ഒരുപാട് ആളുകള്‍ എത്തിയിരുന്ന കടയില്‍ കച്ചവടം മുടങ്ങുന്നത് കടയ്ക്ക് മുന്നിലുള്ള പോലീസിന്റെ സ്ഥിരം വാഹന പരിശോധന.
കച്ചവടം കുറഞ്ഞതോടെ വ്യാപാരി കട അടച്ച് പ്രധിഷേധിച്ചു.
മുത്തങ്ങ പൊന്‍കുഴി സീത ദേവിക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന സത്യനാണ് പോലീസിന്റെ നടപടികള്‍ക്കെതിരെ കടയടച്ച് പ്രതിഷേധിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാവിലെമുതല്‍ കടയ്ക്കുമുമ്ബില്‍ വാഹനം നിര്‍ത്തിയിട്ട് സ്ഥിരമായി സുല്‍ത്താന്‍ബത്തേരി പോലീസ് വാഹനപരിശോധന നടത്തുകയായിരുന്നു.
പോലീസ് പരിശോധനയെ തുടര്‍ന്ന് കാര്‍ യാത്രികരടക്കം ഇവിടെ നിര്‍ത്താതെ പോവുന്നത് പതിവായപ്പോഴാണ് കച്ചവടം കുറഞ്ഞതിനാല്‍ കടയടച്ചിടാന്‍ തീരുമാനിച്ചതെന്ന് സത്യന്‍ പറയുന്നു. കോഴിക്കോട്-കൊല്ലഗല്‍ ദേശിയ പാതയായ 766 കടന്നുപോകുന്നതിനാല്‍ ധാരാളം വിനോദസഞ്ചാരികളും
അന്തര്‍സംസ്ഥാന ലോറിഡ്രൈവര്‍മാരുമാണ് കടയില്‍ സ്ഥിരാമായി എത്താറുള്ളത്. എന്നാല്‍ കടയുടെ മുന്‍വശവും പരിസരവും സ്ഥിരമായി പോലീസുകാരുടെ വാഹനപരിശോധന കേന്ദ്രമായതോടെ സത്യന്റെ കടയിലേക്ക് വരുന്ന ഉപഭോക്താക്കളുടെ വാഹനം നിര്‍ത്തിയിടാന്‍ സ്ഥലമില്ലാതായി.
മാത്രമല്ല പലരും വാഹന പരിശോധനയുള്ളിടത്ത് നിര്‍ത്തി പൊല്ലാപ്പില്‍പെടാതിരിക്കാന്‍ സത്യന്റെ കടയില്‍ നിന്നുള്ള ചായകുടി തന്നെ മാറ്റി വെച്ച് പോകുന്നതും പതിവായിരുന്നു. ചായക്കടയില്‍നിന്നുള്ള വരുമാനംമാത്രം ആശ്രയിച്ചാണ് സത്യന്റെ കുടുംബം കഴിയുന്നത്. ഇദ്ദേഹത്തിന്റെ കടയില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി തകരപ്പാടിയില്‍ പോലീസിനായി ചെക്പോസ്റ്റുണ്ട്. എന്നാല്‍ ഇവിടെയൊന്നും നിര്‍ത്തി പരിശോധന നടത്താതെ പോലീസ് തന്റെ കടക്ക് സമീപം പരിശോധന നടത്തുന്നതാണ് സത്യനെ ചൊടിപ്പിക്കുന്നത്. പൊന്‍കുഴി ക്ഷേത്രത്തിനുസമീപത്തായി എഐ ക്യാമറയുണ്ട്.
കൂടാതെ അതിവേഗത്തിലെത്തുന്നവരെ തടയാന്‍ പോലീസിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനം ഈ ഭാഗത്ത് വിവിധയിടങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് കടയ്ക്കുമുമ്ബിലെ പോലീസിന്റെ പരിശോധനയെന്ന് സത്യന്‍ ചൂണ്ടിക്കാട്ടുന്നു. കടക്ക് മുമ്ബിലെ പരിശോധന സ്ഥിരമാകുകയും കച്ചവടം കുറയുകയും ചെയ്തപ്പോള്‍ അല്‍പ്പം മാറ്റിയിട്ട് പരിശോധന നടത്താന്‍ ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിച്ച് നോക്കിയെങ്കിലും പോലീസ് കൂട്ടാക്കിയില്ലെന്ന് പറയുന്നു. തന്റെ കടക്ക് മുമ്ബിലെ പോലീസ് പരിശോധന ഇനിയും തുടര്‍ന്നാല്‍ 800 രൂപ ദിവസവാടകയുള്ള കട പൂട്ടിയിടേണ്ട അവസ്ഥയാണെന്ന് സത്യന്‍ ചൂണ്ടിക്കാട്ടി.