Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


 


27/10/23- വെള്ളി-തുലാം- 10

◾കേന്ദ്ര സര്‍ക്കാരിന്റെ 'രഥ് പ്രഭാരി യാത്ര' നിര്‍ത്തിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി പുനപരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ യാത്ര നടത്തുന്നതു വിലക്കുകയും ചെയ്തു. സര്‍ക്കാര്‍ ചെലവില്‍ ബിജെപിയുടെ രാഷ്ട്രീയ പ്രചാരണമായ 'വികസിത് ഭാരത് സങ്കല്‍പ്' എന്ന പേരില്‍ രഥ് പ്രഭാരി യാത്ര നടത്തുന്നതിനെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.


◾ഹമാസിന്റെ കസ്റ്റഡിയിലായിരുന്ന 50 ബന്ദികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്നാണ് ഹമാസ് ആരോപിച്ചത്. ഇസ്രയേലിന്റെ കരസേന ഗാസയിലേക്കു കവചിത ടാങ്കുകളുമായി എത്തി ആക്രമണം നടത്തിയതിനു പിറകേയാണ് ഹമാസ് 50 പേര്‍ കൊല്ലപ്പെട്ടെന്ന് അറിയിച്ചത്. ഒക്ടോബര്‍ ഏഴിന് ഇരുന്നൂറോളം പേരെയാണ് ഹമാസ് ബന്ദികളാക്കിയിരുന്നത്.


◾കെഎസ്ആര്‍ടിസിക്കു ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്താമെന്ന് ഹൈക്കോടതി. ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്തുന്നത് ചോദ്യംചെയ്ത് സ്വകാര്യ കോണ്‍ട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റര്‍മാര്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഉത്തരവ്.


◾ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന്റെ പ്രതികാരം അതിരുകടന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍. കോഴിക്കോട് ബീച്ചില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. കഴിഞ്ഞ 15 വര്‍ഷത്തില്‍ ഉണ്ടായതിലധികം മരണമാണ് 19 ദിവസം പിന്നിട്ട യുദ്ധത്തിലുണ്ടായത്.


◾മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മൂന്നു ഘട്ടങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്നാം ഘട്ടത്തില്‍ ലക്ഷ്യം വച്ച 86 ശതമാനം കുട്ടികള്‍ക്കും 100 ശതമാനം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി. അഞ്ച് വയസ് വരെയുളള 76,629 കുട്ടികള്‍ക്കും 11,310 ഗര്‍ഭിണികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. ഇതുകൂടാതെ ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്ത 1273 കൂട്ടികള്‍ക്ക് കൂടി വാക്‌സിന്‍ നല്‍കി.


◾കായിക വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായി വിഭാവനം ചെയ്ത പുതിയ കായിക ഭവന്‍ സമുച്ചയത്തിന്റെ ആദ്യ ഘട്ട നിര്‍മാണ പ്രവൃത്തികള്‍ക്കു തുടക്കമായി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ കായിക ഭവന്‍ നിര്‍മ്മിക്കുന്നത്.


◾പാഠപുസ്തകങ്ങളില്‍ ഇന്ത്യയെ വെട്ടി ഭാരത് എന്നാക്കാറ്റാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞു.


◾ആള്‍മാറാട്ടത്തിലൂടെ രജിസ്റ്റര്‍ ചെയ്ത വസ്തു പോക്കുവരവ് ചെയ്യുന്നതിന് ഒത്താശ ചെയ്ത കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ശിക്ഷ. പത്തനംതിട്ട വില്ലേജ് ഓഫീസറായിരുന്ന  സോമന്‍ കുറുപ്പിനെയാണ് മൂന്നു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചത്. 25,000 രൂപ പിഴയും അടയ്ക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.


◾വിനായകന്‍ കലാകാരനാണെന്നും കൊച്ചിയിലെ പോലീസ് സ്റ്റേഷനില്‍ നടത്തിയതു കലാപ്രകടനമായി കണ്ടാല്‍ മതിയെന്നും സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍.


◾തട്ടിപ്പു നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരിച്ചുകിട്ടാത്തതില്‍ പ്രതിഷേധിച്ച് നിക്ഷേപകനായ മാപ്രാണം സ്വദേശി ജോഷി പ്രതിഷേധ നടത്ത സമരം പ്രഖ്യാപിച്ചു. നവംബര്‍ ഒന്നിന് രാവിലെ ഏഴിന് കരുവന്നൂരില്‍ നിന്നാരംഭിക്കുന്ന ഒറ്റയാള്‍ പ്രതിഷേധനടത്തം കളക്ടേറ്റില്‍ അവസാനിക്കും. ജോഷിക്കും കുടുംബത്തിനുമായി കരുവന്നൂര്‍ ബാങ്കില്‍ 90 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ട്യൂമര്‍ ബാധിതനായ ജോഷിക്ക് 21 ശസ്ത്രക്രിയ നടത്തി. ചികില്‍സയ്ക്കായി നിക്ഷേപത്തുക  പിന്‍വലിക്കാനായില്ലെന്നും ജോഷി പറഞ്ഞു.


◾മലകളിടിച്ച് മണ്ണെടുക്കാന്‍ കോടതി ഉത്തരവുമായി പൊലീസ് സന്നാഹത്തോടെ എത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. പാലമേല്‍ ഗ്രാമ പഞ്ചായത്ത് മറ്റപ്പള്ളി കാത്താടേത്ത് കോളനിക്കു സമീപമുള്ള മലകളിടിച്ച് മണ്ണെടുക്കാന്‍ എത്തിയവരെയാണ് തടഞ്ഞത്. മലകളിടിച്ച് മണ്ണെടുക്കുന്നതിനെതിരെ ഗ്രാമപഞ്ചായത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ മാസങ്ങളായി പ്രതിഷേധ സമരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.


◾വാളയാര്‍ കേസിലെ പ്രതി മധു ആത്മഹത്യചെയ്തതിനു കരാര്‍ കമ്പനി സൂപ്പര്‍വൈസര്‍ പെരുമ്പാവൂര്‍ സ്വദേശി സി.പി നിയാസിനെ അറസ്റ്റുചെയ്തു. നിയാസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണു ചുമത്തിയത്. ചെമ്പുതകിട് മോഷണം പോയ സംഭവത്തല്‍ മധുവിനെ സൂപ്പര്‍വൈസര്‍ തടഞ്ഞുവച്ചിരുന്നു.


◾എ.ടി.എമ്മില്‍നിന്ന് പണമെടുക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റു ചെയ്തു. ഹരിപ്പാട് വെട്ടുവേനി ഷാന്‍ മന്‍സില്‍ സലിമിനെ (60)യാണ് ഹരിപ്പാട് പൊലീസ് അറസ്റ്റു ചെയ്തത്.


◾നിക്ഷേപ തട്ടിപ്പ് കേസുകളില്‍ ജയിലിലായിരുന്ന പ്രവീണ്‍ റാണക്ക് ജാമ്യം. ഇരുന്നൂറുലേറെ കേസുകളില്‍ പ്രതിയായ പ്രവീണ്‍ 10 മാസമായി വിയ്യൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്നു.


◾വയനാട്ടില്‍ കാട്ടുപോത്ത് സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് യുവാവിന് പരിക്കേറ്റു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി റസല്‍കുന്നിലാണ് സംഭവം. പനവല്ലി റസല്‍കുന്ന് സെറ്റില്‍മെന്റ് കോളനിയിലെ നരേഷിനാണ് പരിക്കേറ്റത്.  


◾ഖത്തറില്‍ തടവിലായ എട്ടു മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ. ഖത്തറിലെ ശിക്ഷാവിധി ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ. ഖത്തറുമായി വിഷയം ചര്‍ച്ച ചെയ്യും. ഓഗസ്റ്റിലാണ് ഖത്തര്‍ നാവികസേനയ്ക്കു പരിശീലനം നല്‍കുന്ന കമ്പനിയിലുള്ള ഇന്ത്യന്‍ നാവികരെ അറസ്റ്റു ചെയ്തത്.


◾ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. കുപ്വാരയിലെ മച്ചില്‍ സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. നിയന്ത്രണ രേഖയിലൂടെ ഇന്ത്യന്‍ ഭാഗത്തേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകര്‍ത്തത്.


◾തമിഴ്നാട്ടില്‍ രാജ്ഭവനുനേരെയുണ്ടായ ബോംബേറില്‍ തമിഴ്നാട് പൊലീസ് ഉചിതമായ നടപടികളെടുത്തില്ലെന്ന് രാജ്ഭവന്‍  വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.


◾പാഠപുസ്തകങ്ങളില്‍ 'ഇന്ത്യ' മാറ്റി 'ഭാരത്' ആക്കാനുള്ള എന്‍സിഇആര്‍ടി നീക്കത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്തുകൊണ്ടാണ് ഭരണാധികാരികള്‍ക്ക് ഇന്ത്യയെ പേടിയെന്നു മമത ചോദിച്ചു.


◾പാഠപുസ്തകങ്ങളില്‍ ഇന്ത്യക്കു പകരം ഭാരത് എന്നാക്കാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് യെച്ചൂരി പറഞ്ഞു.


◾തമിഴ്നാട്ടില്‍ രാജ്ഭവനു നേരെ പെട്രോള്‍ ബോംബെറിയാന്‍ ഒന്നിലേറെ പേര്‍ എത്തിയിരുന്നെന്ന ഗവര്‍ണറുടെ വാദം തെറ്റാണെന്ന് ഡിജിപി. ഒരാള്‍ മാത്രമാണ് രാജ്ഭവന് മുന്നിലെത്തിയതെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിച്ചതിനാല്‍ പ്രതിയെ കൈയോടെ പിടിച്ചു. ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച 73 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗവര്‍ണര്‍ക്ക് മതിയായ സുരക്ഷ നല്‍കുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.


◾പ്രിയങ്കഗാന്ധിക്കും ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പ്രസംഗത്തിനാണ് പ്രിയങ്കാ ഗാന്ധിക്കു നോട്ടീസ്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ആസാം മുഖ്യമന്ത്രി വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയതിനാണു നോട്ടീസ്.  കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണു നടപടി.


◾ഹെലികോപ്റ്ററില്‍നിന്ന് എട്ടു കോടി രൂപ വിതറി ഒരു ഇന്‍ഫ്ളുവന്‍സര്‍. ചെക്ക് റിപ്പബ്ലിക്കുകാരനായ ഇന്‍ഫ്ളുവന്‍സറും ടിവി ഹോസ്റ്റുമായ കമില്‍ ബര്‍ട്ടോഷെക്കാണ് ലൈസ നാദ് ലാബെം പട്ടണത്തിനു സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് പണം വിതറിയത്.


◾ഇസ്രയേല്‍ ജനം യുദ്ധമുഖത്തായിരിക്കുമ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യായിര്‍ അമേരിക്കയിലെ മയാമി ബീച്ചില്‍ ആഘോഷിക്കുകയാണെന്ന് വിമര്‍ശനം. നാലു ലക്ഷം യുവാക്കള്‍ യുദ്ധമുഖത്തുണ്ട്.


◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ശ്രീലങ്കക്ക് മുന്നിലും പിഴച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ പകുതി പന്തുകള്‍ ബാക്കി നില്‍ക്കേ 8 വിക്കറ്റിനാണ് ശ്രീലങ്കയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 33.2 ഓവറില്‍ 156 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ചെറിയ വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്ക 25.4 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയത്തിലെത്തിയത്. ന്യൂസീലന്‍ഡിനും അഫ്ഗാനിസ്താനും ദക്ഷിണാഫ്രിക്കയ്ക്കും പിന്നാലെ ശ്രീലങ്കയോടു കൂടി അടിയറവ് പറഞ്ഞതോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച മട്ടിലാണ്.


◾കേരളത്തിലെ പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ കിംസ് ഹെല്‍ത്ത് മാനേജ്‌മെന്റിനെ അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ക്വാളിറ്റി കെയര്‍ ഏറ്റെടുക്കുന്നു. കിംസിന് 3,300 കോടി രൂപ മൂല്യം (400 മില്യണ്‍ ഡോളര്‍) കണക്കാക്കി കരാര്‍ ഒപ്പുവച്ചതായി കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബ്ലാക്ക്‌സ്റ്റോണിന്റെയും ടി.പി.ജി ഗ്രോത്തിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കെയര്‍ ഹോസ്പിറ്റല്‍ ശൃംഖലയുടെ പ്രവര്‍ത്തന മേല്‍നോട്ടം നിര്‍വഹിക്കുന്ന പ്ലാറ്റ്‌ഫോമാണ് ക്യു.സി.എല്‍. ക്യു.സി.എല്ലില്‍ ബ്ലാക്ക്‌സ്റ്റോണിന് 73 ശതമാനവും ടി.പി.ജിക്ക് 25 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. കിംസിനെ സ്വന്തമാക്കുന്നതോടെ 3,800 കിടക്കകളുമായി അപ്പോളോ ഹോസ്പിറ്റല്‍, മണിപ്പാല്‍ ഹെല്‍ത്ത്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ എന്നിവയ്ക്ക് പിന്നാലെ രാജ്യത്തെ നാലാമത്തെ വലിയ ഹോസ്പിറ്റല്‍ ശൃംഖലയായി ക്യു.സി.ഐ.എല്‍ മാറും. കിംസില്‍ 80-85 ശതമാനം ഓഹരികളാണ് ക്യു.സി.ഐ.എല്‍ ഏറ്റെടുക്കുന്നത്. ബാക്കി 15-20 ശതമാനം ഓഹരികള്‍ പ്രമോട്ടറായ ഡോ. എം.ഐ സഹദുള്ളയുടെ കൈവശമാകും. ഹോസ്പിറ്റലിന്റെ പ്രവര്‍ത്തന മേല്‍നോട്ടം തുടര്‍ന്നും ഡോ. സഹദുള്ളയ്ക്ക് തന്നെയായിരിക്കും. കിംസിന്റെ നിലവിലെ ഓഹരി ഉടമകളായ ട്രൂ നോര്‍ത്തില്‍ നിന്നാണ് ക്യു.സി.ഐ.എല്‍ 55 ശതമാനം ഓഹരികള്‍ ഏറ്റെടുത്തത്. കൂടാതെ 20 ശതമാനം ഓഹരികള്‍ ചെറുകിട ഓഹരി ഉടമകളില്‍ നിന്നും സ്വന്തമാക്കി. ഇതു കൂടാതെ സഹദുള്ളയുടേയും കുടുംബത്തിന്റെയും ഓഹരികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായി കിംസിന് മൊത്തം 1,378 ബെഡുകളുണ്ട്. 2024 മാര്‍ച്ചില്‍ നാഗര്‍കോവിലില്‍ 300 ബെഡുകളുള്ള ഒരു ആശുപത്രി പ്രവര്‍ത്തനമാരംഭിക്കും.


◾അടുത്തിടെ തമിഴകത്ത് ചര്‍ച്ചയ്ക്ക് വഴിവച്ചൊരു സിനിമയാണ് 'സൂര്യ 43'. നടന്‍ സൂര്യയുടെ കരിയറിലെ നാല്പത്തി മൂന്നാമത്തെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ടാകുമെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഔദ്യോഗികമായിരിക്കുകയാണ്. സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രിയ ഫഹദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.  ദുല്‍ഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ  ചിത്രം കൂടിയാണിത്. ജിവി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇദ്ദേഹത്തിന്റെ നൂറാമത്തെ ചിത്രം കൂടിയാണിത്. വിജയ് വര്‍മയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സൂര്യ, ജ്യോതിക, രാജ്ശേഖര്‍ കര്‍പൂരസുന്ദരപാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അതേസമയം, അനൌണ്‍സ്മെന്റ് വീഡിയോയില്‍ 'പുറനാന്നൂറ്', എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണോ ചിത്രത്തിന്റെ പേര്, അതോ സസ്പെന്‍സ് ഉണ്ടോ എന്ന് വരുംദിനങ്ങളില്‍ അറിയാനാകും. ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ്  'പുറനാന്നൂറ് '. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലുള്ളതാകും സിനിമ എന്നാണ് ടൈറ്റില്‍ വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം, പുറനാന്നൂറില്‍ സൂര്യ കോളേജ് വിദ്യാര്‍ത്ഥി ആയാണ് എത്തുന്നതെന്നാണ് വിവരം.

◾തെലുങ്കിന്റെ ആവേശമാണ് നന്ദമുരി ബാലകൃഷ്ണ. നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ ചിത്രം ഭഗവന്ത് കേസരി വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ബാലയ്യയുടെ ഭഗവന്ത് കേസരി 100 കോടി ക്ലബിലെത്തിയിരുന്നു. ഒരാഴ്ചയില്‍ ഭഗവന്ത് കേസരി നേടിയ കളക്ഷന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ബാലയ്യയുടെ ഭഗവന്ത് കേസരി 112.18  കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് ആഗോള ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. യുഎസിലും ഭഗവന്ത് കേസരി റെക്കോര്‍ഡ് കളക്ഷനാണ് നേടിയിരിക്കുന്നത്. ഭഗവന്ത് കേസരി ബാലയ്യയുടെ വിജയ ചിത്രങ്ങളില്‍ ഒന്നാമതെത്തും എന്നാണ് നിലവില്‍ ലഭ്യമാകുന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം നിര്‍വഹിച്ചത് അനില്‍ രവിപുഡിയാണ്. നന്ദമുരി ബാലകൃഷ്ണയ്ക്കൊപ്പം ഭഗവന്ത് കേസരി സിനിമയില്‍ ശ്രീലീല, കാജല്‍ അഗര്‍വാള്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തി.


◾നിരവധി ടീസറുകള്‍ക്ക് ശേഷം, റെനോ ഒടുവില്‍ പുതിയ കാര്‍ഡിയന്‍ എസ്യുവി വെളിപ്പെടുത്തി. പുതിയ റെനോ കാര്‍ഡിയന്‍ കോംപാക്ട് എസ്യുവി സൗത്ത് അമേരിക്ക ഉള്‍പ്പെടെയുള്ള വളര്‍ന്നുവരുന്ന വിപണികളെ ലക്ഷ്യം വയ്ക്കുന്നതാണ്. ഫ്രഞ്ച് വാഹന നിര്‍മ്മാതാവ് കിഗര്‍ സബ്-4 മീറ്റര്‍ എസ്യുവി വില്‍ക്കാത്ത വളര്‍ന്നുവരുന്ന വിപണികളില്‍ ഇത് വില്‍ക്കും. പുതിയ റെനോ കാര്‍ഡിയന്‍ കോംപാക്റ്റ് എസ്യുവിക്ക് കരുത്തേകുന്നത് 125 ബിഎച്ച്പിയും 220 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്, കൂടാതെ 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. കിഗറിന് 100 ബിഎച്ച്പിയും 160 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.0 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു, കൂടാതെ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഇത് 2023 നവംബര്‍ 29-ന് ഡാസിയ നെയിംപ്ലേറ്റിന് കീഴില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. കിഗര്‍ നിലവില്‍ ഉള്ളതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ കാര്‍ഡിയന്‍ അവതരിപ്പിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.


◾പോസ്റ്റ്‌കൊളോണിയല്‍ വിമര്‍ശനം, പോസ്റ്റ്‌കൊളോണിയലിസം ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍, പോസ്റ്റ് കൊളോണിയലിസം ആഫ്രിക്കന്‍ സാഹിത്യത്തില്‍, പോസ്റ്റ്‌കൊളോണിയല്‍ ഫെമിനിസവും കീഴാളപഠനങ്ങളും, പോസ്റ്റ്‌കൊളോണിയലിസവും ആഗോളവല്ക്കരണവും, ഉത്തരഘടനാവാദത്തിന്റെ ആവിര്‍ഭാവം തുടങ്ങി പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തിന്റെ സാമൂഹികവും ചരിത്രപരവുമായ ഇടങ്ങളിലേക്ക് സസൂക്ഷ്മം കടന്നുചെല്ലുന്ന കൃതി. 'പോസ്റ്റ് കോളോണിയന്‍ സാഹിത്യം ഒരാമുഖം'. ഡോ. എസ് ഗിരീഷ് കുമാര്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 95 രൂപ.


◾കരളില്‍ ഉണ്ടാകുന്ന പിത്തനീര് സൂക്ഷിച്ചുവച്ച് ആവശ്യാനുസരണം ചെറുകുടലിലേക്ക് ഒഴുകുകയാണ് പിത്താശയ ധര്‍മ്മം. പിത്താശയം ഒരു വശത്ത് കരളും മറുവശത്ത് ചെറുകുടലുമായി ബന്ധിപ്പിച്ചു കിടക്കുന്നു. ആഹാരപദാര്‍ത്ഥങ്ങളുടെ ദഹനത്തിനും ആഗിരണത്തിനും പിത്തനീര് സഹായിക്കുന്നു. പിത്തനീരിന്റെ അളവ് സാധാരണ അവസ്ഥയെക്കാളും വളരെ കുറയുകയോ, കൂടുകയോ ചെയ്യുമ്പോഴാണ് രോഗാവസ്ഥയായി മാറുന്നത്. പിത്താശയത്തില്‍ പ്രധാനമായി കണ്ടുവരുന്ന ഒരു രോഗമാണ്  പിത്താശയക്കല്ല്. പിത്തനീര്- കൊഴുപ്പ്, ബിലുറൂബിന്‍, കാത്സ്യം, എന്നിവയുടെ കൂടെ ചേര്‍ന്നാണ് സാധാരണയായി കല്ലുകള്‍ ഉണ്ടാകുന്നത്. ശരീരത്തില്‍ പല കാരണങ്ങളാല്‍ ദുഷിച്ച പിത്തം കല്ലായി പിത്താശയത്തില്‍ അടിഞ്ഞുകൂടുന്നു. എരിവ്, പുളി, ഉപ്പ്, മസാല തുടങ്ങിയവയുടെ അമിത ഉപയോഗം കൊണ്ട് പിത്താശയക്കല്ല് ഉണ്ടായേക്കാം. തെറ്റായ ആഹാരക്രമം പിത്താശയക്കല്ലിന് കാരണമാകാം. അതുപോലെ തന്നെ അമിത കൊഴുപ്പുള്ള ഭക്ഷണം, മത്സ്യമാംസാദികളുടെ അമിതോപയോഗം തുടങ്ങിയവയും പിത്താശയക്കല്ല് രൂപപ്പെടാന്‍ ഇടയാക്കും. അമിതവണ്ണം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഒരു പ്രായം കഴിയുമ്പോള്‍ പിത്താശയക്കല്ലുണ്ടാകാന്‍ കാരണമാകും. മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങള്‍ കൂടുന്നതും ഈ രോഗമുണ്ടാക്കും. അമിത കൊളസ്ട്രോള്‍, പ്രമേഹം എന്നിവയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പിത്താശയക്കല്ലിന് മാനസിക സമ്മര്‍ദങ്ങള്‍ ഒരു പ്രധാന കാരണമാണ്. പാരമ്പര്യവും ഒരു കാരണമാണ്. വലതു നെഞ്ചിന്റെ പുറകു വശത്തായി വേദന,  വലതു തോളില്‍ വേദന അനുഭവപ്പെടുക, നടുവുവേദന, ഛര്‍ദി, അമിതവിയര്‍പ്പ്, പനി, ദഹനക്കേട്, ക്ഷീണം, ശരീരം മെലിയല്‍, വയറുവേദന, മലബന്ധം, വയറിളക്കം, നെഞ്ചെരിച്ചില്‍ ഇവയാണ് ലക്ഷണങ്ങള്‍. മത്സ്യമാംസാദികള്‍ കഴിവതും ഒഴിവാക്കുക. പാല്‍, മോര്, നെയ്യ് തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രശ്നമില്ല. ദിവസവും വ്യായാമം ശീലമാക്കുക. ധാരാളം ശുദ്ധജലം കുടിക്കുക.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.