തിരുവനന്തപുരം പൂവച്ചലില്‍ പത്താം ക്‌ളാസുകാരെനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പ്രിയരഞ്ജനുമായി പോലീസ് തെളിവെടുപ്പ് നടത്തി.
ഒന്നും മനഃപൂര്‍വമായിരുന്നില്ല, തെറ്റ് പറ്റിപ്പോയി ആക്‌സിലേറ്ററില്‍ കാലമര്‍ന്ന് നിയന്ത്രണം വിട്ട് കുട്ടിയെ ഇടിക്കുകയായിരുന്നുവെന്ന് പ്രിയരഞ്ജന്‍ പറഞ്ഞു. തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു പ്രിയരഞ്ജന്‍റെ പ്രതികരണം.
സംഭവ സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി. പ്രതിയുടെ കാറും മരിച്ച ആദിശേഖറിന്റെ സൈക്കിളും മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് പ്രിയരഞ്ജന്റെ കാര്‍ ഇടിച്ച് കാട്ടാക്കട ചിന്മയ മിഷൻ സ്കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയായ ആദി ശേഖര്‍ മരിച്ചത്. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൻറെ മുൻവശത്ത് വെച്ചായിരുന്നു സംഭവം. കാട്ടാക്കട പൂവച്ചല്‍ പൂവച്ചല്‍ അരുണോദയത്തില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ അരുണ്‍കുമാര്‍ ദീപ ദമ്ബതികളുടെ മകനായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി പ്രിയരഞ്ജനെ തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് പ്രിയരഞ്ജനെതിരെ പൊലീസ് ആദ്യം കേസെടുത്തത്.
സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖര്‍ ഉണ്ടായിരുന്നയിടത്ത് ഇരുപതു മിനിറ്റോളം പ്രിയരഞ്ജൻ കാര്‍ നിര്‍ത്തിയിട്ടിരുന്നു. മറ്റൊരു കുട്ടിയുടെ കൈയില്‍ നിന്നും ആദി ശേഖര്‍ സൈക്കിള്‍ വാങ്ങി മൂന്നട്ടു ചവിട്ടുന്നതിനിടെ കാര്‍ അമിത വേഗത്തില്‍ വന്നു കുട്ടിയെ ഇടിച്ചിടുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.