Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


 


17/10/23-ചൊവ്വ-കന്നി-31

◾ഗാസയ്ക്കുമേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്ചക്കാരായി നില്‍ക്കില്ലെന്ന ഇറാന്റെ മുന്നറിയിപ്പ് പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുമോയെന്ന ആശങ്ക പടര്‍ത്തുന്നു. ഇസ്രയേല്‍ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈനയും കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ഇസ്രയേലിനെ തടയാന്‍ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാന്‍ ചൈനയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇസ്ലാമിക രാജ്യങ്ങള്‍ നാളെ സൗദി അറേബ്യയില്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള അടിയന്തിര അസാധാരണ യോഗ തീരുമാനം എന്താകുമെന്ന ആശങ്കയിലാണ് ലോകം.

◾കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ ഇടങ്ങളില്‍ വെള്ളം ഇറങ്ങുന്ന സമയമത്ത് പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്. വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരും ഡോക്സിസൈക്ലിന്‍ കഴിക്കണം, എലിപ്പനിയ്ക്ക് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതവേണമെന്ന് മന്ത്രി പറഞ്ഞു.

◾തലസ്ഥാനത്തുണ്ടായ മഴ മുന്നറിയിപ്പില്‍ അപാകതയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. ജില്ലയില്‍ സാമാനകളില്ലാത്ത രീതിയിലാണ് മഴ പെയ്തത്. നഷ്ടപരിഹാരം ക്യാബിനറ്റ് തീരുമാനിക്കുമെന്നും റവന്യു മന്ത്രി പറഞ്ഞു.

◾തമിഴ്‌നാട് തീരത്തിന് മുകളിലും വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുമുള്ള രണ്ട് ചക്രവാതച്ചുഴികളുടെ സ്വാധീനവും അറബികടലിലെ ന്യൂനമര്‍ദ്ദ സാധ്യതയും മൂലം കേരളത്തില്‍ മഴ തുടരാന്‍ സാധ്യത. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. ഇന്ന് തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു.

◾നിയമസഭ കയ്യാങ്കളി കേസില്‍ നടത്തിയ തുടരന്വേഷണം അപൂര്‍ണമാണെന്ന് പ്രതികള്‍. തുടരന്വേഷണത്തില്‍ അപാകതകളുണ്ട്. പരിക്കേറ്റ വനിതാ എംഎല്‍എമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച പുതിയ രേഖകള്‍ കൈമാറിയില്ലെന്നും പ്രതികള്‍ കോടതിയില്‍ പറഞ്ഞു.

◾സോളാര്‍ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ കൊട്ടാരക്കര കോടതിയിലെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസില്‍ ഗണേഷ് കുമാര്‍ ഉടന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

◾ഒക്ടോബര്‍ 30ന് സംസ്ഥാന സര്‍ക്കാരിന്റെ  അഴിമതിക്കും ഭരണ സ്തംഭനത്തിനുമെതിരെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ  നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ഉപരോധം നടത്തുമെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിപുലമായ സമര പരമ്പര നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾കത്വ ഫണ്ട് തട്ടിപ്പ് ആരോപണം കളവാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസ്, സി കെ സുബൈര്‍ എന്നിവര്‍ക്കെതിരെ വെറുതെ പരാതി നല്‍കി എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കേസിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നുവെന്നും മന്ത്രി അബ്ദുറഹിമാനും കെ ടി ജലീലും സിപിഎം നേതൃത്വവുമാണ് തനിക്കെതിരെ പ്രവര്‍ത്തിച്ചതെന്നും പികെ ഫിറോസ് ആരോപിച്ചു.

◾തൃശൂര്‍ പുത്തൂര്‍ കൈനൂര്‍ ചിറയില്‍ നാല് ബിരുദ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടാണ് അപകടം ഉണ്ടായത്. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്.

◾തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ കെ ജയരാമന്‍ നമ്പൂതിരി നട തുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കില്ല.

◾മലപ്പുറം മഞ്ചേരിയില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. അരീക്കോട് സ്വദേശികളായ ബിന്‍ഷാദ്, സജില്‍ എന്നിവരാണ് അറസ്റ്റിലായത്.

◾പാലിയേക്കര ടോള്‍ പ്ലാസയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ്. പാലിയേക്കര ടോള്‍ പ്ലാസയിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില ഇടപാടുകളില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്.

◾എസ് കെ എസ് എസ് എഫിന്റെ പ്രസിഡന്റിനെതിരെ പി എം എ സലാമിന്റെ പ്രസ്താവന അറിവില്ലായ്മ കൊണ്ടാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സമസ്ത ലീഗ് തര്‍ക്കത്തില്‍ ഇനി പ്രസ്താവന വേണ്ടെന്ന് ലീഗ് നേതാക്കള്‍ക്ക് കുഞ്ഞാലിക്കുട്ടി കര്‍ശന നിര്‍ദേശം നല്‍കി.

◾മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരെ ആഞ്ഞടിച്ച് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. പിഎംഎ സലാമിനെ പോലുള്ളവരെ ഒന്നുകില്‍ കടിഞ്ഞാണിടുക, അല്ലെങ്കില്‍ കെട്ടിയിടുക, അതുമല്ലെങ്കില്‍ എവിടെയാണോ ആക്കേണ്ടത് അതുപോലുള്ള സ്ഥലങ്ങളില്‍ കൊണ്ട് ചെന്നാക്കുകയെന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം


◾പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും, ബാങ്കിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഇഡി ഉദ്യോഗസ്ഥരുടെ നടപടികള്‍ തടയണമെന്നും ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ എറണാകുളം പിഎംഎല്‍എ കോടതിയില്‍ ഹര്‍ജി നല്‍കി.


◾വന്‍വിജയമായ കൊച്ചി വാട്ടര്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. മലപ്പുറം മഞ്ചേരി സ്വദേശി സന്‍ഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സന്‍ഹ.


◾ലിവിംഗ് ടുഗതര്‍ പങ്കാളിക്കെതിരെ ഐ പി സി 498 എ പ്രകാരം കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ സ്ത്രീയെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഐപിസി 498 എ വകുപ്പ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ച സ്ത്രീ ആത്മഹത്യ ചെയ്ത കേസിലാണ് കേരളാ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.


◾നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന മിസോറാമില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 39 പേരുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് പ്രഖ്യാപിച്ചത്. നവംബര്‍ ഏഴിനാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ്.


◾ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ജാതി സെന്‍സസ് പ്രക്രിയയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.


◾പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ സംഘര്‍ഷത്തേക്കാള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താല്‍പര്യമെന്ന് വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ മിസോറാമില്‍ എത്തിയതായിരുന്നു രാഹുല്‍.


◾ഇന്ത്യാ - പാക് വിഭജനം ചരിത്രപരമായ പിഴവാണെന്ന പ്രസ്താവനയുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. വിഭജനം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഉവൈസി അഭിപ്രായപ്പെട്ടു.


◾ദില്ലി മദ്യനയ കേസില്‍ ആംആദ്മി പാര്‍ട്ടിയെ പ്രതിചേര്‍ക്കുന്നത് ആലോചനയിലാണെന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചു. കള്ളപ്പണ നിരോധന നിയമത്തിലെ 70-ാം വകുപ്പ് പ്രകാരം നടപടിയെടുക്കാനാണ് ആലോചന. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്.


◾ചോദ്യത്തിന് കോഴ വാങ്ങിയെന്ന വിവാദത്തില്‍ വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും, ചില വ്യക്തികളും സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞതാണെന്നും അദാനി ഗ്രൂപ്പ്. വ്യവസായി ദര്‍ശന്‍ ഹിരാ നന്ദാനിയില്‍ നിന്ന്  കൈക്കൂലി വാങ്ങി അദാനിക്കെതിരെ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചുവെന്നാണ് മഹുവ മൊയിത്രക്കെതിരെ ബിജെപി ആരോപണം.


◾ആംആദ്മി പാര്‍ട്ടിയിലെ രാഘവ് ഛദ്ദയെ സസ്പെന്‍ഡ് ചെയ്തതിനെതിരായ ഹര്‍ജിയില്‍ രാജ്യസഭയ്ക്ക് സുപ്രീംകോടതി നോട്ടീസ്. സസ്പെന്‍ഷന്‍ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി രാഘവ് ഛദ്ദ നല്കിയ ഹര്‍ജിയിലാണ് നോട്ടീസ്. പാര്‍ലമെന്റില്‍ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യുന്ന വിഷയത്തില്‍ കോടതി ഇടപെടുന്നത് അസാധാരണമാണ്.


◾മഹാരാഷ്ട്രയിലെ ഏറ്റവും വലിയതെന്ന വിശേഷണവുമായി നിര്‍മാണം തുടങ്ങിയ ഫ്ലൈ ഓവര്‍ തകര്‍ന്നുവീണു. മുംബൈ-ഗോവ ഹൈവേയിലെ രത്‌നഗിരി ജില്ലയിലെ ചിപ്ലൂണ്‍ നഗരത്തിലാണ് അപകടം നടന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.


◾തമിഴ്നാട് നാമക്കലില്‍ ഏഴ് നവജാതശിശുക്കളെ വിറ്റ സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അനുരാധയും ബ്രോക്കറും അറസ്റ്റിലായി. നാമക്കല്‍ ജില്ലയിലെ തിരുചെങ്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന പാവപ്പെട്ട അമ്മമാരുടെ പക്കലില്‍ നിന്ന് ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000 രൂപ നിരക്കില്‍ നവജാത ശിശുക്കളെ വാങ്ങി മറ്റുള്ളവര്‍ക്ക് വില്‍ക്കുകയായിരുന്നു ഇവര്‍.


◾രാജ്യത്തെ ഞെട്ടിച്ച നിതാരി കൂട്ടക്കൊലക്കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ട് കോടതി. നോയിഡയിലെ നിതാരയില്‍ സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലെ പ്രതികളായ സുരീന്ദര്‍ കോലി, മൊനീന്ദര്‍ സിംഗ് എന്നിവരെയാണ് അലഹബാദ് കോടതി വെറുതെ വിട്ടത്.


◾ഭൂമിയുടെ വടക്കന്‍ അര്‍ദ്ധഗോളത്തില്‍ 2024 മാര്‍ച്ച് - മെയ് മാസങ്ങളില്‍ സൂപ്പര്‍ എല്‍ നിനോയ്ക്ക്  സാധ്യത പ്രവചിച്ച് അമേരിക്കയിലെ കാലാവസ്ഥാ പ്രവചന കേന്ദ്രം. പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന താപ വ്യതിയാനം ലോകമെമ്പാടുമുള്ള  കാലാവസ്ഥയെ ആഴത്തില്‍ സ്വാധീനിക്കുന്നുമെന്നും ഇത് ഇന്ത്യയില്‍ മഴ കുറയാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


◾ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയാറായിരുന്നുവെന്ന സൂചനയുമായി ഇറാന്‍. ഗാസ മുനമ്പിനെ ഉന്നമിട്ടുള്ള വ്യോമാക്രമണം അവസാനിപ്പിക്കുന്ന പക്ഷം, ഇസ്രയേലില്‍നിന്നു പിടികൂടി ബന്ദികളാക്കിയ 199 പേരെയും വിട്ടയയ്ക്കാന്‍ ഹമാസ് തയാറായിരുന്നുവെന്നാണ് ഇറാന്‍ വെളിപ്പെടുത്തുന്നത്. അതേസമയം, ബന്ദികളെ മോചിപ്പിക്കാന്‍ ഒരുക്കമായിരുന്നെന്ന ഇറാന്റെ വെളിപ്പെടുത്തല്‍ ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോരാട്ടം തുടരാനാണ് ഇസ്രയേലിന്റെ ഭാവമെങ്കില്‍ ഇനിയും ചെറുത്തുനില്‍പ്പു തുടരാന്‍ തയാറാണെന്നാണ് ഹമാസിന്റെ നിലപാടെന്ന സൂചനയും ഇറാന്‍ നല്‍കി.


◾300-ലധികം യാത്രക്കാരുമായി കോംഗോ നദിയില്‍ സഞ്ചരിച്ചിരുന്ന യാത്രാ ബോട്ട് മുങ്ങി 167 പേരെ കാണാതായി. 40 മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ 189 പേരെ രക്ഷപ്പെടുത്തി.


◾ലഖ്‌നൗ സ്റ്റേഡിയത്തിലെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകള്‍ ഓസ്‌ട്രേലിയ - ശ്രീലങ്ക മത്സരത്തിനിടെയുണ്ടായ കനത്ത കാറ്റില്‍ തകര്‍ന്ന് ഗാലറിയില്‍ വീണു. ഗാലറിയില്‍ കാണികള്‍ കുറവായതിനാലും ശബ്ദം കേട്ട ഉടന്‍ തന്നെ ആളുകള്‍ ഓടിമാറിയതിനാലും ആരും പരിക്കില്ലാതെ രക്ഷപ്പെട്ടു.


◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഓസേ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഓപ്പണര്‍മാര്‍ നല്‍കിയ 125 റണ്‍സ് കൂട്ടുകെട്ട് മുതലാക്കാനാകാതെ 209 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 15 ഓവറുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.


◾ഫെഡറല്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 35.54 ശതമാനം വളര്‍ച്ചയോടെ 953.82 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ ലാഭമാണിത്. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 703.71 കോടി രൂപയായിരുന്നു. 854 കോടി രൂപയായിരുന്നു നടപ്പുവര്‍ഷം ഏപ്രില്‍-ജൂണ്‍പാദ ലാഭം. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 1,212.24 കോടി രൂപയില്‍ നിന്ന് 1,324.45 കോടി രൂപയായാണ് ഇക്കുറി സെപ്തംബര്‍ പാദത്തില്‍ പ്രവര്‍ത്തനലാഭം ഉയര്‍ന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ 1,761.83 കോടി രൂപയില്‍ നിന്ന് 2,056.42 കോടി രൂപയിലേക്കാണ് അറ്റ പലിശ വരുമാനം ഉയര്‍ന്നത്: 16.72 ശതമാനമാണ് വളര്‍ച്ച. അറ്റ പലിശ മാര്‍ജിന്‍ പാദാടിസ്ഥാനത്തില്‍ 3.15 ശതമാനത്തില്‍ നിന്ന് 3.16 ശതമാനമായി ഉയര്‍ന്നെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 3.30 ശതമാനത്തില്‍ നിന്ന് കുറഞ്ഞു. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി  2.46 ശതമാനത്തില്‍ നിന്ന് 2.26 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 0.78 ശതമാനത്തില്‍ നിന്ന് 0.64 ശതമാനത്തിലേക്കും വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞപാദത്തില്‍ 21.49 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 4.25 ലക്ഷം കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 4 ലക്ഷം കോടി രൂപ കവിയുന്ന കേരളം ആസ്ഥാനമായ ആദ്യ ബാങ്കെന്ന നേട്ടം ജൂണ്‍പാദത്തില്‍ ബാങ്ക് സ്വന്തമാക്കിയിരുന്നു. 2022-23 സെപ്റ്റംബര്‍പാദത്തില്‍ മൊത്തം ബിസിനസ് 3.50 ലക്ഷം കോടി രൂപയായിരുന്നു. മൊത്തം നിക്ഷേപം 1.89 ലക്ഷം കോടി രൂപയില്‍ നിന്ന് 2.32 ലക്ഷം കോടി രൂപയിലേക്കും വായ്പകള്‍ 1.61 ലക്ഷം കോടി രൂപയില്‍ നിന്ന് 1.92 ലക്ഷം കോടി രൂപയിലേക്കുമാണ് വര്‍ധിച്ചത്. റീട്ടെയില്‍ വായ്പ 18 ശതമാനം, കാര്‍ഷിക വായ്പ 24 ശതമാനം എന്നിങ്ങനെ വളര്‍ന്നു. സ്വര്‍ണപ്പണയ വായ്പകളില്‍ 17 ശതമാനവും പേഴ്‌സണല്‍ വായ്പകളില്‍ 76 ശതമാനവും വളര്‍ച്ചയുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വിഭാഗം രേഖപ്പെടുത്തിയ വളര്‍ച്ച 182 ശതമാനമാണ്.

1111111111111

◾പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് പോസ്റ്റര്‍ പുറത്തിറക്കി 'സലാറിന്റെ' അണിയറ പ്രവര്‍ത്തകര്‍. ഹാപ്പി ബര്‍ത്ത് ഡേ വരദരാജ മന്നാര്‍ എന്ന് പറഞ്ഞു ആണ് പോസ്റ്റര്‍ പുറത്തിറക്കിയത്. കെജിഎഫ് കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്ടൂര്‍ നിര്‍മ്മിച്ചു പ്രഭാസ് നായകനായി എത്തുന്ന 'സലാര്‍' സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീല്‍ ആണ്. ചിത്രം ഡിസംബര്‍ 22 ന് ലോകമെമ്പാടും ഉള്ള തീയ്യേറ്ററുകിളില്‍ പ്രദര്‍ശനത്തിന് എത്തും. കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീല്‍ സംവിധായകന്‍ ആകുന്ന, സലാറില്‍ പ്രഭാസും പൃഥ്വിരാജ് കൂടി ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷത കൂടി ഉണ്ട്. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സലാറില്‍ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ശ്രുതി ഹാസന്‍ ആണ് ചിത്രത്തില്‍ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍.


◾രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസിയിലെ പുതിയ ചിത്രം 'സിങ്കം എഗെയ്‌നി'ല്‍ നായികയായി ദീപിക പാദുകോണ്‍ എത്തുന്നു. ഇതിന്റെ ആദ്യ ലുക്ക് പുറത്തുവിട്ടു. സിങ്കം ഫ്രാഞ്ചെസിയിലെ പ്രധാന നടനായ അജയ് ദേവഗണ്‍ ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ബോളിവുഡിലെ ഏറ്റവും പണം വാരി ഫ്രാഞ്ചെസികളില്‍ ഒന്നാണ് രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസി. പൊലീസ് കഥകള്‍ക്ക് എന്നും ആരാധകരുള്ള ബോളിവുഡില്‍ 2011 ല്‍ ആരംഭിച്ച സിങ്കം പരമ്പരയില്‍ നാല് ചിത്രങ്ങളാണ് ഇതുവരെ വന്നത് നാലും വലിയ വിജയങ്ങളായിരുന്നു. ഇതുവരെ അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍ എന്നിവര്‍ സിങ്കം സീരിസില്‍ അണിനിരന്നിട്ടുണ്ട്. ഇതിന്റെ സ്പിന്‍ ഓഫായി ഒരു വെബ് സീരിസും രോഹിത്ത് ഷെട്ടി ചെയ്യുന്നുണ്ട്. നേരത്തെ സിങ്കം പരമ്പരയില്‍ ലേഡി കോപ് കഥാപാത്രം ഉണ്ടായിരുന്നില്ല. ആ കുറവാണ് ദീപികയുടെ വരവോടെ അവസാനിക്കുന്നത്. സിങ്കം 2011 ലാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് സിങ്കം റിട്ടേണ്‍സ് 2014ല്‍ പുറത്തിറങ്ങി. ഫ്രാഞ്ചൈസിയില്‍ രണ്‍വീര്‍ സിങ്ങിനെ അവതരിപ്പിച്ചുകൊണ്ട് 2018-ല്‍ പുറത്തിറങ്ങിയ സിംബ വന്‍ ഹിറ്റായിരുന്നു. 2021-ല്‍ സൂര്യവംശി പുറത്തിറങ്ങി അക്ഷയ് കുമാര്‍ കോപ്പ് യൂണിവേഴ്സില്‍ എത്തിയത് ഈ ചിത്രത്തോടെയാണ്.


◾ലെക്‌സസ് എസ്യുവി സ്വന്തമാക്കി നടന്‍ ബാല. ലെക്സസിന്റെ എന്‍എക്സ് 300 എച്ച് എന്ന ആഡംബര എസ്യുവിയാണ് ബാലയുടെ ഏറ്റവും പുതിയ വാഹനം. വാഹനം പൂജിക്കാനായി അമ്പലത്തില്‍ എത്തിയ ബാലയുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വാട്ട് എ ബീസ്റ്റ് എന്ന് അടിക്കുറിപ്പോടെ ബാല പുതിയ വാഹനത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്. എന്‍എക്സ് 300 എച്ചിന്റെ 2018 മോഡലാണ് ബാലയുടെ പുതിയ വാഹനം. ഏകദേശം 63.20 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 2.5 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 194 ബിഎച്ച്പി കരുത്തും 210 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 9.2 സെക്കന്‍ഡ് മാത്രം മതി ഈ കരുത്തന്.


◾കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തണുത്ത രാത്രിയില്‍ മറ്റൊരു ലോകത്തുനിന്നും എന്നിലേക്ക് വന്നുചേര്‍ന്ന ഒരു കഥയാണ് ഇത്. എന്നിലേക്ക് ഈ കഥ എത്തിച്ച വ്യക്തിയോട് ഈ പുസ്തകത്തിന്റെ അന്തസ്സത്ത എഴുതുവാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ഭയപ്പാടോടെ വിസമ്മതിച്ചു. എങ്കിലും എന്റെ നിര്‍ബന്ധത്തില്‍ വഴങ്ങി, ഞാന്‍ നല്‍കിയ കരുത്തില്‍ അയാള്‍ എനിക്കത് എഴുതി അയച്ചു. 'നമ്മുടെ പ്രപഞ്ചങ്ങള്‍ക്കിടയിലൂടെയുള്ള ഈ പുസ്തകത്തിന്റെ യാത്ര കഠിനമെങ്കിലും പൂര്‍ത്തിയായതുകൊണ്ട് മാത്രം ഞാന്‍ എഴുതുന്നു. ഇങ്ങനെയൊരു പ്രവര്‍ത്തി എന്റെ പ്രപഞ്ചത്തില്‍ അസാധ്യവും ആത്മഹത്യാപരവുമാണ്. പുറംചട്ടയ്ക്ക് പിന്നിലെ ചില വരികളില്‍നിന്നും ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ മനസ്സിലാക്കുവാന്‍ നീ ശ്രമിക്കുന്നുവെങ്കില്‍ നീ ക്ഷമിക്കുക. എനിക്ക് നിന്നോട് അത് ഇവിടെ പറഞ്ഞുതരാനാവില്ല, അങ്ങനെ അത്ര നിഷ്പ്രയാസം അത് കഴിയുമായിരുന്നെങ്കില്‍ ഈ പുസ്തകം ജനിക്കുകപോലുമില്ലായിയുന്നു. ജനിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു. എങ്കിലും ഞാന്‍ ഇത്രമാത്രം പറയാം, എന്റെ ലോകത്ത് നിന്നും നിന്റെ ലോകത്തേക്ക് ഞാന്‍ നടത്തിയ യാത്രയുടെ ദൈര്‍ഘ്യം കണക്കുകൂട്ടിയിരുന്നതിലും ഒരുപാട് കുറവായിരുന്നു. ആലാപ് എസ്സ്. പ്രതാപ്. 'ദി കൗണ്‍സില്‍ ഡയറി'. ഗ്രീന്‍ ബുക്സ്. വില 340 രൂപ.


◾മുതിര പോഷകഗുണങ്ങളാല്‍ സമ്പന്നമായ ധാന്യമാണ്. പ്രോട്ടീനും അമിനോ ആസിഡും അന്നജവും ധാരാളം അടങ്ങിയ മുതിരയില്‍ അയണ്‍ മോളിബ്ഡിനം, കാല്‍സ്യം എന്നിവയും ഉണ്ട്. ഭക്ഷ്യനാരുകളാല്‍ സമ്പന്നമായ മുതിര, ദഹനത്തിനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കും. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാനും ശരീരഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ മുതിര തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ചെയ്യും. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. മുതിരയില്‍ പോളിഫിനോളുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പിനെ കത്തിച്ചു കളയാന്‍ സഹായിക്കുകയും ഉപാപചയ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് മുതിര. മുതിര ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ധാന്യമാണ്. മുതിരയിലെ നാരുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നു. അത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ മുതിരയിലടങ്ങിയ മഗ്നീഷ്യം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ഹൈപ്പര്‍ െടന്‍ഷനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുതിരയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ രക്തക്കുഴലുകളിലെ ഓക്സീകരണ നാശം തടഞ്ഞ് ഹൃദയത്തെ സംരക്ഷിക്കുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.