കൊല്ലം: കൊല്ലം പത്തനാപുരത്ത് പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍.
മലപ്പുറം സ്വദേശി ഗണേഷിനെയാണ് നാട്ടുകാര്‍ കെട്ടിയിട്ട് പൊലീസില്‍ ഏല്‍പ്പിച്ചത്. ഭാര്യ 23 വയസുള്ള പത്തനാപുരം കടശ്ശേരി സ്വദേശി രേവതി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ദാമ്ബത്യ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണം.
പത്തനാപുരം പൊലീസ് സ്റ്റേഷന് അരക്കിലോമീറ്റര്‍ മാത്രം അകലെ പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു ആക്രമണം. വിവാഹ ബന്ധം വേര്‍പിരിയാൻ സമ്മതം അറിയിച്ച് പൊലീസ് സ്റ്റേഷനില്‍ നിന്ന് നടന്ന് നീങ്ങും വഴി പിന്നാലെയെത്തിയ ഗണേഷ് മുടിക്ക് കുത്തിപ്പിടിച്ച് കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുത്തു. തടയുന്നതിനിടെ രേവതിയുടെ കൈ വിരല്‍ അറ്റു. മുഖത്തും
ശരീരമാസകലവും മുറിവേറ്റു. രക്തം വാര്‍ന്ന് റോട്ടില്‍ കിടന്ന രേവതിയെ നാട്ടുകാര്‍ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലാക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ രേവതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അക്രമാസക്തനായ ഗണേഷിനെ മല്‍പിടിത്തത്തിലൂടെ കീഴടക്കിയ നാട്ടുകാര്‍ കെട്ടിയിട്ട് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഒമ്ബത് മാസം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. രേവതിക്കെതിരെ അവിഹിത ബന്ധം ആരോപിച്ച് ഗണേഷ് മൂന്ന് മാസമായി അകന്നു കഴിയുകയായിരുന്നു. ഭാര്യയെ കാന്മാനില്ലെന്ന് ഗണേഷ് പത്തനാപുരം പൊലീസില്‍ പരാതിയും നല്‍കി. ഇതിനു പിന്നാലെ ഇരുവരേയും സ്റ്റേഷനിലേക്ക് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിപ്പിക്കുകയായിരുന്നു. ഗണേഷിനെതിരെ അവിഹിത ബന്ധ ആരോപണം രേവതി ഉന്നയിച്ചതോടെ ചര്‍ച്ച പരാജയപ്പെട്ടു. ഇതിന് ശേഷം സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി നടന്നു നീങ്ങുന്നതിനിടെയായിരുന്നു ആക്രമണം. തിരുവനന്തപുരം ലുലു മാളിലെ ജീവനക്കാരിയാണ് രേവതി. ടെക്സ്റ്റയില്‍സ് ജീവനക്കാരനാണ് ഗണേഷ്.