ജയിലറിന് ശേഷം കോളിവുഡില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് വിജയിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ലിയോയുടെ യുഎസ്‍പി. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒരുമിക്കുമ്ബോള്‍ കരിയറിലെ ഏറ്റവും വലിയ വിജയം വിക്രം നല്‍കിയ ആത്മവിശ്വാസവും കൈമുതലായുണ്ട്.
ബിഗ് ബജറ്റില്‍ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ 19 ന് ആണ്.
ചിത്രം സൃഷ്ടിച്ചിരിക്കുന്ന ഹൈപ്പ് മനസിലാക്കി മികച്ച പബ്ലിസിറ്റിയുമായാണ് നിര്‍മ്മാതാക്കള്‍ ലിയോ തിയറ്ററുകളിലേക്ക് എത്തിക്കുക. ഇതിന്‍റെ തുടക്കമെന്ന നിലയില്‍ അടുത്ത നാല് ദിവസത്തേക്ക് ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ അവതരിപ്പിക്കുകയാണ് നിര്‍മ്മാതാക്കള്‍.
ആദ്യ പോസ്റ്റര്‍ ഇന്നലെ വൈകിട്ട് ആറിന് എത്തി. ലിയോ തെലുങ്ക് പതിപ്പിന്‍റെ പോസ്റ്റര്‍ ആയിരുന്നു ഇത്.
ക്ഷമയോടെ ഇരിക്കൂ, യുദ്ധം ഒഴിവാക്കൂ എന്ന് എഴുതിയ പോസ്റ്ററില്‍ വിജയ് മാത്രമാണ് ഉള്ളത്. റിലീസിന്‍റെ ആദ്യ മിനിറ്റ് മുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആരാധകരുടെ കൈയടി നേടിയ പോസ്റ്റര്‍ ഒരു റെക്കോര്‍ഡും സ്വന്തമാക്കി.
ഇന്‍സ്റ്റഗ്രാമില്‍ ഒരു ഇന്ത്യന്‍ സിനിമയുടെ പോസ്റ്ററിന് ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ (10 ലക്ഷം) ലൈക്ക് എന്ന നേട്ടമാണ് ലിയോയുടെ ഈ പോസ്റ്റര്‍ സ്വന്തമാക്കിയിരിക്കുന്നത്. വെറും 32 മിനിറ്റ് കൊണ്ടാണ് പോസ്റ്ററിന് ഒരു മില്യണ്‍ ലൈക്കുകള്‍ ലഭിച്ചത്. ഇതോടെ രണ്ടാം സ്ഥാനത്തേക്ക് നീങ്ങിയത് അല്ലു അര്‍ജുന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പ 2 ന്‍റെ പോസ്റ്റര്‍ ആണ്. അല്ലു അര്‍ജുന്‍ മുന്‍പ് പങ്കുവച്ച പുഷ്പ 2 പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണ്‍ ലൈക്കുകള്‍ നേടിയത് ഒരു മിനിറ്റ് അധികം എടുത്തായിരുന്നു (33 മിനിറ്റ്).
തൃഷ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, ഗൌതം മേനോന്‍, മിഷ്കിന്‍, മാത്യു തോമസ്, ബാബു ആന്‍റണി, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.