കുഞ്ഞിന്റെ കരച്ചില്‍ തടയാൻ മാതാവ് കുപ്പിയില്‍ മദ്യം നിറച്ച് നല്‍കിയതായി പൊലീസ് പറഞ്ഞു.
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടന്ന സംഭവത്തില്‍ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഹോണസ്റ്റി ഡി ലാ ടോറെ (37) എന്ന യുവതിയാണ് അറസ്റ്റിലായത്. ഏഴ് ആഴ്‌ച പ്രായമുള്ള കുഞ്ഞിനാണ് അമ്മ മദ്യം നല്‍കിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്‌തു.
ശനിയാഴ്‌ച റിയാല്‍ട്ടോയില്‍ വച്ച് അമ്മ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുഞ്ഞിന്റെ ശരീരത്തില്‍ മദ്യം കടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. സാൻ ബെര്‍ണാര്‍ഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്മെന്റിന്റെ റിപ്പോര്‍ട് പ്രകാരം, ഡി ലാ ടോറെ റിയാല്‍ട്ടോയിലൂടെ വാഹനമോടിക്കുന്നതിനിടെ കുഞ്ഞിന്റെ കരച്ചില്‍ തടയാനാണ് കുപ്പിയില്‍ മദ്യം നിറച്ചതെന്നാണ് പറയുന്നത്. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.