തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മരിച്ചു.
തിരുവനന്തപുരം നെല്ലിമൂട് സ്വദേശി സാം ജെ.വത്സലനാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ബന്ധുക്കളുമായുണ്ടായ സംഘര്‍ഷത്തിലാണ് സാമിന് വെട്ടേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.
പൈപ്പില്‍നിന്ന് കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് സാമും സമീപത്തെ ബന്ധുക്കളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് വിവരം. പൈപ്പില്‍നിന്ന് വെള്ളമെടുക്കാൻ സാമിന്റെ കുടുംബത്തെ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച രാത്രി ഈ പ്രശ്നത്തെച്ചൊല്ലി സാമും ബന്ധുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും ഇത് സംഘര്‍ഷത്തില്‍ കലാശിച്ചെന്നുമാണ് വിവരം.
സംഭവത്തില്‍ സാമിന്റെ ബന്ധുക്കളായ രണ്ടുപേരെ കാഞ്ഞിരംകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാംരാജ്, ഡേവിഡ് രാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.