൂടി വേണ്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് വേണ്ടിയാണ് താന്‍ ഇവിടെ സംസാരിക്കുന്നത് എന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. പുതുതലമുറയിലുള്ള ചെറുപ്പക്കാര്‍ക്ക് ഷര്‍ട്ടില്‍ ചെളി പുരളുന്നതില്‍ ഇഷ്ടമല്ല എന്നാണ് മന്ത്രി പറഞ്ഞത്.
എന്നാല്‍ തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് എങ്ങനെയാണ് സര്‍ ഇതിലേക്ക് വീണ്ടും ഒരു തലമുറ വരിക എന്നായിരുന്നു ജയസൂര്യയുടെ തിരിച്ചുള്ള ചോദ്യം. അവര്‍ ഒരിക്കലും ഇതിലേക്ക് വരില്ലെന്നും അവര്‍ ആഗ്രഹിക്കുന്നത് അവരുടെ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടന്നു പോകുന്ന ഒരു കൃഷിക്കാരനാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന അച്ഛനും അമ്മയും ഉണ്ട് എന്നത് ഒരുദാഹരണമായി കാണിക്കാനുണ്ടാകുമ്ബോഴാണ് എന്ന് താരം ചൂണ്ടിക്കാട്ടി.
പുതിയ തലമുറ കൃഷിയിലേക്ക് എത്തുന്നത് അപ്പോഴാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വലിയ നടപടി ഉണ്ടാകണമെന്നാണ് തന്റെ അഭ്യര്‍ത്ഥന എന്നും അദ്ദേഹം പറഞ്ഞു.
മലയാളികള്‍ പച്ചക്കറി കഴിക്കുന്നില്ല എന്ന മന്ത്രിയുടെ പരാമര്‍ശത്തേയും അദ്ദേഹം വിമര്‍ശിച്ചു. ഇന്നത്തെ സ്ഥിതിവെച്ച് പച്ചക്കറികള്‍ കഴിക്കാന്‍ തന്നെ നമുക്ക് പേടിയാണ്.
വിഷമടിച്ച പച്ചക്കറികളാണ് അന്യസംസ്ഥാനത്ത് നിന്ന് ഇവിടെ വന്നുകൊണ്ടിരിക്കുന്നതെന്നും പാലക്കാടുള്ള തന്റെ അനുഭവം പങ്ക് വെച്ച് കൊണ്ട് ജയസൂര്യ പറഞ്ഞു. ' പാലക്കാട്ടെ ഒരു അരി മില്ലില്‍ ഞാന്‍ പോയിരുന്നു. അവിടെ ഞാന്‍ ഇതുവരെ കാണാത്ത ഒരു ബ്രാന്‍ഡ് കണ്ടു. ഈ ബ്രാന്‍ഡ് ഇവിടെ കണ്ടിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ അതിവിടെ വില്‍പ്പനയ്ക്കില്ല എന്നാണ് അവര്‍ പറഞ്ഞത്,' ജയസൂര്യ ഓര്‍മിച്ചു.
അതിനുള്ള കാരണം ചോദിച്ചപ്പോള്‍ ഇത് പുറത്തേക്കുള്ള ഫസ്റ്റ് ക്വാളിറ്റി അരിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നും അതെന്താ കേരളത്തിലുള്ള നമുക്കാര്‍ക്കും ഫസ്റ്റ് ക്വാളിറ്റി കഴിക്കാനുള്ള യോഗ്യതിയില്ലേ എന്നും ജയസൂര്യ ചോദിച്ചു. അദ്ദേഹം പറയുന്നത് കേരളത്തില്‍ ക്വാളിറ്റി ചെക്കിംഗ് ഇല്ല എന്നാണെന്നും എന്തെങ്കിലും കൊടുത്താല്‍ ക്വാളിറ്റി ചെക്കിംഗ് ഇല്ലാതെ വിടും എന്നും അദ്ദേഹം പറഞ്ഞതായി ജയസൂര്യ പറഞ്ഞു.
വിഷം നിറഞ്ഞ പച്ചക്കറികളും സെക്കന്‍ഡ് ക്വാളിറ്റി, തേര്‍ഡ് ക്വാളിറ്റി പച്ചക്കറികളും അരിയും കഴിക്കേണ്ട ഗതികേടാണ് നമുക്ക്. ഇവിടെ കോടികളുടെ പദ്ധതികളൊക്കെ വരുന്നതില്‍ ഏറ്റവും കൂടുതല്‍ അഭിമാനം കൊള്ളുന്നയാളുകളാണ് നമ്മള്‍. പക്ഷെ, ക്വാളിറ്റി ചെക്കിങ്ങിന് വേണ്ടിയുള്ള അടിസ്ഥാന കാര്യമാണ് ആദ്യമിവിടെ വരേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ പറഞ്ഞതിനെ മന്ത്രി തെറ്റിദ്ധരിക്കരുതെന്നും ജയസൂര്യ പറഞ്ഞു.
'ഒരു ഓര്‍മ്മപ്പെടുത്തലെന്നപോലെ ഞാന്‍ പറഞ്ഞതിനെ കാണണം. വേദിക്ക് പുറത്ത് സ്വകാര്യമായി ഇത് പറഞ്ഞാല്‍ അദ്ദേഹം കേള്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്ന് മാത്രമായി ഇത് മാറും. ഒരു വേദിയില്‍ ഇത്രയും പേരുടെ മുന്നില്‍ വച്ച് പറയുമ്ബോള്‍ അതിനെ സീരിയസായി എടുക്കുമെന്നത് കൊണ്ടാണ് കര്‍ഷകരുടെ പ്രതിനിധിയായി ഞാന്‍ സംസാരിച്ചത്,' ജയസൂര്യ പറഞ്ഞു നിര്‍ത്തി.