ദില്ലി: ദില്ലിയെ ഞെട്ടിച്ച് വൻ കവര്‍ച്ച. ജംങ്പുരയിലെ ജൂവലറിയില്‍ നിന്ന് 20 കോടിയുടെ സ്വര്‍ണം കവര്‍ന്നു. പ്രതികള്‍ എന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ദില്ലിയിലെ ജംഗ്‌പുരയിലുള്ള ഉംറാവോ സിംഗ് ജൂവലറിയിലാണ് സിനിമ സ്റ്റൈല്‍ കവര്‍ച്ച നടന്നത്.
സ്ട്രോങ്ങ് റൂമിന്റെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ 20 കോടിയുടെ സ്വര്‍ണം കവര്‍ന്നത്. തിങ്കളാഴ്ച കട അവധിയായതിനാല്‍ ഞായറാഴ്ച വൈകുന്നേരം ആഭരണങ്ങളും പണവും സ്ട്രോങ്ങ് റൂമില്‍ വച്ച് പൂട്ടിയിരുന്നു. ഇന്ന് രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തു അറിയുന്നത്. തുടര്‍ന്ന് പോലീസിനെ അറിയിച്ചു.
ടെറസിലൂടെ അകത്തു പ്രവേശിക്കുന്നതിന് മുൻപായി മോഷ്ടാക്കള്‍ കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. അതിനാല്‍ കടയിലെ സിസിടിവി പ്രവര്‍ത്തനരഹിതമായി. തുടര്‍ന്നു ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു സ്ട്രോങ് റൂമിന്റെ ഭിത്തിയില്‍ ദ്വാരം ഉണ്ടാക്കിയാണ് കവര്‍ച്ച നടത്തിയത്. സമീപത്തെ കടകളില്‍ നിന്നുള്ള സിസി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.