Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


 


◾ഇന്നു വിജയദശമി. വിദ്യാരംഭത്തിനു സരസ്വതീ ക്ഷേത്രങ്ങളില്‍ കുരുന്നുകളുമായി രക്ഷിതാക്കളുടെ തിരക്ക്. വിവിധ പ്രസ്ഥാനങ്ങളും വിദ്യാരംഭ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.


◾ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ച് കരയുദ്ധം തുടങ്ങി. ഏറ്റുമുട്ടലില്‍ 436 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യവുമായി തങ്ങള്‍ ഏറ്റുമുട്ടുകയാണെന്ന് ഹമാസ് വെളിപെടുത്തിയെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചത്. ഗാസയിലുള്ള എല്ലാവരും ഒഴിഞ്ഞു പോകണമെന്നും പോകാത്തവരെ ഹമാസ് ഭീകരരായി കണക്കാക്കി വകവരുത്തുമെന്നും ഇസ്രയേല്‍ മൂന്നു ദിവസം മുമ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്നലെ ഒറ്റ ദിവസംകൊണ്ട് കൊല്ലപ്പെട്ട 436 പേര്‍ ഉള്‍പെടെ ഇതുവരെ ആറായിരത്തിലേറെ പേരാണു യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.


◾സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്ന പതിമൂന്ന് സബ്സിഡി ഇനങ്ങളുടെ വില ഉടന്‍ കൂട്ടണമെന്ന് സപ്ലൈകോ. ഏഴു വര്‍ഷമായി 13 ഇനങ്ങളുടെ വില കൂട്ടിയിട്ടില്ല. ഇതുമൂലം സപ്ലൈകോയ്ക്കു കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും മറികടക്കാന്‍ അടിയന്തരമായി പണം അനുവദിക്കണമെന്നുമാണ് ആവശ്യം.


◾മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കുന്നതിനു മുമ്പ് എങ്ങനെ നികുതിയടച്ചെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ചോദിച്ച ചോദ്യത്തിനല്ല മറുപടി നല്‍കിയത്. മാപ്പു പറയേണ്ടത് ധനമന്ത്രിയാണ്. ധനവകുപ്പിന്റേത് കാപ്സ്യൂള്‍ മാത്രമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.


◾വീണ വിജയന്‍ ഐജിഎസ്ടി വഴി അടച്ച നികുതി കേരളത്തിന് കിട്ടിയെന്നു മാത്യു കുഴല്‍നാടന് മറുപടി കൊടുത്തെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2017 ജൂലൈയിലാണ് ജി എസ് ടി നിലവില്‍ വന്നത്. അതിനു മുന്‍പ് സര്‍വ്വീസ് ടാക്സ് സെന്‍ട്രല്‍ ടാക്സാണ്. മുഖ്യമന്ത്രിയ്ക്കെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് വീണക്കെതിരായ ആരോപണമെന്നും ധനമന്ത്രി പറഞ്ഞു.


◾കരിമണല്‍ കമ്പനിയില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ 1.72 കോടി രൂപ സ്വീകരിച്ചത് മാസപ്പടിയല്ല, സേവനത്തിനുള്ള പ്രതിഫലമാണെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. വീണ നികുതിയടച്ചിട്ടുണ്ടെന്നും ഓരോ ദിവസവും കുഴല്‍നാടന്‍ കള്ളപ്രചരണം നടത്തുകയാണെന്നും ബാലന്‍ കുറ്റപ്പെടുത്തി.


◾കുവൈറ്റില്‍നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അധിക സര്‍വീസ് ഈ മാസം 30 മുതല്‍. ആഴ്ചയില്‍ രണ്ടു ദിവസമാണ് സര്‍വീസ് നടത്തുക.


◾ജനങ്ങളുടെ പള്‍സ് പിടികിട്ടിയെന്നും ഇത്തവണ തൃശൂരില്‍ ജയിക്കുമെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഒരു വോട്ടിനെങ്കിലും വിജയിപ്പിക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്നും സുരേഷ് ഗോപി പറഞ്ഞു. ദുബൈയില്‍ 'ഗരുഢന്‍' സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


◾അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റിനു പുറമേ, ബംഗാള്‍ ഉള്‍ക്കടലില്‍ ഹമൂണ്‍ ചുഴലിക്കാറ്റും. ഹമൂണ്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ഇറാനാണു ഹമൂണ്‍ എന്ന പേരു നിര്‍ദ്ദേശിച്ചത്.


◾തിരുവനന്തപുരത്തു പെരുമഴ. നഗരത്തിലടക്കം പലയിടത്തും വെള്ളംകയറി. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.


◾കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് സ്റ്റേഷന്‍ പരിസരത്ത് ജീവനൊടുക്കി. ജോലിസമ്മര്‍ദംമൂലമാണ് ജീവനൊടുക്കിയതെന്നാണു റിപ്പോര്‍ട്ട്. തിടുക്കത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മാറ്റാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ തടഞ്ഞത്.


◾മദ്യവും ലഹരി വസ്തുക്കളും ഉപയോഗിച്ചു നിരന്തരം ശല്യമുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയതിന് അമ്മ അറസ്റ്റിലായി. മുണ്ടക്കയം കോരുത്തോട് കുഴിമാവ് സ്വദേശിയായ അനുദേവന്‍ തലയ്ക്കടിയേറ്റു മരിച്ച സംഭത്തില്‍ അമ്മ സാവിത്രിയെ (73) പോലീസ് അറസ്റ്റു ചെയ്തത്.


◾യുവതികളെയും സുഹൃത്തുക്കളെയും പൂട്ടിയിട്ട് മര്‍ദ്ദിച്ചതിന് വൈറ്റില ട്രൂ വാല്യു ഷോറൂമിലെ അഞ്ചു ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കരുമാലൂര്‍ സ്വദേശികളായ സോഫിയ, ശ്രുതി, നിധിന്‍, ഷംസീര്‍ എന്നിവര്‍ക്കാണു  മര്‍ദ്ദനമേറ്റത്. വാങ്ങിയ കാറിന്റെ ഉടമസ്ഥാവകാശം മാറ്റാത്തതു സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് ജീവനക്കാര്‍ ആക്രമിച്ചത്.


◾കൊല്ലം കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മതിലിടിഞ്ഞുവീണ് സ്ത്രീ മരിച്ചു. പള്ളിവടക്കേതില്‍ ആമിന (45) ആണ് മരിച്ചത്.


◾പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ് അസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.


◾കൊട്ടാരക്കരയില്‍ മയക്കുമരുന്നു ഗുളികകളുമായി ദമ്പതികള്‍ എക്‌സൈസിന്റെ പിടിയില്‍. കോക്കാട് ശ്രീശൈലം വീട്ടില്‍ താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിന്‍സി എന്നിവരാണ് പിടിയിലായത്. ചിരട്ടക്കോണം - കോക്കാട് റോഡില്‍ ബൈക്കില്‍ വന്ന ഇവരില്‍നിന്ന് 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.


◾മലയാളി വിദ്യാര്‍ത്ഥി യുഎഇയിലെ അജ്മാനില്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസ് എന്ന പതിനേഴുകാരനായ സച്ചുവാണ് മരിച്ചത്.


◾ഇസ്രയേലില്‍നിന്ന് 26 മലയാളികള്‍ അടക്കം 143 ഇന്ത്യക്കാരെ കൂടി ഓപ്പറേഷന്‍ അജയുടെ ഭാഗമായി തിരികെ എത്തിച്ചു.


◾ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കു മുന്നിലേക്ക് എസ്എഫ്ഐ പ്രതിഷേധം. അനുമതിയില്ലാതെ പ്രതിഷേധിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എംബസിക്ക് ചുറ്റും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.


◾നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വീട്ടില്‍ നവമിയോടനുബന്ധിച്ച് 'കന്യാപൂജ'. 300 ലധികം പെണ്‍കുട്ടികളെ ആരാധിച്ച പൂജയില്‍ ഭോപ്പാല്‍ നോര്‍ത്ത്, ഭോപ്പാല്‍ സെന്‍ട്രല്‍, ഭോപ്പാല്‍ സൗത്ത് വെസ്റ്റ്, നരേല, ഹുജൂര്‍, ഗോവിന്ദ്പുര എന്നിവിടങ്ങളിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു.


◾മഹാരാഷ്ട്രയിലെ പൂനെ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ റോഡുകളില്‍ ഇസ്രായേല്‍ പതാകയുടെ സ്റ്റിക്കറുകള്‍ ഒട്ടിച്ചതായി കണ്ടെത്തി. പൊലീസ് നിരവധി പേര്‍ക്കെതിരേ കേസെടുത്തു.


◾സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി മധ്യപ്രദേശിലെ ബിജെപിയില്‍ പ്രതിഷേധവും കലഹവും. മുന്‍ മന്ത്രി രുസ്തം സിംഗ് ബിജെപിയില്‍നിന്ന് രാജിവച്ചു. ജബല്‍പൂരില്‍ മുന്‍ മന്ത്രി ശരദ് ജെയിനിന്റെ അനുയായികള്‍ കേന്ദ്രമന്ത്രിയെ തടഞ്ഞിരുന്നു.


◾സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുമൊത്തുള്ള ചിത്രങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ശശി തരൂര്‍ എംപി. തന്റെ സഹോദരി അടക്കം 15 പേരുണ്ടായിരുന്ന പിറന്നാള്‍ ആഘോഷ പരിപാടിയിലെ ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ചാണു പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


◾തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രക്കെതിരേ സത്യവാങ്മൂലം നല്‍കിയത് ആരുടെയും സമ്മര്‍ദ്ദംകൊണ്ടല്ലെന്ന് ഗള്‍ഫിലെ വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനി. എല്ലാ തെളിവുകളും സിബിഐക്കും എത്തിക്സ് കമ്മിറ്റിക്കും നല്‍കും. മഹുവയുടെ അക്കൗണ്ട് താന്‍ ഉപയോഗിച്ചത് തെറ്റാണെന്നും ഹീരനന്ദാനി പറഞ്ഞു. ഹീരാനന്ദാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീഷണിപ്പെടുത്തിയെന്ന് മഹുവ മൊയിത്ര ആരോപിച്ചതിനു പിറകേയാണ് ഈ വിശദീകരണം.


◾വിവാഹം ഉറപ്പിച്ചിരിക്കേ പ്രതിശ്രുത വരനുമൊത്ത് ഷോപ്പിങ്ങിനായി വീട്ടില്‍നിന്നു പോയ യുവതി ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഹാപുര്‍ സ്വദേശിയും 23 കാരിയുമായ ഷെഹ്‌സാദി കൊല്ലപ്പെട്ടത്. യുവതിയുടെ ഒളിവില്‍ പോയ പുരുഷ സുഹൃത്ത്  അസറുദീനെ പൊലീസ് തെരയുന്നു.


◾പുലിനഖം ലോക്കറ്റാക്കിയ മാല ധരിച്ച് റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ട മല്‍സരാര്‍ത്ഥി അറസ്റ്റില്‍. വര്‍ത്തൂര്‍ സന്തോഷ് എന്നയാളാണ് ബിഗ് ബോസ് വേദിയില്‍നിന്ന് പിടിയിലായത്.


◾കോലാറില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ശ്രീനിവാസ്പുര സ്വദേശി എം ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ശ്രീനിവാസ്പുരയിലെ ഹൊഗലെഗെരെ റോഡില്‍ റോഡ് നിര്‍മാണ ജോലികള്‍ പരിശോധിക്കാനെത്തിയപ്പോള്‍ ആറംഗ സംഘം വെട്ടുകയായിരുന്നു.


◾ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപറ്റനും സ്പിന്നറുമായ ബിഷന്‍ സിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു.


◾സയനൈഡ് കൊണ്ടുള്ള രാസ ബോംബുകള്‍ ഉപയോഗിച്ച് ഹമാസ് ഇസ്രയേലിനെതിരെ ഭീകരാക്രണത്തിന് പദ്ധതിയിട്ടിരുന്നെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. സയനൈഡ് വിതറി കൂട്ടക്കൊലയ്ക്കുള്ള നിര്‍ദേശങ്ങളടങ്ങിയ യുഎസ്ബി ഡ്രൈവുകള്‍ കൊല്ലപ്പെട്ട ഹമാസ് പ്രവര്‍ത്തകരുടെ മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയെന്നാണ് ഇസ്രയേലിന്റെ ആരോപണം.  


◾ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടല്‍ വെസ്റ്റ് ബാങ്കിലേക്കും ലെബനോന്‍ അതിര്‍ത്തിയിലേക്കും വ്യാപിച്ചു. ഇറാന്റെ ആയുധ സഹായമുള്ള ഹിസ്ബുല്ല ഗ്രൂപ്പ് ലെബനോന്‍ അതിര്‍ത്തിയില്‍ ഇസ്രയേലിനെതിരേ യുദ്ധത്തിനിറങ്ങി. ഇതേസമയം, വ്യോമാക്രമണത്തിലൂടെ രണ്ട് ഹിസ്ബുല്ല സംഘങ്ങളെ ഇല്ലാതാക്കിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.


◾ഹമാസിനെതിരേ ഇസ്രയേല്‍ അത്യാധുനിക അയണ്‍ സ്റ്റിംഗ് സംവിധാനം ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്.  ദൃശ്യങ്ങള്‍ ഇസ്രായേലി വ്യോമസേന പുറത്തുവിട്ടു. ആദ്യമായാണ് അയണ്‍ സ്റ്റിംഗ് സംവിധാനം യുദ്ധത്തില്‍ ഉപയോഗിക്കുന്നത്.


◾ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍നിന്നു തട്ടിക്കൊണ്ടുപോയ ഇരുന്നൂറിലധികം ബന്ദികളില്‍ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കും. ഇരട്ട പൗരത്വമുള്ള ബന്ദികളെ മോചിപ്പിക്കുമെന്നാണു റിപ്പോര്‍ട്ട്. ഇവരെ ഏറ്റുവാങ്ങാന്‍ റെഡ് ക്രോസ് പ്രതിനിധികള്‍ ഗാസയിലെത്തി. അതേസമയം, രണ്ടു പൗരന്മാരെക്കൂടി മോചിപ്പിച്ചതായി ഹമാസ് അറിയിച്ചു.


◾ഇസ്രയേല്‍ - ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജോര്‍ദാന്‍ രാജാവുമായി ചര്‍ച്ച നടത്തി. സാധാരണ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടരുതെന്നു മോദി പറഞ്ഞു.


◾ബംഗ്ലാദേശില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. കിഴക്കന്‍ നഗരമായ ഭൈരാബില്‍ ചരക്കു ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.


◾ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് 446 കോടി വര്‍ഷത്തെ പ്രായമുണ്ടെന്ന് വിദഗ്ധര്‍. 1972 ല്‍ അപ്പോളോ 17 ലെ ബഹിരാകാശയാത്രികര്‍ ഭൂമിയിലേക്കു കൊണ്ടുവന്ന ചന്ദ്ര ശിലകള്‍ പഠിച്ച ഷിക്കാഗോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ്  ഈ നിഗമനത്തിലെത്തിയത്. സൗരയൂഥം രൂപീകൃതമായി ആറു കോടി വര്‍ഷത്തിനു ശേഷമാണ് ചന്ദ്രന്‍ ഉണ്ടായതെന്നാണു പുതിയ നിഗമനം. സൗരയൂഥത്തിനു ശേഷം പത്തര കോടി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചന്ദ്രന്റെ രൂപീകരണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിലയിരുത്തല്‍.  


◾ലോകകപ്പില്‍ വീണ്ടും അഫ്ഗാന്‍ വിജയഗാഥ. ഇംഗ്ലണ്ടിനു പിന്നാലെ പാകിസ്താനെയും വീഴ്ത്തി അഫ്ഗാന്റെ തേരോട്ടം. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ 8 വിക്കറ്റിന് തോല്‍പിച്ച് തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികളുടെ മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ശേഷിക്കേ വിജയലക്ഷ്യത്തിലെത്തി. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ചു.


◾രാജ്യത്തെ ഈ വര്‍ഷത്ത ഉത്സവകാല വില്‍പ്പനയുടെ ആദ്യ ആഴ്ചയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ 47,000 കോടി രൂപയുടെ വില്‍പ്പന (മൊത്ത വ്യാപാര മൂല്യം) നടത്തിയതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19% വളര്‍ച്ചയാണുണ്ടായതെന്ന് റെഡ്‌സീറിന്റെ സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. മൊബൈലുകള്‍, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍ എന്നിവ മാത്രം വില്‍പ്പനയുടെ 67% വരും. ഉപഭോക്താക്കളില്‍ 25 ശതമാനത്തില്‍ അധികം പേര്‍ സൗന്ദര്യവും വ്യക്തിഗത പരിചരണം, ഫാഷന്‍ തുടങ്ങിയ മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, ബിഗ് ബില്യണ്‍ ഡേയ്സ് എന്നീ വില്‍പ്പയിലൂടെ നിരവധി സ്മാര്‍ട്ട്ഫോണുകളും ഇലക്ട്രോണിക്സും വസ്ത്രങ്ങളും ഗൃഹാലങ്കാരങ്ങളും തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ടുകള്‍, ഡീലുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍ എന്നിവയോടെ വിറ്റഴിച്ചു. സര്‍വേയില്‍ പങ്കെടുത്ത 55% ഉപഭോക്താക്കളും ആദ്യ ആഴ്ചയില്‍ തന്നെ ഷോപ്പിംഗ് നടത്തിയവരാണ്. ഉപഭോക്താക്കളില്‍ 30% പേരും എളുപ്പത്തില്‍ ലഭ്യമാകുന്ന ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.  


◾പ്രഭാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഹോംബാലെ ഫിലിംസ് തങ്ങളുടെ പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമായ 'സലാര്‍'ന്റെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. വിട്ടുവീഴ്ചയില്ലാത്ത, കരുണയില്ലാത്ത രാജാവിന്റെ സൈന്യാധിപന്‍ സലാര്‍ എന്ന തലക്കെട്ടോടെയാണ് ആശംസ നേര്‍ന്നിരിക്കുന്നത്. പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കെ ജി എഫിനു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ വരുന്ന സലാറില്‍ പ്രഭാസാണ് നായകന്‍. ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഹോംബാലെ ഫിലിംസിന്റെ ബ്രഹ്‌മാണ്ഡ ചിത്രം 'സലാര്‍' ഡിസംബര്‍ 22 ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. തെന്നിന്ത്യന്‍ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കര്‍ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജും ഒന്നിക്കുന്നത് കൊണ്ടുതന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. സലാറില്‍ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


◾നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്ഐ) ഇന്ത്യന്‍ പനോരമയില്‍ ഈ വര്‍ഷം ഉദ്ഘാടന ചിത്രമായി മലയാള സിനിമയായ  'ആട്ടം' തെരഞ്ഞെടുക്കപ്പെട്ടു. ആനന്ദ് ഏകര്‍ഷി ആണ് സംവിധായകന്‍. ഇരട്ട ( രോഹിത് എംജി കൃഷ്ണന്‍), കാതല്‍ ( ജിയോ ബേബി ), മാളികപ്പുറം ( വിഷ്ണു ശശി ശങ്കര്‍), ന്നാ താന്‍ കേസ് കൊട് ( രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ), പൂക്കാലം ( ഗണേഷ് രാജ് ) എന്നിവയും മുഖ്യധാരാ സിനിമയില്‍ 2018 ( ജൂഡ് ആന്റണി ജോസഫ്) എന്നിവയും ഫീച്ചര്‍ സിനിമകളുടെ പട്ടികയില്‍ ഇടം നേടി. നോണ്‍ ഫീച്ചര്‍ സിനിമകളുടെ പട്ടികയില്‍ മലയാളത്തില്‍ നിന്ന് ആനന്ദ ജ്യോതി സംവിധാനം ചെയ്ത 'ശ്രീ രുദ്രം' എന്ന ചിത്രവും ഇടം നേടിയിട്ടുണ്ട്. 25 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പ്രഖ്യാപിച്ചത്. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച വിവാദ ചിത്രം 'ദി കേരള സ്റ്റോറി' സിനിമയും പട്ടികയിലുണ്ട്. മെയിന്‍ സ്ട്രീം വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.


◾2024ന്റെ തുടക്കത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഹ്യുണ്ടായ് ക്രെറ്റയുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പിന്റെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ വാഹനലോകം. 2024 ജനുവരിയില്‍, ഈ എസ്യുവിയുടെ പുതിയ മോഡല്‍ അനാച്ഛാദനം ചെയ്യും, ഫെബ്രുവരിയില്‍ വിപണിയില്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുത്ത ആഗോള വിപണികളില്‍ ലഭ്യമായ പാലിസേഡ് എസ്യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വാഹനത്തിന്റെ പുറംഭാഗം കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാകും. പുതുതായി രൂപകല്പന ചെയ്ത അലോയ് വീലുകള്‍ക്ക് പുറമെ, സൈഡ് പ്രൊഫൈല്‍ നിലവിലെ മോഡലുമായി സാമ്യമുള്ളതാണ്. എന്നിരുന്നാലും, പുതുതായി രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ലാമ്പുകളും പരിഷ്‌ക്കരിച്ച ബമ്പറും ഉള്‍പ്പെടെ, ശ്രദ്ധേയമായ ചില ക്രമീകരണങ്ങള്‍ പിന്‍ വിഭാഗത്തിനായി നല്‍കിയേക്കും. അതേസമയം പുതിയ ക്രെറ്റയുടെ അളവുകള്‍ മാറ്റമില്ലാതെ തുടരും. 2024 ഹ്യുണ്ടായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റില്‍ വെര്‍ണയുടെ 1.5 എല്‍ ടര്‍ബോ പെട്രോള്‍ ഇടംപിടിക്കും. ഈ എഞ്ചിന്‍ 160 ബിഎച്ച്പി നല്‍കാന്‍ ശേഷിയുള്ളതാണ്. മാനുവല്‍, ഡിസിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഇത് നല്‍കാനാണ് സാധ്യത. നിലവിലുള്ള 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ പുതിയ മോഡലും നിലനിര്‍ത്തും, ഓരോന്നും 115 ബിഎച്ച്പി ഉത്പാദിപ്പിക്കും.


◾ധൈഷണികതയുടെ ജാഗ്രതയും സര്‍ഗ്ഗമാത്മകതയുടെ ലാവണ്യം ലയിച്ചു ചേര്‍ന്നുനില്‍ക്കുന്ന നിരൂപണഗ്രന്ഥം. ജീവിതം എന്തേ ഇങ്ങനെയായിപ്പോയി എന്ന ഒരു കവിമാനസ്സിന്റെ സന്ദേഹമുണ്ട് ഈ സാമൂഹ്യ-രാഷ്ട്രീയ സാഹിത്യ നിരൂപണ ഗ്രന്ഥത്തിലുടനീളം. മലയാളത്തിലെ നവനിരൂപണത്തിന്റെ മൗലികശബ്ദവും അനുഭവവുമാണ് കാവ്യാത്മകവും ചിന്തോദീപകവുമായ ഈ സമാഹാരം. 'സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല'. കല്പറ്റ നാരായണന്‍. ഐ ബുക്സ്. വില 237 രൂപ.


◾ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ലിംഫോമ, മെറ്റാസ്റ്റിക് ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ ബ്രോക്കോളി ഉത്തമമാണ്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കളയാന്‍ ബ്രോക്കോളിക്ക് സാധിക്കും. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും. ഇതിലുള്ള ഗ്ലൂക്കോറഫാനിന്‍ എന്ന ഘടകമാണ് ഹൃദയത്തിന്റെ പേശികളെ സംരക്ഷിക്കാന്‍ സഹായിക്കുന്നത്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ബ്രോക്കോളി ഉത്തമം ആണ്. ശരീരത്തിന് ആരോഗ്യദായകമായ വിവിധ ഘടകങ്ങള്‍ ധാരാളമടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇത് കഴിക്കുന്നത് കാഴ്ചശക്തിയെ ദൃഢമാക്കുകയും കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യും. കണ്ണുകളിലെ സെല്ലുകള്‍ക്ക് മരണം സംഭവിക്കുന്നതും ലൈറ്റ് സ്ട്രെസും ഒരു പരിധി വരെ ഒഴിവാക്കാന്‍ ബ്രോക്കോളിക്ക് സാധിക്കും. ഫോളിക് ആസിഡ്, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവയുടെ കലവറയാണ് ബ്രോക്കോളി. രക്തം കട്ടയാകാന്‍ സഹായിക്കുന്ന പ്രോട്ടീനുകളുടെ മികച്ച പ്രവര്‍ത്തനത്തിന് വിറ്റാമിന്‍ കെ അത്യാവശ്യമാണ്. ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകരമാണ്. ബ്രോക്കോളി അടക്കം ചുരുക്കം ചില പച്ചക്കറികളില്‍ മാത്രമാണ് ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.