കണ്ണൂര്‍: പെരുമ്ബാടി മാക്കൂട്ടം ചുരത്തില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ രൂക്ഷ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിനിടെയാണ് തലയോട്ടിയും ശരീരഭാഗങ്ങളും അടങ്ങിയ ട്രോളി ബാഗ് കണ്ടെത്തിയത്.
തലശ്ശേരി – കുടക് അന്തര്‍സംസ്ഥാനപാതയിലാണ് സംഭവം. 18 -19 വയസ്സുള്ള യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം കഷണങ്ങളാക്കി മടക്കിക്കൂട്ടി പെട്ടിയിലാക്കിയ നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ചുരിദാര്‍ പോലുള്ള വസ്ത്രം കണ്ടെത്തിയതിനാല്‍ മൃതദേഹം സ്ത്രീയുടേതാണെന്ന നിഗമനത്തിലാണ് വീരാജ്പേട്ട പൊലീസ്. ബ്രഹ്മഗിരി വന്യജീവി സങ്കേതം വനമേഖലയായ കൂട്ടുപുഴ – പെരുമ്ബാടി ചുരം പാതയില്‍ കര്‍ണാടകയുടെ പെരുമ്ബാടി ചെക്ക് പോസ്റ്റിന് 4 കിലോമീറ്ററിനിപ്പുറം റോഡില്‍നിന്ന് നൂറു വാര അകലത്തിലായിരുന്നു ട്രോളി ബാഗില്‍ മൃതദേഹം ഉണ്ടായിരുന്നത്.
ദുര്‍ഗന്ധത്തെതുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിനിടെ നീല നിറത്തിലുള്ള ട്രോളി ബാഗ് കണ്ടെത്തുകയായിരുന്നു. ബാഗിന്റെ തുറന്നു കിടന്ന ഭാഗത്ത് തലയോട്ടിയും കണ്ടതോടെ ഇവര്‍ വീരാജ്പേട്ട പൊലീസില്‍ വിവരമറിയിച്ചു. മൃതദേഹം പൊലീസ് പോസ്റ്റുമോര്‍ട്ടത്തിനായി മടിക്കേരി ജില്ല ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാനാവൂയെന്ന് പൊലീസ് വ്യക്തമാക്കി. കര്‍ണാടകത്തിലെയും അതിര്‍ത്തി മേഖലയിലെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിലും വിവരമറിയിച്ചിട്ടുണ്ട്. നിലവില്‍ മേഖലയില്‍ ഏതെങ്കിലും മിസിങ് കേസുകളുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.