കല്‍പ്പെറ്റ: വയനാട് ജില്ലയിലെ വെണ്ണിയോട് അഞ്ചുവയസുകാരിയായ കുഞ്ഞിനെയുമെടുത്ത് ഗര്‍ഭിണിയായ യുവതി പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃകുടുംബം പോലീസ് പിടിയില്‍.
മരിച്ച ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവരാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവരെ കമ്ബളക്കാട് പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒളിവിലായിരുന്ന ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
ദര്‍ശനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഓം പ്രകാശിനും മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.
ഭര്‍ത്താവും കുടുംബവും മുൻകൂര്‍ ജാമ്യം തേടിയിരുന്നെങ്കിലും ജാമ്യപേക്ഷ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. കഴിഞ്ഞ മാസം 13ന് ആണ് കണിയാമ്ബറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി. വിജയകുമാര്‍-വിശാലാക്ഷി ദമ്ബതികളുടെ മകള്‍ ദര്‍ശന(32) അഞ്ചുവയസുകാരിയായ മകള്‍ ദക്ഷയുമായി പുഴയില്‍ ചാടി ജീവനൊടുക്കിയത്.
നിരന്തരമായി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദര്‍ശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. മുമ്ബ് രണ്ട് തവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. നാല് മാസം ഗര്‍ഭിണിയായിരിക്കെ വീണ്ടും അതിന് നിര്‍ബന്ധിച്ചതോടെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് ദര്‍ശനയുടെ അമ്മ വിശാലാക്ഷി പറയുന്നത്. സര്‍ക്കാര്‍ ജോലിയെന്ന മോഹം വീട്ടുവരാന്തയിലെത്തിയപ്പോഴാണ് ദര്‍ശന ജീവനൊടുക്കുന്നത്. വിഷം കഴിച്ച ശേഷമാണ് യുവതി കുഞ്ഞുമായി പുഴയില്‍ ചാടിയത്.
2016 ഒക്ടോബര്‍ 23നായിരുന്നു ദര്‍ശനയും ഓം പ്രകാശും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നു മകള്‍ക്ക് നിരന്തരം കൊടിയ പീഡനം ഏറ്റിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ആറര വര്‍ഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണ് ദര്‍ശന ജീവനൊടുക്കിയത്. ഭര്‍ത്താവ് മാത്രമല്ല, ഭര്‍തൃ വീട്ടുകാരും മകളെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ദര്‍ശനയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.