യുകെയിലെ മോട്ടോർവേകളിലും പ്രധാന റോഡുകളിലും വാഹനങ്ങളുടെ നീണ്ട നീര പതിവ് കാഴ്ചയാണ്. ചിലപ്പോൾ മണിക്കൂറുകളോളം നീളുന്നതാകും ഇത്തരം ഗതാഗത തടസ്സങ്ങൾ. ഇത്തരത്തിൽ യുകെയിലെ 'എ' റോഡിൽ മണിക്കൂറുകളോളം നീണ്ടു നിന്ന വാഹനങ്ങൾക്കിടയിൽ ഒരു പറ്റം മലയാളികളായ ചെറുപ്പക്കാർ നടത്തിയ നൃത്തം വിവാദമായിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാം റീൽസിലൂടെ വൈറലാക്കാൻ ചെയ്ത നൃത്ത വീഡിയോ ഇപ്പോൾ കൈവിട്ട വൈറലായ സ്ഥിതിയിലെത്തി നിൽക്കുന്നു. യുവാക്കളും യുവതികളും അടങ്ങുന്ന ഒരു സംഘമായിരുന്നു നൃത്ത ചുവടുകൾ ഫ്ലാഷ് മോബ് മാതൃകയിൽ നടത്തിയത്.
സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോയ്ക്ക് നേരെ രൂക്ഷ വിമർശനമാണ് ഉയർന്നിട്ടുള്ളത്. അനന്തു സുരേഷ് എന്നയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഷെയര്‍ ചെയ്ത വിഡിയോ കണ്ടവര്‍ നൃത്തം ചെയ്ത ചെറുപ്പക്കാരെ യുകെയിൽ ഇതൊരിക്കലും പാടില്ലന്നും വീഡിയോ ഡിലീറ്റ് ചെയ്യണം എന്നും കമന്റുകൾ ഇട്ടാണ് വിമർശിക്കുന്നത്. കമന്റുകളായി രൂക്ഷമായ ചീത്ത വാക്കുകൾ ഉപയോഗിക്കുന്നവരും കുറവല്ല.
രണ്ട് വർഷത്തെ പഠനം പൂര്‍ത്തിയാക്കി യൂണിവേഴ്സിറ്റിയുടെ ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടപ്പോള്‍ ഒരു മണിക്കൂറും 20 മിനിറ്റും വഴിയില്‍ കുടുങ്ങിയപ്പോഴാണ് നൃത്തം ചുവടുകൾ വയ്ക്കാൻ തോന്നിയത് എന്നാണ് വിഡിയോ പോസ്റ്റ് ചെയ്തയാൾ സൂചിപ്പിച്ചിരിക്കുന്നത്.
വിഡിയോയിൽ നിന്നും ലഭിക്കുന്ന സൂചനകൾ പ്രകാരം നോർവിച്ചിന് സമീപമുള്ള എ 11 റോഡിലാണ് ഗതാഗത കുരുക്ക് ഉണ്ടായത്. സിംഗിള്‍ ലൈനായ റോഡിൽ ഒരു പറ്റം ചെറുപ്പക്കാര്‍ ഉടൻ തന്നെ ചെറു നൃത്തം ചെയ്ത് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വിഡിയോ വൈറൽ ആയെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടായില്ല. വിഡിയോയ്ക്ക് താഴെ മലയാളികളാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്.
രണ്ടു കാറുകളിലായാണ് നൃത്ത ചെയ്ത ചെറുപ്പക്കാർ എത്തിയത്. വാഹനത്തിൽ നിന്നും ഇറങ്ങി ചുവടുകള്‍ വെച്ച് സെക്കന്റുകൾക്ക് ഉള്ളിൽ മുന്നിലുള്ള വാഹനങ്ങളുടെ നിര നീങ്ങി തുടങ്ങിയതോടെ ചെറുപ്പക്കാരുടെ നൃത്തം അവസാനിപ്പിക്കേണ്ടി വന്നു.
യുകെയിലെ റോഡുകളിൽ ഇത്തരം പ്രകടനങ്ങള്‍ ഹൈവേ കോഡിന് എതിരാണെന്നും വാഹന നമ്പര്‍ വിഡിയോയില്‍ വ്യക്തമായതിനാല്‍ ഡിവിഎല്‍എ യില്‍ പരാതി എത്തിയാല്‍ നടപടി ഉറപ്പാണെന്നും പോസ്റ്റിന് താഴെ കമന്റുകൾ വന്നു. വിഡിയോ പിന്‍വലിച്ചു മാപ്പു പറയണമെന്നും അല്ലങ്കിൽ വിഡിയോ ഡൗൺലോഡ് ചെയ്തു പരാതി നൽകേണ്ടി വരുമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. അന്യ ദേശത്ത് വന്നിട്ട് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത് മൂലം തദ്ദേശീയര്‍ വംശീയ മനോഭാവത്തോടെ പെരുമാറുമെന്ന് പറഞ്ഞവരും ഉണ്ട്.
631 K ആളുകൾ കണ്ട വിഡിയോ നിരവധി പേരാണ് വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കു വച്ചിട്ടുള്ളത്. എന്തായാലും ഗതാഗത കുരുക്കിൽ നിന്നും രക്ഷപെട്ട ചെറുപ്പക്കാർ ബിരുദം വാങ്ങുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കാണാം