അനുജനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. തിരുവല്ലത്താണ് സംഭവം. രാജ് (36) എന്നയാളാണ് മരണപ്പെട്ടത്.
സംഭവത്തില്‍ വണ്ടിത്തടം സ്വദേശി ബിനുവിനെ (45) കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടില്‍ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനെ കാണാനില്ലെന്ന് കാട്ടി ഇവര്‍ തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് സംശയം സഹോദരൻ ബിനുവിലേയ്‌ക്ക് തിരിയുന്നത്. ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് അനുജനെ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടിയതായി കുറ്റസമ്മതം നടത്തിയത്. അതനുസരിച്ച് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
അമ്മ ബന്ധുവീട്ടില്‍ പോയ സമയത്ത് സഹോദരങ്ങള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ സഹോദരനെ പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊല്ലപ്പെട്ട രാജ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നുവെന്നും വിവരമുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരികയുള്ളു എന്നും പൊലീസ് പറഞ്ഞു.