Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


 


14/OCT/23-ശനി-കന്നി-28

◾ഇസ്രയേല്‍ പുറപ്പെടുവിച്ച യുദ്ധ മുന്നറിയിപ്പിനു പിന്നാലെ ഗാസാ മുനമ്പില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം കൂട്ട പലായനം . കാറുകള്‍ക്ക് മുകളില്‍ വസ്ത്രങ്ങളും കിടക്കകളുമുള്‍പ്പെടെ കെട്ടിവച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഗാസയിലെ ജനങ്ങള്‍ 24 മണിക്കൂറിനകം തെക്കോട്ടു മാറണമെന്നും ഹമാസില്‍നിന്ന് അകന്നുനില്‍ക്കണമെന്നുമാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. അതേസമയം പ്രദേശത്തെ ആശുപത്രികളില്‍നിന്നും പല രോഗികളേയും മാറ്റാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇസ്രയേലിന്റെ സ്വയംപ്രതിരോധത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ മനുഷ്യാവകാശത്തെ ലംഘിക്കുന്ന തരത്തിലാവരുത് ഇടപെടലെന്ന് യുഎന്‍ വ്യക്തമാക്കി.


◾ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്. കൊല്ലപ്പെട്ട ബന്ദികളില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.


◾ഹമാസ് അനൂകൂല പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ ജാഗ്രത നിര്‍ദ്ദേശം. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍, ഇസ്രയേല്‍ എംബസി, ജൂത ആരാധനാലയങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്.


◾വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിന് നല്‍കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ലത്തീന്‍ അതിരൂപതക്ക് കീഴിലെ വിഴിഞ്ഞം ഇടവക. സ്വീകരണ ചടങ്ങില്‍ നിന്നും ലത്തീന്‍ അതിരൂപതാ നേതൃത്വം വിട്ടുനില്‍ക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇടവക പ്രതിനിധികളെ സര്‍ക്കാര്‍ അനുനയ ചര്‍ച്ചയിലൂടെയാണ് ഒപ്പം നിര്‍ത്തിയത്. കട്ടമരത്തൊഴിലാളികള്‍ക്കുള്ള നഷ്ട പരിഹാരത്തുക കൂട്ടിയതടക്കമുള്ള തീരുമാനങ്ങളാണ് നിര്‍ണ്ണായകമായത്.


◾ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം തുറമുഖത്തിന് പിന്നിലെന്നും വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്നും രമേശ് ചെന്നിത്തല. അദാനിക്ക് പൂര്‍ണമായും കീഴടങ്ങി കൊണ്ടാണ് വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.


◾വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന ആശയം മുന്നോട്ട് വച്ചത് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എകെ ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചൈനീസ് പങ്കാളിത്തത്തിന്റെ പേരിലാണ് തുറമുഖ നിര്‍മ്മാണ കരാര്‍ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.


◾മധ്യേഷ്യയില്‍ ഏറെ കാലമായി പരിഹരിക്കപ്പെടാത്ത പ്രശ്നമാണ് ഇപ്പോഴത്തെ ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ എത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഈ മാസം 20 മുതല്‍ ഏരിയതലങ്ങളില്‍ വലിയ കൂട്ടായ്മ സിപിഎം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


◾ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയുന്ന തരത്തില്‍ ആവര്‍ത്തിച്ച് പച്ചക്കള്ളം വിളിച്ചു പറയുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധഃപതിക്കരുതെന്ന് വി ഡി സതീശന്‍ പറഞ്ഞു


◾നിയമന കോഴ ആരോപണത്തില്‍ പറയാനുള്ളത് പറയുമെന്നും അന്വേഷണം നടക്കട്ടെ എന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ആരോപണ വിധേയര്‍ തന്റെ ബന്ധുവാണെന്ന് ചിലര്‍ പ്രചരണം നടത്തി എന്നും വീണ ജോര്‍ജ് പറഞ്ഞു.


◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 57.75 കോടി രൂപയുടെ സ്വത്ത് കൂടി കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിലും കര്‍ണാടകയിലുമായി 117 ഇടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കണ്ടുകെട്ടിയ സ്വത്തുക്കളില്‍ 11 വാഹനങ്ങള്‍, 92 ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയും ഉള്‍പ്പെടും.


◾മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെഎസ് സച്ചിദാനന്ദ മൂര്‍ത്തി അന്തരിച്ചു. മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം ഡല്‍ഹിയില്‍ ഏറ്റവും ആദരണീയരായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു.


◾പുരോഗമന കലാസാഹിത്യ സംഘത്തിന്റെ എം എന്‍ വിജയന്‍ സ്മൃതിയാത്ര ധാര്‍മ്മികതയില്ലാത്തതെന്ന രൂക്ഷവിമര്‍ശനവുമായി മകനും എഴുത്തുകാരനുമായ വി എസ് അനില്‍കുമാര്‍. പാര്‍ട്ടിയും പുകസയും എം. എന്‍. വിജയനെ പരമാവധി തേജോവധം ചെയ്തുവെന്നും ഇപ്പോള്‍ എം.എന്‍.വിജയന്‍ പുകസയ്ക്ക് സ്വീകാര്യനായതില്‍ അത്ഭുതം തോന്നുന്നുവെന്നും അനില്‍കുമാര്‍ പറഞ്ഞു.


◾ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശ്ശൂര്‍ കുന്നംകുളം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ മികച്ച സംഘാടനം ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂര്‍ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്.


◾വിമാനത്തില്‍ യുവ നടിയെ അപമാനിച്ച കേസില്‍ അറസ്റ്റ് തടയണമെന്ന പ്രതി സിആര്‍ ആന്റോയുടെ ആവശ്യം കോടതി തള്ളി . എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. പ്രതിയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമില്ല വകുപ്പുകളാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.


◾മാസത്തവണ മുടങ്ങിയതിന് ബ്ലേഡ് മാഫിയ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. നോര്‍ത്ത് പറവൂര്‍ കുഞ്ഞിത്തൈചിട്ടിവളപ്പില്‍ സ്റ്റീഫന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. മര്‍ദനത്തില്‍ സ്റ്റീഫന്റെ മാതാവ് ഫിലോമിനയുടെ കൈ ഒടിഞ്ഞു. സംഭവത്തില്‍ വടക്കേക്കര പൊലീസ് കേസെടുത്തു.


◾പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. എലൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനില്‍ കുമാറിനാണ് വെട്ടേറ്റത്. സംഭവത്തില്‍ മുന്‍ പൊലീസുകാരനായ പോളിനെ ഏലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നത്തിലുള്ള പരാതി അന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.


◾കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിന്റെ വിചാരണ നെയ്യാറ്റിന്‍കരയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്.


◾തിരുവനന്തപുരം മെഡിക്കല്‍കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയില്‍ നിന്നും 45 വയസുകാരന്‍ ചാടി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മെഡിക്കല്‍ കോളേജിലെ സുരക്ഷാ വീഴ്ചയ്ക്കെതിരെയാണ് നടപടി.


◾മധ്യ തെക്കന്‍ കേരളത്തില്‍ ഇന്ന് വ്യാപകമായ മഴക്ക് സാധ്യത. പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.


◾ലോണ്‍ ആപ്പുകള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ദില്ലിയില്‍ ഉന്നതലയോഗം ചേര്‍ന്നു. നിലവിലെ ആപ്പുകളുടെ നിയന്ത്രണം സംബന്ധിച്ച് പ്രസന്റേഷനും നടന്നു.


◾9,000 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ മസ്ജിദാകുമെന്ന് അവകാശപ്പെടുന്ന അയോധ്യയില്‍ നിര്‍മിക്കുന്ന മുസ്ലിം പള്ളിയുടെ പുതിയ രൂപകല്‍പ്പനയും പേരും അനാവരണം ചെയ്തു. മുഹമ്മദ് ബിന്‍ അബ്ദുള്ള എന്ന പേരാണ് പള്ളിക്ക് നല്‍കിയത്. 4500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലായിരിക്കും പള്ളി നിര്‍മിക്കുക.  ബാബ്റി മസ്ജിദ് പള്ളിക്ക് പകരമായി നിര്‍മിക്കുന്ന പുതിയ പള്ളിക്ക് 4500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ടായിരിക്കും.


◾പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടയില്‍ പലസ്തീന്‍ വിഷയത്തില്‍ വിദ്വേഷം പടര്‍ത്താനും ഉന്മാദമുണ്ടാക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


◾മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാങ്പൊക്പിയില്‍ മെയ്തെയ് സായുധസംഘം വെടിവയ്ക്കുകയായിരുന്നു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി.


◾മണിപ്പൂരില്‍ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . 22 കാരനായ പൗലോങ് മാങാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് പൂനെയില്‍ നിന്ന് ഇയാളെ സിബിഐ പിടികൂടിയത്. 


◾ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അന്വേഷണം തുടരുകയാണെന്നും തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള ഡല്‍ഹി പൊലീസിന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.


◾നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് രാജ്യം സ്വീകരിക്കേണ്ട നയപരമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ആറ് വര്‍ക്കിങ് ഗ്രൂപ്പുകളാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേന്ദ്ര ഐടി കാര്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്.


◾ഫ്രാന്‍സിലെ പബ്ലിക് സ്‌കൂളിലുണ്ടായ കത്തി ആക്രമണത്തില്‍ ടീച്ചര്‍ കൊല്ലപ്പെട്ടു. വടക്കന്‍ നഗരമായ അറാസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹൈസ്‌കൂളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിയെ കസ്റ്റഡിയിലെടുത്തു.


◾ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ഈ മാസം 19 -ന്  ആദരിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. നവംബര്‍ 18 ന് ചേരുന്ന  മന്ത്രിസഭായോഗത്തില്‍  പാരിതോഷികവും തീരുമാനിക്കും. ഏഷ്യന്‍ ഗെയിംസില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അഭിനന്ദനമോ അര്‍ഹമായ പരിഗണനയോ പാരിതോഷികമോ ലഭിച്ചില്ലെന്ന് താരങ്ങള്‍ക്ക് ആരോപണം ഉണ്ടായിരുന്നു.


◾ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം ലഭിച്ചു. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ട്വന്റി-20 ക്രിക്കറ്റ് ഉള്‍പ്പെടുത്തും. തീരുമാനം ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പ്രധാന നാഴികകല്ലാണെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍കെ പ്രതികരിച്ചു.


◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ എട്ട്  വിക്കറ്റിനാണ് ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് 42.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 89 റണ്‍സ് നേടിയ ഡാരില്‍ മിച്ചലും 78 റണ്‍സെടുത്ത കെയന്‍ വില്യംസണുമാണ് കിവീസിന്റെ വിജയം അനായസമാക്കിയത്.


◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30ന് ടോസ് വീഴും. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ കളിക്കാന്‍ 99 ശതമാനം സാധ്യതയുണ്ടെന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞത്.


◾2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് 335.34 കോടി രൂപയുടെ നഷ്ടം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ 12-ാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷം നഷ്ടം 339.55 കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ കെ.എം.ആര്‍.എല്ലിന് 4.21 കോടി രൂപയുടെ നഷ്ടം കുറയ്ക്കാന്‍ കഴിഞ്ഞു. 2022-23 കാലയളവില്‍ മെട്രോയുടെ യാത്രക്കാരുടെ എണ്ണം 2.48 കോടിയാണ്. ടിക്കറ്റ് വരുമാനം 75.48 കോടി രൂപയും. 2021-22ല്‍ യാത്രക്കാരുടെ എണ്ണം 96.94 ലക്ഷവും ടിക്കറ്റ് വരുമാനം 30.78 കോടി രൂപയുമായിരുന്നു. കൊച്ചി മെട്രോയുടെ നോണ്‍-ഫെയര്‍ ബോക്സ് വരുമാനം 2021-22ലെ 32 കോടി രൂപയില്‍ നിന്ന് 2022-23ല്‍ 43 കോടി രൂപയായി വര്‍ധിച്ചു. 2023 സാമ്പത്തിക വര്‍ഷത്തില്‍ കെ.എം.ആര്‍.എല്ലിന്റെ മൊത്തം വരുമാനം 42% വര്‍ധിച്ച് 201 കോടി രൂപയായി. പലിശയ്ക്കും ഡിപ്രിസിയേഷനും മുമ്പുള്ള ലാഭം 24 കോടിയില്‍ നിന്ന് 72 കോടിയായി വര്‍ധിച്ചെങ്കിലും വായ്പകളുടെ പലിശച്ചെലവും ഡിപ്രിസിയേഷനും മൂലം നഷ്ടം 335 കോടി രൂപയായിരുന്നു. ഈ കാലയളവില്‍ വായ്പകളുടെ പലിശ ചെലവ് 222 കോടി രൂപ (മുന്‍ വര്‍ഷം 189 കോടി) ആയിരുന്നു, ഡിപ്രിസിയേഷന്‍ 185 കോടി രൂപയായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് 2023 മാര്‍ച്ച് 31 ലെ കെ.എം.ആര്‍.എല്ലിന്റെ മൊത്തം വായ്പ കുടിശ്ശിക തുക ഫ്രഞ്ച് ഏജന്‍സിയായ എ.എഫ്.ഡിയില്‍ നിന്നുള്ള 1,372.62 കോടി രൂപയും കാനറ ബാങ്കില്‍ നിന്നുള്ള 1,086.15 കോടി രൂപയുമാണ്. ഇത് ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്ത തുകയാണ്. ഒന്നാം ഘട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്ത് തുകയില്‍ 574.06 കോടി രൂപയാണ് കുടിശ്ശികയുള്ളത്. 2023 മാര്‍ച്ച് 31 വരെ മൊത്തം വായ്പ 4,464 രൂപയാണ്.


◾രവി തേജ നായകനാകുന്ന പുതിയ ചിത്രമാണ് 'ടൈഗര്‍ നാഗേശ്വര റാവു'. ടൈഗര്‍ നാഗേശ്വര റാവുവിലെ പുതിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. മൂന്നാമത്തെ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ടൈഗര്‍ നാഗേശ്വര റാവു ഒക്ടോബര്‍ 20ന് പ്രദര്‍ശനത്തിന് എത്തുക. 'എന്നെ നിനക്കായ് ഞാന്‍' എന്നു തുടങ്ങുന്ന ഗാനം ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തില്‍ ദീപക് രാമകൃഷ്ണന്റെ വരികള്‍ സിന്ദൂരിയാണ് മനോഹരമായി ആലപിച്ചിരിക്കുന്നത്. സംവിധാനം വംശിയാണ്. രവി തേജയുടെ പിരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമായി എത്തുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും ഒരു മിനിട്ടുമായിരിക്കും എന്നതാണ് ഒരു പ്രധാന പ്രത്യേകത. മാസ് മഹാരാജ രവി തേജയുടെ ചിത്രമായ ടൈഗര്‍ നാഗേശ്വര റാവു മൂന്ന് മണിക്കൂറില്‍ അധികം ദൈര്‍ഘ്യത്തില്‍ എത്തുമ്പോള്‍ ഒരു ആകര്‍ഷണമാകും എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജും ചിത്രത്തില്‍ നായികമാരായി എത്തുന്നു. സുദേവ് നായര്‍, നാസര്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ ഹരീഷ് പെരടിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.


◾റോഷന്‍ മാത്യുവിനെയും ദര്‍ശന രാജേന്ദ്രനെയും പ്രാധാന കഥാപാത്രങ്ങളാക്കി വിഖ്യാത ശ്രീലങ്കന്‍ ഫിലിം മേക്കര്‍ പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത 'പാരഡൈസ്' എന്ന ചിത്രം  ഇരുപത്തിയെട്ടാമത് ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ കിം ജിസെയോക്ക് അവാര്‍ഡ് കരസ്ഥമാക്കി. ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച ചിത്രം തമിഴ് സംവിധായകന്‍  മണി രത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, സിംഹള എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രശസ്ത ശ്രീലങ്കന്‍ അഭിനേതാക്കളായ മഹേന്ദ്ര പെരേര,ശ്യാം ഫെര്‍ണാന്‍ഡോ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. കലാമൂല്യമുള്ള ശ്രീലങ്കന്‍ സിനിമകള്‍ക്ക് വേണ്ടവിധത്തിലുള്ള അംഗീകാരവും പ്രശംസയും ലഭിക്കാത്തത് തന്നെയാണ് പ്രസന്ന വിതാനഗെയുമായി ഇത്തരമൊരു കൂട്ടുകെട്ടിന് തയ്യാറായതെന്ന് രാജീവ് രവി പറയുകയുണ്ടായി.


◾സ്‌കോഡ ഓട്ടോ പുതിയ സ്ലാവിയ മാറ്റ് എഡിഷന്റെ വില പ്രഖ്യാപിച്ചു. 1.0ലിറ്റര്‍ ടിഎസ്ഐ മാനുവല്‍ വേരിയന്റിന് 15.52 ലക്ഷം രൂപ മുതല്‍ 1.5ലിറ്റര്‍ ടിഎസ്ഐ ഓട്ടോമാറ്റിക് മോഡലിന് 19.12 ലക്ഷം രൂപ വരെയാണ് വില. ഈ മാറ്റ് പതിപ്പ് സ്റ്റൈല്‍ ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ അതിന്റെ സ്റ്റാന്‍ഡേര്‍ഡ് കൗണ്ടര്‍പാര്‍ട്ടിനേക്കാള്‍ ഏകദേശം 40,000 രൂപ പ്രീമിയവുമായി വരുന്നു. സ്‌കോഡ സ്ലാവിയ മാറ്റ് എഡിഷനില്‍ വ്യതിരിക്തമായ മാറ്റ് കാര്‍ബണ്‍ സ്റ്റീല്‍ കളര്‍ സ്‌കീമും ഗ്ലോസ് ബ്ലാക്ക് വിംഗ് മിററുകളും ഡോര്‍ ഹാന്‍ഡിലുകളും ഉണ്ട്. സ്ലാവിയ സെഡാന്‍ ലൈനപ്പ് നിലവില്‍ മൂന്ന് ട്രിം ലെവലുകളും (ആക്ടീവ്, ആംബിഷന്‍, സ്റ്റൈല്‍) നാല് എഞ്ചിന്‍-ട്രാന്‍സ്മിഷന്‍ കോമ്പിനേഷനുകളും വാഗ്ദാനം ചെയ്യുന്നു. 115 എച്ച്പിയും 175 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടിഎസ്‌ഐ എഞ്ചിന്‍ അല്ലെങ്കില്‍ 150 ബിഎച്ച്പിയും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടിഎസ്‌ഐ യൂണിറ്റിനൊപ്പം ഇത് ലഭ്യമാണ്. ഒരു സ്റ്റാന്‍ഡേര്‍ഡ് 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടെ മൂന്ന് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഉണ്ട്.


◾കണ്ണീരിന്റെ ഉപ്പുരസമുള്ള വാക്കുകള്‍ പച്ചില പ്ലാവില പോലെ പടര്‍ന്നു കിടക്കുന്നു. മനുഷ്യനും പ്രകൃതിയും ആത്മബന്ധം സ്ഥാപിച്ച ഗ്രാമജീവിതത്തിന്റെ ഹൃദയവേദനയില്‍ മുഴുകാതെ വായന അവസാനിപ്പിക്കാനാവില്ല. ഇല്ലായ്മയില്‍ സ്നേഹം ധനമാകുന്നു. പാവപ്പെട്ടവന്റെ ആകെ ദിനചര്യയില്‍ ചക്കയുടെ അരക്കുപോലെ പറ്റിപ്പിടിക്കുന്നത് അപരനോടുള്ള കരുതലും കരുണയുമാകുന്നു. സാധാരണവായനക്കാരനെ വിഭ്രമക്കോട്ടയില്‍ കടത്തി വിരട്ടിവിറപ്പിക്കാത്ത ഇത്തരം കഥകള്‍കൂടി പിറക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. താനാരാണെന്ന അന്വേഷണം കൂടി അമ്മിണിപ്പിലാവിന്റെ അസ്തിത്വ വൈകാരികതയില്‍ മുഴങ്ങുന്നു. 'അമ്മിണിപ്പിലാവ്'. ജോയ് ഡാനിയല്‍. കൈരളി ബുക്സ്. വില 199 രൂപ.


◾കുടലിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ദഹനനാളത്തില്‍ വസിക്കുന്ന ബാക്ടീരിയ, ഫംഗസ്, വൈറസുകള്‍, മറ്റ് സൂക്ഷ്മാണുക്കള്‍ എന്നിവയുള്‍പ്പെടെ കോടിക്കണക്കിന് സൂക്ഷ്മാണുക്കളാണ് ഗട്ട് മൈക്രോബയോട്ട അല്ലെങ്കില്‍ ഗട്ട് ഫ്ലോറ എന്നും അറിയപ്പെടുന്ന ഗട്ട് ബാക്ടീരിയ. മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഈ സൂക്ഷ്മാണുക്കള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കുടലിലെ ദോഷകരമായ ബാക്ടീരിയകളുടെയും രോഗകാരികളുടെയും വളര്‍ച്ചയെ തടയുന്ന ചില തന്മാത്രകള്‍ ഉല്‍പ്പാദിപ്പിച്ച് രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാന്‍ ഗട്ട് ബാക്ടീരിയ സഹായിക്കുന്നു. ഓട്‌സിന്റെ ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കവും പ്രീബയോട്ടിക് ഗുണങ്ങളും ശരീരത്തിന് ഒന്നിലധികം ഗുണങ്ങള്‍ നല്‍കുന്നു. ഓട്‌സ് ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് രോഗസാധ്യത കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലവിസര്‍ജ്ജനം എളുപ്പമാക്കാനും കൂടുതല്‍ നേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കും. വാഴപ്പഴം കുടലിനെ പോഷിപ്പിക്കുന്നതിനുള്ള മികച്ചൊരു ഭക്ഷണമാണ്., മാത്രമല്ല ദഹനത്തിനുള്ള ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നായി അറിയപ്പെടുന്നു. കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാന്‍ സഹായിക്കുന്ന പ്രീബയോട്ടിക് ആയ ഇന്‍സുലിന്‍ എന്ന ഒരു തരം ലയിക്കുന്ന നാരുകള്‍ വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഫോളേറ്റ്, ഇരുമ്പ്, ബി വിറ്റാമിനുകള്‍ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ് പയര്‍. കുടല്‍ മൈക്രോബയോമിനെ പിന്തുണയ്ക്കാനും കൂടുതല്‍ നേരം നിലനിര്‍ത്താനും കുടലിന്റെ ക്രമം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ഇത് സഹായിക്കുന്നു. ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി തുടങ്ങിയ സരസഫലങ്ങള്‍ കുടലില്‍ നല്ല ബാക്ടീരിയ കൂട്ടാന്‍ സഹായിക്കുന്നു. കുടലിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ പോലുള്ള രോഗങ്ങളെ ചെറുക്കുന്ന ഗുണങ്ങള്‍ അവയില്‍ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണമാണ് തൈര്. തൈരില്‍ പ്രോബയോട്ടിക്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഗട്ട് മൈക്രോബയോമിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന ജീവനുള്ള സൂക്ഷ്മാണുക്കളാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.