കൊല്‍ക്കത്ത: പശ്ചിമ ബെംഗാളില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് കൈക്കുഞ്ഞിന്‍റെ മുന്നിലിട്ട് യുവതിയെ രണ്ട് പേര്‍ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. അസമിലെ ഗുവാഹത്തിയില്‍ നിന്ന് വടക്കൻ ബംഗാളിലെ അലിപുര്‍ദുവാറിലേക്കുള്ള യാത്രക്കിടെയാണ് യുവതി കൊടിയ പീഡനത്തിന് ഇരയായത്.
ശനിയാഴ്ച രാത്രി ജനറല്‍ കമ്ബാര്‍ട്ടുമെന്‍റില്‍ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയെ ട്രെയിനില്‍ മറ്റു യാത്രക്കാരില്ലാത്ത തക്കം നോക്കി രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഒരാള്‍ കുഞ്ഞിനെ കൈക്കലാക്കി ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
സംഭവത്തില്‍ അസം സ്വദേശികളായ മൊയ്നുള്‍ ഹഖ്, എൻ അബ്ദുള്‍ എന്നീ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അലിപുര്‍ദുവാര്‍ ജില്ലക്കാരിയായ യുവതി ശനിയാഴ്ച ഉച്ചയോടെയാണ് ഗുവാഹത്തിയില്‍ ട്രെയിനില്‍ കയറിയത്. യാത്രക്കിടെ അസമിലെ കൊക്രജാറില്‍ നിന്നാണ് പ്രതികള്‍ ട്രെയിനില്‍ കയറിയത്. കോച്ചിലെ മറ്റ് യാത്രക്കാര്‍ ഇറങ്ങിയതോടെ യുവാക്കള്‍ അടുത്ത് വന്ന് യുവതിയെ ഉപദ്രവിക്കുകയായിരുന്നു.
ട്രെയിൻ അടുത്ത സ്റ്റേഷനിലെത്തിയപ്പോഴാണ് അക്രമികള്‍ യുവതിയെയും കുഞ്ഞിനെയും വിട്ട് പുറത്ത് പോയത്. ഭയന്ന് വിറച്ച യുവതി ട്രെയിനില്‍ നിന്നും കുഞ്ഞുമായി ഇറങ്ങിയോടി പൊലീസിനരികിലെത്തി വിവരം പറയുകയായിരുന്നു. കുറ്റകൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയെന്നും ഇവരെ അലിപുര്‍ദുവാറിലെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയതായും അന്വേഷണ സംഘം അറിയിച്ചു.