Click to learn more 👇

രാത്രിയില്‍ കുട്ടികള്‍ക്ക് ഇന്‍റര്‍നെറ്റും മൊബൈലും ഇല്ല, പ്രതിദിനം 40 മിനിറ്റ് മാത്രം; നിയമവുമായി ചൈന


 ചൈനയില്‍ 18 വയസ്സുവരെയുള്ളവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം. കുട്ടികളില്‍ സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് ആസക്തി കുറയ്ക്കുന്നതിന്റെ ഭാഗമായി 18 വയസ്സില്‍ താഴെയുള്ളവരുടെ രാത്രിയിലെ ഇൻറര്‍നെറ്റ് ഉപയോഗം തടയുന്നതിന് പുതിയ നിയമം കൊണ്ടുവന്നു.

ശേഷിച്ച സമയങ്ങളില്‍ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതിന്റെ സമയപരിധിയും നിശ്ചയിച്ചു. ചൈനയിലെ സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷനാണ് (സി.എ.സി.) പുതിയ നിയമം കൊണ്ടുവന്നത്. 

രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് ഇന്റര്‍നെറ്റ് നിയന്ത്രണം. 18 വയസ്സുവരെയുള്ളവര്‍ക്ക് ഈ സമയത്ത് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകില്ല. അതിനായി മൈനര്‍ മോഡ് പ്രോഗ്രാം എന്ന സംവിധാനം ഫോണില്‍ നടപ്പാക്കാൻ സ്മാര്‍ട്ട്ഫോണ്‍ ദാതാക്കള്‍ക്ക് സി.എ.സി. നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ രണ്ടു മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

കൂടാതെ എട്ടുവയസ്സുവരെയുള്ളവര്‍ക്ക് പ്രതിദിനം പരമാവധി 40 മിനിറ്റ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാനാവുന്ന വിധത്തില്‍ സമയപരിധിയും നിശ്ചയിച്ചു. 16 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് പരമാവധി രണ്ടുമണിക്കൂര്‍വരെയാണ്. എന്നാല്‍, ഈ സമയപരിധിയില്‍ മാറ്റംവരുത്താൻ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അനുവാദം നല്‍കുന്നുണ്ട്.

കുട്ടികളില്‍ മികച്ച രീതിയിലുള്ള ഇന്റര്‍നെറ്റ് ഉപയോഗ ശീലം ഉണ്ടാക്കുന്നതിനും സ്മാര്‍ട്ട്ഫോണ്‍ ആസക്തി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമമെന്ന് സി.എ.സി. വ്യക്തമാക്കുന്നു. കുട്ടികള്‍ വീഡിയോ ഗെയിം ഉപയോഗിക്കുന്നതിന് 2021-ല്‍ ചൈന നിയന്ത്രണം കൊണ്ടുവന്നിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.