ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ചു മരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനപ്രവാഹത്തിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല.
പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ അദ്ദേഹത്തിന്‍റെ അന്ത്യവിശ്രമ സ്ഥലത്തേക്ക് കേരളത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്ന് ഇപ്പോഴും ആളുകളെത്തുന്നു.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചുവപ്പുനാടയില്‍ കുടുങ്ങി കിടന്ന നിരവധി പേരുടെ അപേക്ഷകളും നിവേദനങ്ങളും തീര്‍പ്പാക്കിയിരുന്ന ഉമ്മന്‍ചാണ്ടിയുടെ ജനസമ്ബര്‍ക്ക പരിപാടി മരണശേഷവും അദ്ദേഹം തുടരുന്നു എന്നുവേണം കരുതാന്‍. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെ തേടിയെത്തിയ ആയിരക്കണക്കിന് നിവേദനങ്ങള്‍ പോലെ തീയതിയും സ്ഥലവും പേരും വെച്ച് നിരവധി നിവേദനങ്ങളാണ് അദ്ദേഹത്തിന്‍റെ കല്ലറയിലേക്ക് ദിനംപ്രതിയെത്തുന്നത്.
ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെന്ന നേതാവിന് ലഭിച്ചിരുന്ന ജനകീയതയ്ക്ക് മരണത്തിന് ശേഷം ഒരു ദൈവിക പരിവേഷം ലഭിച്ചെന്ന് തോന്നിപ്പിക്കും വിധമാണ് പുതുപ്പള്ളി പള്ളിയില്‍ നിന്നുള്ള കാഴ്ചകള്‍. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ സമീപിച്ചിരുന്ന സാധാരണക്കാരന്‍റെ ഓരോ ആവശ്യങ്ങള്‍ക്കും വേണ്ടി നിലകൊണ്ടിരുന്ന ഉമ്മന്‍ചാണ്ടി മരണത്തിനിപ്പുറവും തനിക്ക് മുന്നിലെത്തുന്ന നിവേദനങ്ങള്‍ക്കായി ഇടപെടുമെന്നാണ് ഇവരുടെ വിശ്വാസം.