കടുത്തുരുത്തിയിലെ വീട്ടില്‍ നിന്നു പതിനൊന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഹോംനഴ്‌സും മകനും അറസ്റ്റില്‍.
ഇടുക്കി വാഗമണ്‍ കൊച്ചുകരിന്തിരി ഭാഗത്ത് നെല്ലിക്കുന്നോരത്ത് മലയില്‍പുതുവേല്‍ വീട്ടില്‍ കുഞ്ഞുമോള്‍ എന്ന അന്നമ്മ (63), മകന്‍ എന്‍ഡി ഷാജി (40) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
മുട്ടുചിറ ഇടുക്കുമറ്റം ഭാഗത്തുള്ള വീട്ടില്‍ ഹോംനഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്ന അന്നമ്മ ഈ വീട്ടിലെ വയോധികയായ അമ്മയുടെയും ഇവരുടെ മരുമകളുടെയും മാല, വള എന്നിവയടക്കം ഏകദേശം നാലര ലക്ഷം രൂപ വില വരുന്ന പതിനൊന്നര പവന്‍ സ്വര്‍ണം പല സമയങ്ങളിലായി മോഷ്ടിക്കുകയായിരുന്നു. വീട്ടുകാര്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കൈക്കലാക്കി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു.
വീട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. സ്വര്‍ണം മകന്‍ വിറ്റെന്ന് അന്നമ്മ പൊലീസിനോട് പറഞ്ഞു. ഇവര്‍ ജോലി ചെയ്യുന്ന വീടിന് സമീപം ഒളിപ്പിച്ചുവെച്ച നിലയില്‍ മോഷ്ടിച്ച മൂന്നു പവനോളം സ്വര്‍ണം കണ്ടെത്തി. കൂടാതെ, സ്വര്‍ണം വിറ്റുകിട്ടിയ പണം ഷാജിയില്‍നിന്ന് കണ്ടെടുത്തു.