കര്‍ണാടകയിലെ ചാമരാജ്നഗര്‍ ജില്ലയില്‍ സ്വകാര്യ വീഡിയോയുടെ പേരില്‍ മുന്‍ കാമുകനും സുഹൃത്തും ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ ആവശ്യപ്പെട്ടുവെന്ന പരാതിയുമായി അധ്യാപിക പോലീസിനെ സമീപിച്ചു.
അധ്യാപികയുടെ സ്വകാര്യ വീഡിയോ കൈവശമുണ്ടെന്നും പത്തുലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി. പത്തുലക്ഷം രൂപ നല്‍കുന്നതിനുപുറമെ അധ്യാപിക തന്‍റെ ഭര്‍ത്താവുമായുള്ള ബന്ധം പിരിയണമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. വഴങ്ങിയില്ലെങ്കില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമാണ് ഭീഷണി. സംഭവത്തില്‍ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി ചാമരാജ്നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പ്രതികള്‍ ഒളിവില്‍പോയി.
ഏഴുവര്‍ഷമായി അധ്യാപികയായ യുവതിയെ യുവാവിനറിയാം. രണ്ടുവര്‍ഷം മുമ്ബാണ് യുവതി ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ച് മറ്റൊരാളെ വിവാഹം ചെയ്യുന്നത്. വിവാഹത്തിനുശേഷം പലതവണയായി യുവതിയോട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ യുവാവ് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. ഭര്‍ത്താവിനെ ഉപേക്ഷിച്ചില്ലെങ്കില്‍ യുവതിയുടെ സ്വകാര്യ വീഡിയോ വൈറലാക്കുമെന്ന് നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയില്‍ അധ്യാപികയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും യുവാവും അനുയായിയും അയച്ചുകൊടുക്കുകയും ചെയ്തു. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഇരുസമുദായങ്ങള്‍ക്കിടയിലുള്ള പ്രശ്നമായി ഉയര്‍ത്തുമെന്നും പത്തു ലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടതായാണ് പരാതി.
പണം നല്‍കിയില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കുന്നതിനൊപ്പം സ്വകാര്യ വീഡിയോയിലെ ദൃശ്യങ്ങള്‍ ഫ്ലക്സടിച്ച് പ്രദേശത്ത് പ്രദര്‍ശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണി തുടര്‍ന്നതോടെയാണ് കര്‍ണാടക പോലീസിലെ സൈബര്‍ വിഭാഗത്തെ സമീപിച്ച് യുവതി പരാതി നല്‍കിയത്.
തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിയില്‍ ഉന്നയിച്ച പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പിടികൂടാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.